ബിഹാറിൽ മന്ത്രിസഭ വികസനം ഇന്ന്; 35 മന്ത്രിമാർ സത്യപ്രതിജ്ഞ ചെയ്യും
|മഹാഗഡ്ബന്ധൻ സർക്കാരിൽ മുഖ്യമന്ത്രിയായി നിതീഷ് കുമാറും ഉപമുഖ്യമന്ത്രിയായി തേജസ്വി യാദവും മാത്രമാണ് സത്യപ്രതിജ്ഞ ചെയ്തത്
പാറ്റ്ന: ബിഹാറിൽ മന്ത്രിസഭ വികസനം ഇന്ന്. 35 പേർ മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്തേക്കും. ആർ.ജെ.ഡിക്കായിരിക്കും ഏറ്റവും കൂടുതൽ മന്ത്രി സ്ഥാനം ലഭിക്കുക.
മഹാഗഡ്ബന്ധൻ സർക്കാരിൽ മുഖ്യമന്ത്രിയായി നിതീഷ് കുമാറും ഉപമുഖ്യമന്ത്രിയായി തേജസ്വി യാദവും മാത്രമാണ് സത്യപ്രതിജ്ഞ ചെയ്തത്. നിലവില ധാരണ പ്രകാരം സഖ്യത്തിലെ ഏറ്റവും വലിയ കക്ഷിയായ ആർ.ജെ.ഡിക്ക് 18 മന്ത്രിസ്ഥാനം ലഭിക്കും. നിതീഷ് കുമാറിന്റെ ജെ.ഡി.യുവിന് 12 മന്ത്രി സ്ഥാനം നൽകും. കോൺഗ്രസിന് മൂന്ന് മന്ത്രി സ്ഥാനവും സ്പീക്കർ പദവിയും ലഭിക്കും. എച്ച്. എ. എമ്മിന് ഒരു മന്ത്രി ഉണ്ടാകും. സി.പി.ഐ എം.എൽ സർക്കാരിനെ പുറത്ത് നിന്ന് പിന്തുണയ്ക്കും എന്നാണ് വ്യക്തമാക്കുന്നത്. എന്നാൽ മന്ത്രി സഭയിൽ ചേരണമെന്ന് നിതീഷ് കുമാർ ഇവരോട് ആവശ്യപ്പെട്ടിട്ടുണ്ട്.
164 എം.എൽ.എമാരുടെ പിന്തുണ സർക്കാരിനുണ്ട്. മന്ത്രിസഭ വികസന ചർച്ചകൾക്കായി കഴിഞ്ഞ ദിവസം തേജസ്വി യാദവ് ഡൽഹിയിൽ എത്തിയിരുന്നു. കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി, സി.പി.എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി സി.പി.ഐ ജനറൽ സെക്രട്ടറി ഡി. രാജ എന്നിവരുമായി തേജസ്വി കൂടിക്കാഴ്ച നടത്തി. നാളെ നിതീഷ് കുമാർ ആർ.ജെ.ഡി അധ്യക്ഷൻ ലാലു പ്രസാദ് യാദവുമായി കൂടിക്കാഴ്ച നടത്തും.