![Bihar minor found naked under flyover, uncle arrested for rape Bihar minor found naked under flyover, uncle arrested for rape](https://www.mediaoneonline.com/h-upload/2024/01/12/1406133-ar.webp)
സഹോദരിയുടെ പ്രായപൂർത്തിയാവാത്ത മകളെ പാലത്തിനടിയിലെത്തിച്ച് ബലാത്സംഗം ചെയ്ത യുവാവ് അറസ്റ്റിൽ
![](/images/authorplaceholder.jpg?type=1&v=2)
ലഘുഭക്ഷണം വാങ്ങിക്കൊടുത്ത ശേഷം പാലത്തിനടിയിലേക്ക് കൊണ്ടുപോയാണ് ഇയാൾ പെൺകുട്ടിയെ ബലാത്സംഗം ചെയ്തത്.
പട്ന: സഹോദരിയുടെ പ്രായപൂർത്തിയാകാത്ത മകളെ ബലാത്സംഗം ചെയ്ത കേസിൽ യുവാവ് അറസ്റ്റിൽ. പെൺകുട്ടിയെ വീടിന് സമീപത്തെ പാലത്തിനടിയിൽ നഗ്നയായ നിലയിൽ അമ്മ കണ്ടെത്തിയതോടെയാണ് ക്രൂരത പുറത്തറിയുന്നത്. ബിഹാറിലെ ഗോപാൽഗഞ്ചിലാണ് സംഭവം.
ജിതേന്ദ്ര ഷാ എന്നയാളാണ് അറസ്റ്റിലായത്. ഇയാൾ തന്റെ മകളെയും അനന്തരവളേയും ഒരു കടയിലേക്ക് കൂട്ടിക്കൊണ്ടുപോവുകയും ലഘുഭക്ഷണം വാങ്ങി നൽകുകയും ചെയ്തു. പിന്നീട് മകളെ വീട്ടിലേക്ക് പറഞ്ഞയച്ചു. തുടർന്ന് അനന്തരവളെ ഒരു നദിക്കരയിലേക്ക് കൊണ്ടുപോവുകയും പാലത്തിനടിയിൽ വച്ച് ബലാത്സംഗം ചെയ്യുകയായിരുന്നു.
കുറെ നേരമായിട്ടും മകളെ കാണാതായതോടെ കുടുംബം തെരച്ചിൽ ആരംഭിച്ചു. പ്രദേശവാസികളോട് ചോദിച്ചപ്പോൾ അമ്മാവനോടൊപ്പം നദിയുടെ ഭാഗത്തേക്ക് പോവുന്നത് കണ്ടതായി പറഞ്ഞു.
ഇതോടെ നദിക്കരയിലെത്തിയ വീട്ടുകാർ, പാലത്തിന് താഴെയിരുന്ന് പെൺകുട്ടി കരയുന്നത് കണ്ടു. നഗ്നയാക്കപ്പെട്ട നിലയിലായിരുന്നു പെൺകുട്ടി. പ്രതിയായ അമ്മാവനും പെൺകുട്ടിക്കൊപ്പം ഉണ്ടായിരുന്നു. എന്നാൽ വീട്ടുകാരെ കണ്ടതോടെ ഇയാൾ ഓടിരക്ഷപെട്ടു.
എന്നാൽ, കുടുംബം നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പോക്സോ വകുപ്പുകൾ ചുമത്തി കേസെടുത്ത പൊലീസ് തുടർന്ന് നടത്തിയ അന്വേഷണത്തിൽ പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു. പെൺകുട്ടിയെ അടുത്തുള്ള ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവിടെ പ്രാഥമിക ചികിത്സയ്ക്ക് ശേഷം മറ്റൊരു ആശുപത്രിയിലേക്ക് മാറ്റി.