ബിഹാറില്‍ വീണ്ടും കോണ്‍ഗ്രസിന്റെ സര്‍ജിക്കല്‍ സ്ട്രൈക്ക്;പപ്പു യാദവിനെ പാര്‍ട്ടിയിലെത്തിക്കാന്‍ നീക്കം
|ഈ മാസം 30 ന് ഉപതെരഞ്ഞെടുപ്പ് നടക്കുന്ന ബിഹാറിലെ രണ്ടു മണ്ഡലങ്ങളിലും കോണ്‍ഗ്രസിനെ പിന്തുണയ്ക്കുമെന്നും പപ്പു യാദവ് പ്രഖ്യാപിച്ചു
കനയ്യകുമാറിനെയും ജിഗ്‌നേഷ് മേവാനിയെയും പാര്‍ട്ടിയിലെത്തിച്ചതിന് പിന്നാലെ ജന അധികാര്‍ പാര്‍ട്ടി നേതാവായ പപ്പു യാദവിനെയും കോണ്‍ഗ്രസിലെത്തിക്കാന്‍ നീക്കം. ബിഹാറില്‍ കോണ്‍ഗ്രസിനെ ശക്തിപ്പെടുത്താനുള്ള തെരഞ്ഞെടുപ്പ് തന്ത്രജ്ഞന്‍ പ്രശാന്ത് കിഷോറിന്റെ പദ്ധതിയുടെ ഭാഗമായാണ് കോണ്‍ഗ്രസിന്റെ നീക്കം.
കോണ്‍ഗ്രസിലേക്ക് എത്തുന്നതില്‍ താല്‍പര്യം അറിയിച്ച പപ്പുയാദവ് രാഹുല്‍ ഗാന്ധി ഉള്‍പ്പടെയുള്ള നേതാക്കളുമായി ചര്‍ച്ച നടത്തിയതിന് ശേഷമാകും അന്തിമതീരുമാനം എടുക്കുകയെന്നും അറിയിച്ചിട്ടുണ്ട്. ഈ മാസം 30 ന് ഉപതെരഞ്ഞെടുപ്പ് നടക്കുന്ന ബിഹാറിലെ രണ്ടു മണ്ഡലങ്ങളിലും കോണ്‍ഗ്രസിനെ പിന്തുണയ്ക്കുമെന്നും പപ്പു യാദവ് പ്രഖ്യാപിച്ചു.
പപ്പുയാദവിന്റെ വരവോടെ ബിഹാറില്‍ ആര്‍ജെഡിയുടെ താങ്ങലില്ലാതെ നില്‍ക്കാന്‍ പ്രാപ്തിയുള്ള പാര്‍ട്ടിയാക്കി കോണ്‍ഗ്രസിനെ മാറ്റാനാണ് പ്രശാന്ത് കിഷോറിന്റെ ശ്രമം. ആര്‍ജെഡിയില്‍ നിന്ന് പുറത്തായതിന് ശേഷം 2015 ലായിരുന്നു പപ്പു യാദവ് ജന അധികാര്‍ - ലോക് താന്ത്രിക് പാര്‍ട്ടി രൂപീകരിച്ചത്. എന്നാല്‍ കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടിക്ക് വേണ്ടത്ര മുന്നേറ്റം ഉണ്ടാക്കാന്‍ സാധിച്ചിരുന്നില്ല.