100% പേർക്കും വാക്സിൻ നൽകി; ഇന്ത്യയിലെ ആദ്യ നഗരമായി ഭുവനേശ്വർ
|ജൂലൈ 31നകം ഭുവനേശ്വർ കോർപറേഷനിലെ 18 വയസിനു മുകളിൽ പ്രായമുള്ള മുഴുവൻ പേരുടെയും വാക്സിനേഷൻ പൂർത്തിയാക്കാനായിരുന്നു പദ്ധതി. 30ഓടെത്തന്നെ 9,07,000 പേർക്ക് രണ്ടാം ഡോസ് വാക്സിനും നൽകി അധികൃതര്‍ ആ ലക്ഷ്യം പിന്നിട്ടു
സമ്പൂർണ വാക്സിനേഷൻ പൂർത്തിയാക്കിയ രാജ്യത്തെ ആദ്യ നഗരമായി ഒഡിഷ തലസ്ഥാനം ഭുവന്വേശർ. മുനിസിപ്പൽ കോർപറേഷൻ പരിധിയിൽ വാക്സിനേഷൻ കാംപയിൻ പൂർത്തിയാക്കിയ വിവരം ഭുവനേശ്വർ ദക്ഷിണ-കിഴക്ക് മേഖലാ ഡെപ്യൂട്ടി കമ്മീഷണർ അൻഷുമാൻ രഥ് ആണ് അറിയിച്ചത്.
ജൂലൈ 31നകം കോർപറേഷനിലെ മുഴുവൻ പേരുടെയും വാക്സിനേഷൻ പൂർത്തിയാക്കണമെന്നായിരുന്നു ഭരണകൂടത്തിന്റെ പദ്ധതി. ഇതിനിടയിൽ 18 വയസിനു മുകളിലുള്ള 9,07,000 പേർക്ക് രണ്ടാം ഡോസ് വാക്സിനും നൽകി. ഇതിൽ 31,000 ആരോഗ്യ പ്രവർത്തകരും 33,000 കോവിഡ് മുന്നണിപ്പോരാളികളും ഉൾപ്പെടും.
18നും 45നും ഇടയിൽ പ്രായമുള്ള 5,17,000 പേർക്കും 45നു മുകളിൽ പ്രായമുള്ള 3,20,000 പേർക്കും രണ്ടു ഘട്ടം വാക്സിനും നൽകി. ജൂലൈ 30നകം 18,35,000 ഡോസ് വാക്സിനുകളാണ് ആകെ നൽകിയത്. ഇതോടൊപ്പം ഒരു ലക്ഷത്തോളം വരുന്ന കുടിയേറ്റ തൊഴിലാളികൾക്കും ആദ്യ ഡോസ് വാക്സിൻ നൽകിതായി ഡെപ്യൂട്ടി കമ്മീഷണർ അറിയിച്ചു.
കുത്തിവയ്പ്പ് കാംപയിൻ ത്വരിതഗതിയിലാക്കാനായി നഗരത്തിന്റെ വിവിധ ഭാഗങ്ങളിലായി 55 വാക്സിനേഷൻ കേന്ദ്രങ്ങളും തുറന്നു. ഇതിൽ 30ഉം പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിലും സാമൂഹികകേന്ദ്രങ്ങളിലുമാണ് ആരംഭിച്ചത്.