India
Supreme Court

സുപ്രീംകോടതി

India

ഭോപ്പാൽ വിഷവാതക ദുരന്തം; നഷ്ടപരിഹാരം വർധിപ്പിക്കാനാകില്ല, കുറവ് പരിഹരിക്കേണ്ടത് കേന്ദ്രത്തിന്‍റെ ഉത്തരവാദിത്തം: സുപ്രീംകോടതി

Web Desk
|
14 March 2023 8:03 AM GMT

ഭോപ്പാൽ ദുരന്ത ബാധിതർക്ക് ഇൻഷുറൻസ് പോളിസി എടുക്കാത്തത് കേന്ദ്ര സർക്കാരിന്‍റെ വീഴ്ചയാണ് എന്നും കോടതി വിമർശിച്ചു

ഡല്‍ഹി: ഭോപ്പാൽ വാതക ദുരന്തത്തിലെ നഷ്ടപരിഹാര തുക വർധിപ്പിക്കണമെന്ന് ആവശ്യപ്പെട്ടുളള കേന്ദ്രത്തിന്‍റെ തിരുത്തൽ ഹരജി സുപ്രീം കോടതി തളളി. അഞ്ചംഗ ഭരണഘടനാ ബെഞ്ചാണ് ഹരജി തള്ളിയത്. ഭോപ്പാൽ ദുരന്ത ബാധിതർക്ക് ഇൻഷുറൻസ് പോളിസി എടുക്കാത്തത് കേന്ദ്ര സർക്കാരിന്‍റെ വീഴ്ചയാണ് എന്നും കോടതി വിമർശിച്ചു.

ദുരന്തത്തിന് കാരണമായ യൂണിയൻ കാർബൈഡ് കോർപ്പറേഷൻ കമ്പനിയുടെ പിൻഗാമിയായ ഡൗ കെമിക്കൽസിനെ എതിർകക്ഷിയാക്കിയാണ് കേന്ദ്ര സർക്കാർ 2010ൽ തിരുത്തൽ ഹരജി നൽകിയത്. 3000-ലധികം പേരുടെ ജീവനെടുത്ത ദുരന്തത്തിലെ ഇരകൾക്ക് കൂടുതൽ നഷ്ടപരിഹാരം നൽകുന്നതിന് 7,844 കോടി രൂപ അധികമായി നൽകാൻ കമ്പനിയോട് നിർദേശിക്കണമെന്നാണ് ഹരജിയിലെ ആവശ്യം. 1989ലെ വിധി പ്രകാരം 715 കോടി രൂപയാണ് നഷ്ടപരിഹാരമായി കമ്പനി അനുവദിച്ചത്.

എന്നാൽ ദുരന്തം നടന്നു രണ്ട് പതിറ്റാണ്ടിന് ശേഷം നഷ്ടപരിഹാര തുക കൂട്ടി നൽകാൻ ആവശ്യപ്പെട്ട കേന്ദ്ര സർക്കാരിന് യുക്തി സഹമായ ഒരു വാദം അവതരിപ്പിക്കാൻ ഇല്ലെന്ന് കോടതി വിമർശിച്ചു. നഷ്ടപരിഹാരത്തിലെ കുറവ് നികത്താൻ കേന്ദ്ര സർക്കാരിനാണ് ഉത്തരവാദിത്തമെന്ന് ഓർമിപ്പിച്ച കോടതി ഇതിനായി റിസർവ് ബാങ്കിൽ കരുതി വെച്ച തുകയിൽ നിന്ന് 50 കോടി രൂപ ഉപയോഗിക്കാനും ഹരജി തള്ളിക്കൊണ്ടുള്ള ഉത്തരവിൽ നിർദേശിച്ചു.

Similar Posts