ജനാലകൾ അടക്കുന്നതിനെച്ചൊല്ലി തർക്കം; ഹെഡ്മിസ്ട്രസിനെ വിദ്യാർഥികളുടെ മുന്നിലിട്ട് തല്ലി അധ്യാപികമാര്‍
|സ്കൂളിന് മുന്നിലെ വയലിലിട്ടാണ് ചെരിപ്പുകൊണ്ടും വടികൊണ്ടും മര്‍ദിച്ചത്
ബീഹാർ: സ്‌കൂളിലെ ജനാലകൾ അടക്കുന്നതിനെച്ചൊല്ലിയുണ്ടാകാത്ത തകർക്കത്തെത്തുടർന്ന് ഹെഡ്മിസ്ട്രസിനെ അധ്യാപികമാര്‍ വളഞ്ഞിട്ട് തല്ലി. വിദ്യാർഥികളുടെ മുന്നിലായിരുന്നു അധ്യാപകരുടെ കൂട്ടത്തല്ല് നടന്നത്. ബിഹാറിലെ പട്‌നയിലെ കൊറിയ പഞ്ചായത്ത് വിദ്യാലയത്തിലാണ് സംഭവം.
ക്ലാസ് മുറിയിൽ നിന്ന് തുടങ്ങിയ തർക്കം പിന്നീട് സ്‌കൂളിന് പുറത്തുള്ള വയലിൽ വെച്ചാണ് അടിയിലാണ് കലാശിച്ചത്. ക്ലാസ് മുറിയുടെ ജനാലകൾ അടക്കാനായി ഹെഡ്മിസ്ട്രസ് കാന്തി കുമാരി ആവശ്യപ്പെട്ടതാണ് പ്രശ്‌നങ്ങൾക്ക് തുടക്കം. ജനാലകൾ അടക്കില്ലെന്ന് അധ്യാപികയായ അനിത കുമാരി മറുപടി പറഞ്ഞു. ഇതോടെ ഹെഡ്മിസ്ട്രസും അനിത കുമാരിയും തമ്മിൽ വാക്കേറ്റമുണ്ടായി. കാന്തി കുമാരി ക്ലാസ് മുറിയിൽ നിന്ന് ഇറങ്ങാൻ തുടങ്ങുമ്പോൾ അനിത കുമാരി ചെരിപ്പുമായി പിന്നാലെ ഓടി അടിക്കുകയായിരുന്നു. അടി രൂക്ഷമായപ്പോൾ മറ്റൊരു അധ്യാപികയും ഒപ്പം ചേർന്നു. ഇരുവരും ഹെഡ്മിസ്ട്രസിനെ വയലിലിട്ട് മർദിക്കുകയായിരുന്നു. ഇതിന്റെ വീഡിയോ ദൃശ്യങ്ങളും സോഷ്യൽമീഡിയയിൽ പുറത്ത് വന്നു.
രണ്ട് അധ്യാപകരും തമ്മിലുണ്ടായ വ്യക്തിപരമായ തർക്കമാണ് കൂട്ടത്തല്ലിലേക്ക് കലാശിച്ചതെന്ന് ബ്ലോക്ക് വിദ്യാഭ്യാസ ഓഫീസർ നരേഷ് പറഞ്ഞതായി എൻ.ഡി.ടി.വി റിപ്പോർട്ട് ചെയ്തു. ഇക്കാര്യം അധികൃതരെ അറിയിച്ചിട്ടുണ്ടെന്നും തുടർനടപടികൾക്കായി കാത്തിരിക്കുകയാണെന്നും നരേഷ് കൂട്ടിച്ചേർത്തു.