India
പുലർച്ചെയുള്ള ബാങ്ക് വിളി ഉറക്കംകെടുത്തുന്നു, രക്തസമ്മർദം കൂട്ടുന്നു-പ്രഗ്യാസിങ് ഠാക്കൂർ
India

പുലർച്ചെയുള്ള ബാങ്ക് വിളി ഉറക്കംകെടുത്തുന്നു, രക്തസമ്മർദം കൂട്ടുന്നു-പ്രഗ്യാസിങ് ഠാക്കൂർ

Web Desk
|
11 Nov 2021 2:05 PM GMT

പുലർച്ചെയുള്ള ബാങ്ക് വിളി രോഗികളുടെ ഉറക്കം കെടുത്തുന്നു. ഇതുമൂലം നിരവധി പ്രശ്‌നങ്ങളുണ്ടാകുന്നുണ്ടെന്നും പ്രഗ്യാസിങ് പറഞ്ഞു.

പുലർച്ചെയുള്ള ബാങ്ക് വിളിക്കെതിരെ വിമർശനവുമായി മലേഗാവ് സ്‌ഫോടനക്കേസ് പ്രതിയും ബിജെപി എംപിയുമായ പ്രഗ്യാസിങ് ഠാക്കൂർ. പുലർച്ചെ ലൗഡ് സ്പീക്കറിലൂടെയുള്ള ശബ്ദം ജനങ്ങളുടെ ഉറക്കവും സന്ന്യാസിമാരുടെ സാധനയും തടസ്സപ്പെടുത്തുന്നുവെന്ന് പ്രഗ്യാസിങ് പറഞ്ഞു.

''ജനങ്ങൾ ബലം പ്രയോഗിച്ച് ലൗഡ് സ്പീക്കർ ഉപയോഗിക്കുകയാണ്, പക്ഷെ അവർ മറ്റു മതസ്ഥരുടെ പ്രാർത്ഥനയെക്കുറിച്ച് ചിന്തിക്കുന്നില്ല. പുലർച്ചെ അഞ്ചുമണി മുതൽ എല്ലാവരുടെയും ഉറക്കം നഷ്ടപ്പെടുകയാണ്. രോഗികളുടെ രക്തസമ്മർദം ഉയരുന്നു, നിരവധി പ്രശ്‌നങ്ങളാണ് ഇവർക്കുണ്ടാവുന്നത്''-പ്രഗ്യാസിങ് പറഞ്ഞു.

''പുലർച്ചെ മൈക്കിലൂടെയുള്ള ശബ്ദം ഹൈന്ദവ സന്ന്യാസിമാരുടെ സാധനയെ തടസ്സപ്പെടുത്തുന്നുവെന്നും അവർ പറഞ്ഞു. പുലർച്ചെ നാലുമണിക്കാണ് സന്ന്യാസിമാർ സാധന ആരംഭിക്കുന്നത്. അത് ബ്രഹ്‌മ മുഹൂർത്തമാണ്. ഞങ്ങളുടെ ആദ്യ ആരതിക്കുള്ള സമയവും അതാണ്. എന്നാൽ അതിനെക്കുറിച്ച് ആരും ആശങ്കപ്പെടുന്നില്ല. നമ്മൾ ലൗഡ് സ്പീക്കർ ഉപയോഗിക്കുകയാണെങ്കിൽ അവർ പ്രശ്‌നമുണ്ടാക്കും. മറ്റു മതക്കാരുടെ പ്രാർത്ഥനകൾ കേൾക്കുന്നത് ഇസ്‌ലാമിൽ അനുവദനീയമല്ല''-പ്രഗ്യാസിങ് ആരോപിച്ചു.

പ്രഗ്യാസിങ്ങിന്റെ പ്രസ്താവനക്കെതിരെ രൂക്ഷ വിമർശനവുമായി കോൺഗ്രസ് വക്താവ് നരേന്ദ്ര സലൂജ രംഗത്തെത്തി. പൂജയെക്കുറിച്ചും ബാങ്കിനെക്കുറിച്ചും തർക്കിക്കേണ്ട സമയമല്ലിത്. ഭോപാൽ എം.പിയെന്ന നിലയിൽ ഹമീദിയ ആശുപത്രിയിൽ മരിച്ച നവജാത ശിശുക്കളുടെ രക്ഷിതാക്കളെ ആശ്വസിപ്പിക്കാൻ പ്രഗ്യാസിങ് സമയം കണ്ടെത്തണമെന്നും നരേന്ദ്ര സലൂജ പറഞ്ഞു.


Related Tags :
Similar Posts