വാരണാസിയില്‍ മോദിയുടെ ഭൂരിപക്ഷത്തില്‍ വന്‍ ഇടിവ്
|അഞ്ച് ലക്ഷം വോട്ടിന്‍റെ റെക്കോര്‍ഡ് ഭൂരിപക്ഷം സ്വപ്നം കണ്ട മോദി കനത്ത തിരിച്ചടിയാണ് നേരിട്ടത്
രാജ്യത്താകെ അലയടിച്ച 'ഇന്‍ഡ്യാ' തരംഗത്തിൽ കുലുങ്ങി പ്രധാനമന്ത്രി നരേന്ദ്ര മോദിയും. വാരണാസിയിൽ മോദിയുടെ ഭൂരിപക്ഷത്തിൽ വൻ ഇടിവാണ് സംഭവിച്ചത്. 2014 ല്‍ അരവിന്ദ് കെജ്രിവാളിനെ മൂന്നര ലക്ഷം വോട്ടുകള്‍ക്കും 2019 ല്‍ സമാജ്വാദി പാര്‍ട്ടിയുടെ ശാലിനി യാദവിനെ 4,79,000 വോട്ടുകള്‍ക്കുമാണ് മോദി പരാജയപ്പെടുത്തിയത്. ഇക്കുറി അത് അഞ്ച് ലക്ഷമായി ഉയര്‍ത്താമെന്ന പ്രധാനമന്ത്രിയുടെ മോഹങ്ങള്‍ക്ക് കനത്ത തിരിച്ചടിയാണ് നേരിട്ടത്. മണ്ഡലത്തില്‍ മോദിയുടെ ഭൂരിപക്ഷം ഇക്കുറി ഒന്നര ലക്ഷമായി കുറഞ്ഞു.
വോട്ടെണ്ണലിന്റെ ആദ്യ ഘട്ടത്തിൽ ആറായിരത്തിലേറെ വോട്ടിന് മോദി പിന്നില്‍ പോകുന്ന കാഴ്ചവരെ കണ്ടു. ഏറ്റവുമൊടുവിൽ വിവരം ലഭിക്കുമ്പോൾ 1,51,054 വോട്ടിന്റെ ഭൂരിപക്ഷമാണ് മോദിക്കുള്ളത്. 609735 വോട്ടുകൾ മോദി നേടിയപ്പോൾ രണ്ടാമതുള്ള കോൺഗ്രസിന്‍റെ അജയ് റായ് 4,58,681 വോട്ടുകൾ നേടി.
ഇന്‍ഡ്യാ മുന്നണിയുടെ വലിയ മുന്നേറ്റം കണ്ട തെരഞ്ഞെടുപ്പില്‍ ബി.ജെ.പി യുടെ ചില വന്മരങ്ങളും യു.പിയില്‍ കടപുഴകി. അമേഠി മണ്ഡലത്തില്‍ മുന്‍ കേന്ദ്രമന്ദ്രി സ്മൃതി ഇറാനി ഒരു ലക്ഷത്തിലെറെ വോട്ടുകള്‍ക്കാണ് കോണ്‍ഗ്രസിന്‍റെ കിഷോരി ലാലിനോട് പരാജയപ്പെട്ടത്. ബി.ജെ.പി യുടെ വലിയ പ്രതീക്ഷയായ ഉത്തര്‍പ്രദേശില്‍ അപ്രതീക്ഷിത മുന്നേറ്റമാണ് ഇന്‍ഡ്യാ സഖ്യം നടത്തുന്നത്. സംസ്ഥാനത്തെ 44 സീറ്റുകളിലാണ് ഇന്‍ഡ്യാ സഖ്യം മുന്നിട്ട് നില്‍ക്കുന്നത്. 35 സീറ്റുകളില്‍ ബി.ജെ.പി ലീഡ് ചെയ്യുന്നുണ്ട്.