യുവാവും പ്രായപൂർത്തിയാവാത്ത 'ഭാര്യ'യും കസ്റ്റഡിയിൽ മരിച്ച നിലയിൽ; പൊലീസ് സ്റ്റേഷന് തീവച്ച് നാട്ടുകാർ; പിന്നാലെ വെടിവയ്പ്പ്
|പൊലീസുകാരുടെ മർദനത്തിനിരയായാണ് ഇരുവരും കസ്റ്റഡിയിൽ മരിച്ചതെന്ന് ഗ്രാമവാസികൾ ആരോപിച്ചു.
പട്ന: യുവാവിനെയും ഇയാൾ വിവാഹം കഴിച്ച പ്രായപൂർത്തിയാവാത്ത പെൺകുട്ടിയേയും കസ്റ്റഡിയിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ രോഷാകുലരായ നാട്ടുകാർ പൊലീസ് സ്റ്റേഷൻ കത്തിച്ചു. ബിഹാറിലെ അരാരിയ ജില്ലയിലെ തരബാരി ഗ്രാമത്തിലാണ് സംഭവം. തീവയ്പ്പിന് പിന്നാലെ പൊലീസ് നടത്തിയ വെടിവയ്പ്പിൽ രണ്ട് ഗ്രാമീണർക്ക് പരിക്കേറ്റു.
ഭാര്യയുടെ മരണത്തെ തുടർന്ന് രണ്ട് ദിവസം മുമ്പ് യുവാവ് 14 വയസുള്ള ഭാര്യാസഹോദരിയെ വിവാഹം കഴിക്കുകയായിരുന്നു. പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ യുവാവ് തന്റെ ഭാര്യയായി വീട്ടിൽ പാർപ്പിക്കുന്നതിനെ കുറിച്ച് വിവരം ലഭിച്ച പൊലീസ് മെയ് 16ന് ഇരുവരേയും സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തി.
സംഭവത്തിൽ പ്രാഥമിക എഫ്ഐആർ രജിസ്റ്റർ ചെയ്യുകയും ഇരുവരെയും ചോദ്യം ചെയ്യുകയും ചെയ്തു. ഇരുവരെയും കസ്റ്റഡിയിലെടുത്തതിന് പിന്നാലെ രോഷാകുലരായ നാട്ടുകാർ പൊലീസിനെതിരെ പ്രതിഷേധിക്കുകയും മുദ്രാവാക്യം വിളിക്കുകയും ചെയ്തു. എന്നാൽ അന്ന് വൈകീട്ട് യുവാവിനെയും പെൺകുട്ടിയേയും ലോക്കപ്പിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. ആത്മഹത്യയാണന്നാണ് പൊലീസ് പറയുന്നത്.
കസ്റ്റഡിയിൽ യുവാവും പെൺകുട്ടിയും മരിച്ചെന്ന വിവരം അറിഞ്ഞയുടൻ നാട്ടുകാരുടെ രോഷം ഇരട്ടിയായി. പൊലീസുകാരുടെ മർദനത്തിനിരയായാണ് ഇരുവരും കസ്റ്റഡിയിൽ മരിച്ചതെന്ന് ഗ്രാമവാസികൾ ആരോപിച്ചു. തുടർന്ന് സ്റ്റേഷന് നേരെ കല്ലെറിയുകയും ഉപകരണങ്ങൾ നശിപ്പിക്കുകയും തീയിടുകയുമായിരുന്നു.
ഗ്രാമവാസികളുടെ പ്രതിഷേധം അക്രമാസക്തമായതോടെ ഇവരുടെ ആക്രമണത്തിൽ ആറ് പൊലീസ് ഉദ്യോഗസ്ഥർക്ക് പരിക്കേൽക്കുകയും ചെയ്തു. ഇവരിൽ രണ്ട് പേരുടെ നില ഗുരുതരമാണ്. ഉദ്യോഗസ്ഥർക്ക് നേരെ ആക്രമണം ഉണ്ടായതോടെ പൊലീസ് പ്രതിഷേധക്കാർക്ക് നേരെ ആറ് റൗണ്ട് വെടിയുതിർത്തു. അതിൽ രണ്ട് പേർക്ക് കാലിനും കൈയ്ക്കും വെടിയേറ്റു.
സംഭവത്തെ കുറിച്ച് അറിഞ്ഞതോടെ വിവിധ പൊലീസ് സ്റ്റേഷനുകളിൽ നിന്നുള്ള നിരവധി മുതിർന്ന ഉദ്യോഗസ്ഥർ സ്ഥലത്തെത്തി. നിലവിൽ സ്ഥിതി നിയന്ത്രണവിധേയമാണ്. സംഘർഷത്തിന് ഉത്തരവാദികളായവർക്കെതിരെ നടപടിയെടുക്കുമെന്ന് പൊലീസ് അറിയിച്ചു. അതിനിടെ, സ്വയരക്ഷയ്ക്കായി പൊലീസ് വെടിയുതിർത്ത സംഭവവും അന്വേഷിക്കുന്നുണ്ട്. വെടിവയ്പ്പിനെ കുറിച്ച് പ്രതികരിക്കാൻ പൊലീസ് ഇതുവരെ തയാറായിട്ടില്ല.