India
hathras bhole baba
India

‘ചടങ്ങിനിടെ ചിലർ വിഷം പ്രയോഗിച്ചു’; ഹാഥ്റസ് ദുരന്തം ആസൂത്രിതമെന്ന് ഭോലെ ബാബയുടെ അഭിഭാഷകൻ

Web Desk
|
7 July 2024 12:38 PM GMT

‘15-16 പേരാണ് ഗൂഢാലോചനയിൽ ഉൾപ്പെട്ടിട്ടുള്ളത്’

ലഖ്നൗ: ഹാഥ്റസിൽ തിക്കിലും തിരക്കിലുംപെട്ട് 121 പേർ മരിച്ച സംഭവം ആസൂത്രിതമെന്ന വാദവുമായി ആൾദൈവം ഭോലെ ബാബയുടെ അഭിഭാഷകൻ എ.പി. സിങ്. മതചടങ്ങിനിടെ 10-12 പേർ വരുന്ന സംഘം ചടങ്ങിനിടെ വിഷം തളിച്ചതാണ് ദുരന്തത്തിന് കാരണമായതെന്ന് അഭിഭാഷകൻ പറഞ്ഞു.

തിക്കും തിരക്കുമുണ്ടാക്കിയശേഷം സംഘം രക്ഷപ്പെട്ടു. ചില അജ്ഞാത വാഹനങ്ങൾ സംഭവസ്ഥലത്ത് ഉണ്ടായിരുന്നു. 15-16 പേരാണ് ഗൂഢാലോചനയിൽ ഉൾപ്പെട്ടിട്ടുള്ളത്. സ്ത്രീകൾ കുഴഞ്ഞുവീഴുകയായിരുന്നു​വെന്നും ശ്വാസം കിട്ടാതെയാണ് പലരും മരിച്ചതെന്നുമാണ് ദൃക്സാക്ഷികൾ പറയുന്നത്. പ്രത്യേക അന്വേഷണ സംഘവും ഹാഥ്റസ് എസ്.പിയും ​കേസ് അന്വേഷിക്കുന്നുണ്ട്. സി.സി.ടി.വി ദൃശ്യങ്ങൾ കണ്ടെടുക്കേണ്ടതുണ്ട്. എന്നാൽ മാ​ത്രമേ അജ്ഞാത വാഹനങ്ങൾ സംബന്ധിച്ച് വിവരം ലഭിക്കുകയുള്ളൂവെന്നും എ.പി. സിങ് പറഞ്ഞതായി പി.ടി.ഐ റിപ്പോർട്ട് ചെയ്യുന്നു.

ആൾദൈവം ഭോലെ ബാബയെ ഇതുവരെയും പൊലീസ് പിടികൂടിയിട്ടില്ല. കേസിൽ ഇയാളെ പ്രതിചേർത്തിട്ടി​ല്ലെന്നാണ് വിവരം. സത്സംഗം പരിപാടിയുടെ മുഖ്യസംഘാടകനായിരുന്ന ദേവപ്രകാശ് മധുക്കറിനെ കഴിഞ്ഞദിവസം യു.പി പൊലീസ് ഡൽഹിയിൽനിന്നും അറസ്റ്റ് ചെയ്തിരുന്നു. 80,000 പേരെ പങ്കെടുപ്പിക്കേണ്ട പരിപാടിയിൽ രണ്ടേകാൽ ലക്ഷം ജനങ്ങളെ പങ്കെടുപ്പിച്ചുവെന്നാണ് മധുക്കറിനെതിരെ എഫ്.ഐ.ആറിൽ പറയുന്നത്. ഇതുവരെ കേസിൽ അറസ്റ്റിലായവരുടെ എണ്ണം ഒമ്പതായിട്ടുണ്ട്.

ആൾദൈവം സുരാജ് പാല്‍ എന്ന ഭോലെ ബാബ ഇപ്പോഴും ഒളിവിലാണ്. അപകടത്തിന് പിന്നിൽ സാമൂഹിക വിരുദ്ധരാണെന്നും താൻ വേദിവിട്ട ശേഷമാണ് അപകടം ഉണ്ടായതെന്നുമാണ് ബാബയുടെ വിശദീകരണം.

Summary : Bhole Baba's lawyer says Hathras stampede was planned

Similar Posts