സുഹൃത്തിന്റെ നായയെ രക്ഷിക്കാൻ റിസർവോയറിൽ ചാടി, യുവാവ് മുങ്ങി മരിച്ചു; നായ നീന്തി രക്ഷപ്പെട്ടു
|ബിടെക് ബിരുദധാരിയായ സരൾ നിഗം യു.പി.എസ്.സി പ്രവേശന പരീക്ഷയ്ക്ക് തയ്യാറെടുക്കുകയായിരുന്നു
ഭോപ്പാൽ: സുഹൃത്തിന്റെ നായയെ രക്ഷിക്കാൻ അണക്കെട്ടിന്റെ റിസർവോയറിൽ ചാടിയ യുവാവിന് ദാരുണാന്ത്യം. ഭോപ്പാലിലാണ് അപകടം നടന്നത്. 23 കാരനായ സരൾ നിഗമാണ് മരിച്ചത്. അതേസമയം, വെള്ളത്തിൽ വീണ നായ നീന്തി രക്ഷപ്പെട്ടു. ഭോപ്പാല്‍ മൗലാന ആസാദ് നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിൽ ബിടെക് ബിരുദം നേടിയ സരൾ നിഗം യു.പി.എസ്.സി പ്രവേശന പരീക്ഷയ്ക്ക് തയ്യാറെടുക്കുകയാണ്.
ഭോപ്പാൽ നഗരത്തിന് 10 കിലോമീറ്റർ അകലെയാണ് കെർവ ഡാം. ഇവിടേക്ക് രാവിലെ 7.30 ഓടെ രണ്ട് പെണ്‍ സുഹൃത്തുക്കളോടൊപ്പം നടക്കാൻ പോയതായിരുന്നു സരൾ. അവരിലൊരാളുടെ നായ കെർവ അണക്കെട്ടിലെ റിസർവോയറിൽ വീഴുകയായിരുന്നെന്ന് ടൈംസ് നൗ റിപ്പോര്‍ട്ട് ചെയ്യുന്നു. മൂവരും കൂടെ നായയെ രക്ഷിക്കാനായി വെള്ളത്തിലിറങ്ങി.എന്നാല്‍ സരള്‍ കാല്‍വഴുതി വെള്ളത്തിലേക്ക് വീഴുകയായിരുന്നു. നായ നീന്തി രക്ഷപ്പെട്ടെങ്കിലും സരൾ മുങ്ങിപ്പോകുകയായിരുന്നെന്ന് പൊലീസ് പറയുന്നു.
സരൾ മുങ്ങുന്നത് കണ്ട് കൂടെയുണ്ടായിരുന്നു പെൺകുട്ടികൾ സഹായത്തിനായി നിലവിളിച്ചു.ഇത് കേട്ട് ക്യാമ്പിലെ വാച്ച്മാൻ ഓടിയെത്തി തെരഞ്ഞെങ്കിലും കണ്ടെത്താനായില്ല.തുടര്‍ന്ന് റാത്തിബാദ് പൊലീസിൽ അറിയിച്ചു. മുങ്ങൽ വിദഗ്ധരും എസ്ഡിഇആർഎഫും പൊലീസും സ്ഥലത്തെത്തിയെങ്കിലും സരളിനെ കണ്ടെത്താനായില്ല.. ഒരു മണിക്കൂർ തിരച്ചിലിനൊടുവിലാണ് മൃതദേഹം കണ്ടെത്തിയത്. സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. അതേസമയം,സരളിന് നീന്താനറിയുമെന്ന് മാതാപിതാക്കൾ പറഞ്ഞതായും റിപ്പോർട്ടുകളുണ്ട്. മാതാപിതാക്കളുടെ ഏകമകനാണ് സരൾ.