ഗ്വാളിയോറില്‍ പശുവിനെ ഇടിച്ച് വന്ദേഭാരതിന്‍റെ മുന്‍ഭാഗം തകര്‍ന്നു
|ഗ്വാളിയോർ ജില്ലയിലെ ദബ്രയിലേക്ക് പോകുകയായിരുന്നു ട്രെയിന്‍
ഗ്വാളിയോര്‍: വന്ദേഭാരത് ട്രെയിനില്‍ വീണ്ടും പശു ഇടിച്ചു. വ്യാഴാഴ്ച വൈകിട്ട് മധ്യപ്രദേശിലെ ഗ്വാളിയോർ സ്റ്റേഷന് സമീപം പശുവിനെ ഇടിച്ച് ട്രെയിനിന്‍റെ മുൻഭാഗത്തിന് കേടുപാടുകൾ സംഭവിച്ചതായി റെയിൽവെ ഉദ്യോഗസ്ഥർ പറഞ്ഞു.
വൈകിട്ട് 6.15 ഓടെ റാണി കമലാപതിയിലേക്ക് പോകുന്ന ട്രെയിൻ (നമ്പർ 20172) പശുവിനെ ഇടിക്കുകയും ഏകദേശം 15 മിനിറ്റോളം സ്ഥലത്ത് നിർത്തിയതായും ഉദ്യോഗസ്ഥർ അറിയിച്ചു.ഗ്വാളിയോർ ജില്ലയിലെ ദബ്രയിലേക്ക് പോകുകയായിരുന്നു ട്രെയിന്‍. റെയിൽപാളത്തിൽ പശു പെട്ടെന്ന് കയറിയതാണ് അപകടത്തിനു കാരണമായത്. അറ്റകുറ്റപ്പണികള്‍ക്ക് ശേഷം ട്രെയിന്‍ യാത്ര പുനരാരംഭിക്കുകയും ചെയ്തു. റാണി കമലാപതിക്കും (ഭോപ്പാൽ) ഹസ്രത്ത് നിസാമുദ്ദീനും (ഡൽഹി) ഇടയിലുള്ള സെമി ഹൈസ്പീഡ് ട്രെയിൻ ഏപ്രിൽ ഒന്നിനാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ഫ്ലാഗ് ഓഫ് ചെയ്തത്.
നേരത്തെയും വന്ദേഭാരതില്‍ പശുവിടിച്ച് അപകടമുണ്ടായിട്ടുണ്ട്. ഈ മാസം 21ന് വന്ദേഭാരത് ഇടിച്ചുതെറിപ്പിച്ച പശു ദേഹത്ത് വീണ് ട്രാക്കില്‍ മുന്‍ റെയില്‍വെ ജീവനക്കാരന്‍ മരിച്ചിരുന്നു. കന്നുകാലികള്‍ വന്ദേഭാരതില്‍ ഇടിച്ച സംഭവങ്ങള്‍ ഏറ്റവും കൂടുതൽ റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കുന്നത് മുംബൈ-ഗുജറാത്ത് സ്‌ട്രെച്ചിൽ നിന്നാണ്.മണിക്കൂറിൽ 130-160 കിലോമീറ്റർ വേഗതയിൽ ഓടുന്ന സെമി-ഹൈ-സ്പീഡ് ട്രയിനുകളാണ് വന്ദേഭാരത്. അതേസമയം, പാളത്തിലേക്ക് മൃഗങ്ങൾ കയറുന്നത് തടയുന്നതിനും അപകടങ്ങൾ ഒഴിവാക്കാനുമായി 620 കിലോമീറ്ററിലധികം ദൈർഘ്യമുള്ള മുംബൈ-അഹമ്മദാബാദ് ട്രങ്ക് റൂട്ടിൽ മെറ്റൽ ഫെൻസിങ് സ്ഥാപിക്കാൻ പശ്ചിമ റെയിൽവേ തീരുമാനിച്ചിട്ടുണ്ട്.