India
ബിജെപിയെ വെല്ലുവിളിച്ച് നിതീഷ് കുമാർ; എംപിമാരുടെയും എംഎൽഎമാരുടെയും നിർണായക യോഗം നാളെ
India

ബിജെപിയെ വെല്ലുവിളിച്ച് നിതീഷ് കുമാർ; എംപിമാരുടെയും എംഎൽഎമാരുടെയും നിർണായക യോഗം നാളെ

Web Desk
|
8 Aug 2022 1:00 PM GMT

ബിജെപി ബന്ധം അവസാനിപ്പിക്കുകയാണെങ്കിൽ ജെഡിയുവുമായി ചേർന്ന് പ്രതിപക്ഷ പാർട്ടികൾ സർക്കാർ രൂപീകരിക്കാനും സാധ്യതയുണ്ട്. 2019ൽ മഹാരാഷ്ട്രയിൽ ശിവസേന-കോൺഗ്രസ്-എൻസിപി സഖ്യത്തിന്റെ മാതൃക ബിഹാറിലും നടപ്പാക്കാനാവുമെന്ന പ്രതീക്ഷ പ്രതിപക്ഷത്തിനുണ്ട്.

പട്‌ന: ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ വിളിച്ച ജെഡിയു എംപിമാരുടെയും എംഎൽഎമാരുടെയും നിർണായക യോഗം നാളെ. ബിജെപി സഖ്യം അവസാനിപ്പിക്കുമെന്ന റിപ്പോർട്ടുകൾക്കിടെയാണ് നിതീഷ് കുമാർ പാർട്ടി ജനപ്രതിനിധികളുടെ യോഗം വിളിച്ചിരിക്കുന്നത്. കേന്ദ്ര മന്ത്രിസഭയിലെ ഏക ജെഡിയു അംഗവും ബിജെപിയുടെ അടുത്ത ആളുമായ ആർസിപി സിങ് കഴിഞ്ഞ ദിവസം പാർട്ടി വിട്ടിരുന്നു. നിതീഷ് കുമാറിനെ രൂക്ഷമായി വിമർശിച്ചാണ് ആർസിപി സിങ് പാർട്ടിയിൽനിന്ന് പുറത്തുപോയത്. ഇതിന് പിന്നാലെയാണ് നിതീഷ് കുമാർ യോഗം വിളിച്ചിരിക്കുന്നത്.

മഹാരാഷ്ട്രയിൽ ശിവസേനയെ പിളർത്തിയതുപോലെ ജെഡിയുവിനെയും പിളർത്താനാണ് ബിജെപി ശ്രമിക്കുന്നതെന്നാണ് ജെഡിയു നേതൃത്വം ആരോപിക്കുന്നത്. ബിജെപിയുമായുള്ള ഭിന്നത ശക്തമാവുന്നതിനിടെ നിതീഷ് കുമാർ കഴിഞ്ഞ ദിവസം കോൺഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയുമായി ഫോണിൽ സംസാരിച്ചിരുന്നു. ആർജെഡി നേതാവ് തേജസ്വി യാദവുമായും നിതീഷ് ചർച്ച നടത്തിയിട്ടുണ്ട്. നാളെ നടക്കുന്ന എംപിമാരുടെയും എംഎൽഎമാരുടെയും യോഗത്തിൽ അന്തിമ തീരുമാനമുണ്ടാവുമെന്നാണ് സൂചന.

ബിജെപി ബന്ധം അവസാനിപ്പിക്കുകയാണെങ്കിൽ ജെഡിയുവുമായി ചേർന്ന് പ്രതിപക്ഷ പാർട്ടികൾ സർക്കാർ രൂപീകരിക്കാനും സാധ്യതയുണ്ട്. 2019ൽ മഹാരാഷ്ട്രയിൽ ശിവസേന-കോൺഗ്രസ്-എൻസിപി സഖ്യത്തിന്റെ മാതൃക ബിഹാറിലും നടപ്പാക്കാനാവുമെന്ന പ്രതീക്ഷ പ്രതിപക്ഷത്തിനുണ്ട്. തേജസ്വി യാദവ് നയിക്കുന്ന ആർജെഡിയാണ് ബിഹാറിലെ ഏറ്റവും വലിയ ഒറ്റകക്ഷി.

ജെഡിയു-ബിജെപി സർക്കാർ രൂപീകരിച്ചത് മുതൽ ബിഹാറിൽ ഇരു പാർട്ടികളും തമ്മിൽ ഭിന്നത നിലനിൽക്കുന്നുണ്ട്. ബിജെപി കേന്ദ്ര നേതൃത്വത്തിന്റെ നിർദേശ പ്രകാരമാണ് നിതീഷ് കുമാർ 2020ൽ മുഖ്യമന്ത്രിയായത്. മുഖ്യമന്ത്രി പദം തങ്ങൾക്ക് വേണമെന്നായിരുന്നു ബിഹാറിലെ പ്രാദേശിക ബിജെപി നേതാക്കളുടെ താൽപര്യം. ഇത് കേന്ദ്ര നേതൃത്വം തള്ളിയതിൽ ബിഹാർ ബിജെപിക്ക് കടുത്ത അതൃപ്തിയുണ്ടായിരുന്നു. ഇത് പലപ്പോഴും നിതീഷ് കുമാറുമായുള്ള പരസ്യ ഏറ്റുമുട്ടലിന് കാരണമായി.

നിയമസഭാ സ്പീക്കറും ബിജെപി നേതാവുമായ വിജയ കുമാർ സിൻഹയും നിതീഷ് കുമാറും തമ്മിൽ കടുത്ത അഭിപ്രായ ഭിന്നതകളുണ്ട്. സ്പീക്കർ പലപ്പോഴും മുഖ്യമന്ത്രിയെ പരസ്യമായി വിമർശിച്ച് രംഗത്ത് വന്നിരുന്നു. സ്പീക്കറെ മാറ്റണമെന്ന് നിതീഷ് കുമാർ ആവശ്യപ്പെട്ടെങ്കിലും ബിജെപി നേതൃത്വം ചെവിക്കൊണ്ടില്ല. കേന്ദ്ര മന്ത്രിസഭയിൽ കൂടുതൽ പ്രാതിനിധ്യം വേണമെന്ന നിതീഷിന്റെ ആവശ്യം കേന്ദ്രം പരിഗണിച്ചില്ലെന്ന് മാത്രമാണ് മോദി മന്ത്രിസഭയിലെ ഏക പ്രതിനിധിയായ ആർ.പി സിങ് പാർട്ടി വിടുക കൂടി ചെയ്തതോടെയാണ് നിതീഷ് കുമാർ കൂടുതൽ പ്രകോപിതനായത്. രാം വിലാസ് പാസ്വാന്റെ മകനും എൽജെപി നേതാവുമായ ചിരാഗ് പാസ്വാന് ബിജെപി നൽകുന്ന അമിത പരിഗണനയും നിതീഷിനെ ചൊടിപ്പിച്ചിട്ടുണ്ട്.

2015ൽ പ്രതിപക്ഷ സഖ്യത്തിനൊപ്പം നിന്ന് ജയിച്ച ശേഷമാണ് നിതീഷ് കുമാർ ബിജെപിക്കൊപ്പം ചേർന്നത്. പക്ഷെ എൻഡിഎയിൽ തന്റെ ഭാവി സുരക്ഷിതമല്ലെന്ന് നിതീഷ് കുമാറിനറിയാം. 2024 ലോക്‌സഭാ തെരഞ്ഞെടുപ്പിൽ നിതീഷില്ലാതെ നേട്ടമുണ്ടാക്കാനാവില്ലെന്നതുകൊണ്ടാണ് ബിജെപി നിതീഷിന് മുഖ്യമന്ത്രി പദവി നൽകിയത്. ലോക്‌സഭാ തെരഞ്ഞെടുപ്പിന് ശേഷം തന്നെ മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് മാറ്റുമെന്ന് നിതീഷ് കുമാർ ഉറച്ചു വിശ്വസിക്കുന്നുണ്ട്. അതിന് മുമ്പ് തന്നെ ബിജെപി ബന്ധം അവസാനിപ്പിച്ച് പ്രതിപക്ഷത്തിനൊപ്പം ചേരാനുള്ള നീക്കമാണ് നിതീഷ് കുമാർ നടത്തുന്നതെന്നാണ് വിലയിരുത്തപ്പെടുന്നത്.

Similar Posts