India
ഭൂപേന്ദ്ര സിങ് പുതിയ യു.പി ബിജെപി അധ്യക്ഷൻ
India

ഭൂപേന്ദ്ര സിങ് പുതിയ യു.പി ബിജെപി അധ്യക്ഷൻ

Web Desk
|
25 Aug 2022 11:05 AM GMT

പാർട്ടിക്കും സർക്കാറിനും ഒരുപോലെ സ്വീകാര്യനായ വ്യക്തിയെന്നതാണ് ഭൂപേന്ദ്ര സിങ്ങിന് നറുക്ക് വീഴാൻ കാരണം. മന്ത്രിയാകുന്നതിന് മുമ്പ് അദ്ദേഹം ദീർഘകാലം ബിജെപി റീജിയണൽ പ്രസിഡന്റായി പ്രവർത്തിച്ചിരുന്നു.

ലഖ്‌നോ: യോഗി ആദിത്യനാഥ് മന്ത്രിസഭയിലെ പഞ്ചായത്തീരാജ് വകുപ്പ് മന്ത്രി ചൗധരി ഭൂപേന്ദ്ര സിങ്ങിനെ പുതിയ യു.പി ബിജെപി അധ്യക്ഷനായി നിയമിച്ചു. പടിഞ്ഞാറൻ യുപിയിലെ ജാട്ട് നേതാവാണ് ഭൂപേന്ദ്ര സിങ്. മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെയും ഭൂപേന്ദ്ര സിങ്ങിനെയും ചർച്ചകൾക്കായി ബിജെപി കേന്ദ്ര നേതൃത്വം ഡൽഹിയിലേക്ക് വിളിപ്പിച്ചിരുന്നു. ഇതിന് പിന്നാലെയാണ് സിങ്ങിനെ പുതിയ അധ്യക്ഷനായി പ്രഖ്യാപിച്ചത്.

പടിഞ്ഞാറൻ യു.പിയിലെ 25 സീറ്റുകളിൽ ജാട്ടുകൾക്ക് നിർണായക സ്വാധീനമുണ്ട്. 2024 ലോക്‌സഭാ തെരഞ്ഞെടുപ്പ് മുന്നിൽക്കണ്ടാണ് ജാട്ട് പ്രതിനിധിയായ ഭൂപേന്ദ്ര സിങ്ങിനെ പാർട്ടി അധ്യക്ഷനായി നിയമിച്ചതെന്നാണ് ബിജെപി വൃത്തങ്ങൾ നൽകുന്ന സൂചന.

പാർട്ടിക്കും സർക്കാറിനും ഒരുപോലെ സ്വീകാര്യനായ വ്യക്തിയെന്നതാണ് ഭൂപേന്ദ്ര സിങ്ങിന് നറുക്ക് വീഴാൻ കാരണം. മന്ത്രിയാകുന്നതിന് മുമ്പ് അദ്ദേഹം ദീർഘകാലം ബിജെപി റീജിയണൽ പ്രസിഡന്റായി പ്രവർത്തിച്ചിരുന്നു. 1999ൽ സമാജ്‌വാദി പാർട്ടി അധ്യക്ഷൻ മുലായം സിങ് യാദവിനെതിരെ മത്സരിച്ചാണ് തെരഞ്ഞെടുപ്പ് രംഗത്തിറങ്ങിയത്. 2016 ജൂൺ 10ന് യു.പി ലെജിസ്ലേറ്റീവ് കൗൺസിൽ അംഗമായി തിരഞ്ഞെടുക്കപ്പെട്ടു.

ശക്തമായ കർഷക പ്രക്ഷോഭങ്ങൾക്കിടയിലും നിയമസഭാ തെരഞ്ഞെടുപ്പിൽ പടിഞ്ഞാറൻ യു.പിയിൽ ബിജെപി നേടിയ മികച്ച വിജയം ഭൂപേന്ദ്ര സിങ്ങിന്റെ സ്വാധീനം തെളിയിക്കുന്നതായിരുന്നു. 1966ൽ മൊറാദാബാദിലെ കർഷക കുടുംബത്തിലാണ് ഭൂപേന്ദ്ര സിങ് ജനിച്ചത്. വിശ്വഹിന്ദു പരിഷത്തിലൂടെയാണ് അദ്ദേഹം പൊതുപ്രവർത്തനരംഗത്തിറങ്ങിയത്. 1991ൽ ബിജെപിയിൽ ചേർന്നു. 1993ൽ ബിജെപി ജില്ലാ എക്‌സിക്യൂട്ടീവ് അംഗമായി. 2012ലാണ് അദ്ദേഹം ബിജെപിയുടെ റീജിയണൽ അധ്യക്ഷനായി ചുമതലയേറ്റത്.

Similar Posts