'മോമോസ് ചലഞ്ച്' കൈവിട്ടു; തീറ്റമത്സരത്തിനിടെ യുവാവിന് ദാരുണാന്ത്യം
|ഭക്ഷണത്തിൽ വിഷം കലർത്തി മകനെ കൊന്നതാണെന്ന് മരിച്ച ബിപിന്റെ പിതാവ് ആരോപിച്ചു
പട്‌ന: യുവാവിന്റെ ദാരുണാന്ത്യത്തിൽ കലാശിച്ച് 'മോമോസ് ചലഞ്ച്' തീറ്റമത്സരം. ബിഹാറിലെ ഗോപാൽഗഞ്ചിൽ സുഹൃത്തുക്കൾക്കിടയിൽ തമാശയ്ക്കു നടന്ന തീറ്റമത്സരമാണ് കാര്യമായത്. 25കാരനായ ബിപിൻ കുമാർ പാസ്വാൻ ആണ് മരിച്ചത്.
നഗരത്തിലെ ഒരു മൊബൈൽ റീപയറിങ് ഷോപ്പിൽ ജീവനക്കാരനാണ് ബിപിൻ. കഴിഞ്ഞ വ്യാഴാഴ്ച കടയിലെത്തിയപ്പോഴാണ് സുഹൃത്തുക്കൾ മോമോസ് തീറ്റമത്സരം നടത്തുന്നത്. സുഹൃത്തുക്കൾക്കിടയിൽ ഏറ്റവും കൂടുതൽ ആര് മോമോസ് കഴിക്കുമെന്നായിരുന്നു വെല്ലുവിളി. ബിപിനെയും കൂട്ടത്തിലൊരാൾ ചലഞ്ചിൽ പങ്കാളിയാകാൻ ക്ഷണിച്ചു.
വെല്ലുവിളി സ്വീകരിച്ച് ബിപിൻ അമിതാളവിൽ മോമോസ് അകത്താക്കി. വയറിനു താങ്ങാവുന്നതിനുമപ്പുറം മോമോസ് കഴിച്ചതോടെ യുവാവ് ബോധരഹിതനായി വീണു. ഉടൻതന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഡോക്ടർമാർ മരണം സ്ഥിരീകരിക്കുകയായിരുന്നു.
മകന്റെ മരണത്തിൽ ദുരൂഹത ആരോപിച്ച് കുടുംബം രംഗത്തെത്തിയിട്ടുണ്ട്. സുഹൃത്തുക്കൾ ചേർന്ന് ബിപിനെ കൊന്നതാണെന്ന് പിതാവ് ആരോപിച്ചു. നേരത്തെ, ഗൂഢാലോചന നടത്തിയാണ് തീറ്റമത്സരം സംഘടിപ്പിച്ചത്. ശേഷം, വിഷം കലർത്തി മോമോസ് മകനു നൽകുകയായിരുന്നുവെന്നും അദ്ദേഹം തുടർന്നു.
ബിപിന്റെ മരണത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് ലഭിച്ച ശേഷം തുടർനടപടികൾ സ്വീകരിക്കുമെന്ന് പൊലീസ് അറിയിച്ചു.
Summary: Bihar man dies in momo-eating challenge with friends