അടിച്ചു പൂസായി വിവാഹം മറന്നു, വരനെത്തിയത് പിറ്റേന്ന്- പിന്നീട് സംഭവിച്ചത്
|ഭാഗൽപൂരിലെ സുൽത്താൻഗഞ്ച് ഗ്രാമത്തിലാണ് സംഭവം
പട്‌ന: കല്യാണരാത്രി കഴിച്ച മദ്യത്തിന്റെ ആലസ്യത്തിൽ സ്വന്തം വിവാഹം മറന്ന് വരൻ. ബിഹാർ ഭാഗൽപൂരിലെ സുൽത്താൻഗഞ്ച് ഗ്രാമത്തിലാണ് സംഭവം. കഴിഞ്ഞ തിങ്കളാഴ്ച നടക്കേണ്ട വിവാഹച്ചടങ്ങിനായി വധുവും ബന്ധുക്കളും ഏറെ കാത്തെങ്കിലും വരൻ മാത്രം വന്നില്ല. വരനെ കണ്ടെത്താനായുമില്ല. സംഗതിയെല്ലാം അവസാനിച്ചു എന്ന് കരുതിയിരിക്കുമ്പോഴാണ്, തൊട്ടടുത്ത ദിവസം വരൻ പ്രത്യക്ഷപ്പെട്ടത്. എന്നാല്‍ ചൊവ്വാഴ്ച പെൺവീട്ടിലെത്തിയ യുവാവിനെ വരിക്കാൻ വധു തയ്യാറായില്ല.
'മുഴുക്കുടിയനും സ്വന്തം ഉത്തരവാദിത്വങ്ങളെ കുറിച്ച് ബോധമില്ലാത്ത നുണയനുമായ ഒരാളുടെ കൂടെ ശിഷ്ടകാലം ജീവിക്കാനാകില്ലെന്നാണ്' പെൺകുട്ടി കുടുംബത്തെ അറിയിച്ചത്. വിവാഹത്തിനായി ചെലവഴിച്ച പണം തിരികെ നൽകണമെന്ന് വധുവിന്റെ കുടുംബം ആവശ്യപ്പെടുകയും ചെയ്തു. ഇതോടെ വാക്കുതര്‍ക്കമായി. വരന്റെ കൂടെയെത്തിയ ചിലരെ വധുവിന്റെ ബന്ധുക്കൾ തടഞ്ഞു വച്ചതോടെ പ്രശ്‌നം സങ്കീർണമായി. പൊലീസെത്തിയാണ് വിഷയത്തിൽ തീർപ്പു കൽപ്പിച്ചത്.
2016 മുതൽ മദ്യനിരോധനം നിലവിലുള്ള ബിഹാറിൽ അനധികൃത മദ്യവ്യാപാരം ഏറ്റവും ലാഭകരമായ ബിസിനസാണ്. ഉത്തർപ്രദേശ്, പശ്ചിമബംഗാൾ, ഹരിയാന, അയൽ രാഷ്ട്രമായ നേപ്പാൾ എന്നിവിടങ്ങളിൽനിന്നാണ് സംസ്ഥാനത്തേക്ക് മദ്യമെത്തുന്നത്.
വധുവിന്റെ പന്ത്രണ്ടാം ക്ലാസ് മാർക്ക് കുറവാണ് എന്നു പറഞ്ഞ് യുപിയിലെ കണ്ണൗജിൽ കഴിഞ്ഞയാഴ്ച യുവാവ് വിവാഹത്തിന് വിസമ്മതിച്ചിരുന്നു. വേണ്ടത്ര സ്ത്രീധനം ലഭിക്കാത്തതു കൊണ്ടാണ് വരന്റെ കുടുംബം വിവാഹത്തിൽനിന്ന് പിന്മാറിയത് എന്നാണ് പെൺകുട്ടിയെ ബന്ധുക്കൾ പറയുന്നത്.
Summary: Groom forgot to attend his own wedding on Monday after drinking alcohol