അപകടത്തിൽ മരിച്ചയാളുടെ മൃതദേഹം പാലത്തിൽ നിന്ന് കനാലിൽ തള്ളി ബിഹാർ പൊലീസ്
|പാലത്തിൽ ചില നാട്ടുകാർ നോക്കിനിൽക്കവെയാണ് പൊലീസ് ക്രൂരത.
പട്ന: അപകടത്തിൽ മരിച്ചയാളുടെ മൃതദേഹം പാലത്തിൽ നിന്ന് കനാലിൽ തള്ളി പൊലീസ്. ബിഹാറിലെ മുസഫർപൂരിലെ ഫാകുലി ഒ.പി ഏരിയയിലാണ് മനുഷ്യത്വരഹിതമായ സംഭവം. ഇവിടുത്തെ ധോധി പാലത്തിൽ നിന്നാണ് മൂന്ന് പൊലീസുകാർ ചേർന്ന് മൃതദേഹം കനാലിലേക്ക് ഇട്ടത്. സംഭവത്തിന്റെ വീഡിയോ സോഷ്യൽമീഡിയയിൽ പ്രചരിക്കുകയും പൊലീസിനെതിരെ വലിയ വിമർശനം ഉയരുകയും ചെയ്തിട്ടുണ്ട്.
വാഹനാപകടത്തിൽ മരിച്ച വ്യക്തിയുടെ രക്തത്തിൽ കുളിച്ച മൃതദേഹം രണ്ട് പൊലീസുകാർ ചേർന്ന് വലിച്ചിഴച്ച് പാലത്തിന്റെ വശത്തേക്ക് കൊണ്ടുവരികയും മൂന്നാമന്റെ സഹായത്തോടെ താഴെയുള്ള കനാലിലേക്ക് ഇടുകയുമായിരുന്നു. മൃതദേഹമൊന്നാകെയാണ് കനാലിലേക്ക് തള്ളുന്നതെന്ന് ദൃശ്യങ്ങളിൽ നിന്ന് വ്യക്തമാണ്. പാലത്തിൽ ചില നാട്ടുകാർ നോക്കിനിൽക്കവെയാണ് പൊലീസ് ക്രൂരത.
സംഭവം വിവാദമായതോടെ കൃത്യത്തെ ന്യായീകരിച്ച് പൊലീസ് രംഗത്തെത്തി. 'പാലത്തിൽ വച്ച് ഒരു വൃദ്ധൻ ട്രക്ക് ഇടിച്ച് മരിക്കുകയായിരുന്നു. മരിച്ചയാളുടെ ചില ശരീരഭാഗങ്ങളും വസ്ത്രങ്ങളും റോഡിൽ നിന്ന് എടുക്കാനാവാത്ത വിധം കിടന്നതിനാൽ പോസ്റ്റ്മോർട്ടത്തിനായി വീണ്ടെടുക്കാനായില്ല. പറ്റുന്ന ഭാഗങ്ങൾ എടുത്ത് പോസ്റ്റ്മോർട്ടത്തിന് അയച്ചു. ബാക്കിയുള്ളവ കനാലിൽ വലിച്ചെറിഞ്ഞു'- ഫാകുലി ഒ.പി പൊലീസ് സ്റ്റേഷൻ ഇൻചാർജ് മോഹൻ കുമാർ പറഞ്ഞു.
സംഭവത്തിൽ മുസഫർപൂർ പൊലീസ് വാർത്താക്കുറിപ്പ് പുറത്തിറക്കുകയും ചെയ്തു.'ഞായറാഴ്ച രാവിലെയാണ് വൃദ്ധൻ അപകടത്തിൽപ്പെട്ട് മരിച്ചത്. സംഭവമറിഞ്ഞ് സ്ഥലത്തെത്തിയ പൊലീസ് മരിച്ചയാളുടെ മൃതദേഹം ശ്രീകൃഷ്ണ മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് പോസ്റ്റ്മോർട്ടത്തിനായി അയച്ചു'- പ്രസ്താവനയിൽ പറയുന്നു.
അതേസമയം, വൈറലായ വീഡിയോയുടെ ആധികാരികത പരിശോധിച്ചുവരികയാണെന്നും ഉത്തരവാദികൾക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും പൊലീസ് അറിയിച്ചു. ഇതിനിടെ, വീഡിയോ വൈറലായതോടെ വലിച്ചെറിഞ്ഞ ഭാഗങ്ങൾ കനാലിൽ നിന്ന് പൊലീസ് വീണ്ടെടുക്കുകയും പോസ്റ്റ്മോർട്ടത്തിന് അയക്കുകയും ചെയ്തു.