India
Bihar school students vandalise officers car over lack of facilities
India

അടിസ്ഥാന സൗകര്യങ്ങളുടെ അഭാവം; വിദ്യാഭ്യാസ ഓഫീസറുടെ കാർ തടഞ്ഞ് തകർത്ത് വിദ്യാർഥിനികൾ

Web Desk
|
12 Sep 2023 2:39 PM GMT

തങ്ങളുടെ ക്ലാസ് മുറികളിൽ ആവശ്യത്തിന് ബെഞ്ചോ ഡെസ്കുകളോ ഇല്ലെന്ന് വിദ്യാർഥിനികൾ പറയുന്നു.

പട്ന: സ്കൂളിലെ അടിസ്ഥാന സൗകര്യങ്ങളുടെ അഭാവത്തിനെതിരായ പ്രതിഷേധത്തിനിടെ വിദ്യാഭ്യാസ വകുപ്പ് ഉദ്യോ​ഗസ്ഥന്റെ കാർ തടഞ്ഞ് കല്ലെറിഞ്ഞ് തകർത്ത് വിദ്യാർഥിനികൾ. ബിഹാർ വൈശാലി ജില്ലയിലെ മഹ്നർ ​ഗ്രാമത്തിലാണ് സംഭവം. മഹ്നറിലെ ​ഗേൾസ് ഹൈസ്കൂൾ വിദ്യാർഥിനികളാണ് പ്രതിഷേധിച്ചത്. ബ്ലോക്ക് എജ്യുക്കേഷൻ ഓഫീസറുടെ കാറാണ് ആക്രമിക്കപ്പെട്ടത്.

വാഹനം വളഞ്ഞ വിദ്യാർഥിനികൾ കല്ലെറിയുകയും മുൻവശത്തെ ഗ്ലാസ് തകർക്കുകയും ചെയ്തു. സംഭവത്തിൽ ഇടപെട്ട പൊലീസുകാരിൽ ഒരാളായ പൂനം കുമാരിക്ക് പരിക്കേൽക്കുകയും ചെയ്തു. തങ്ങളുടെ ക്ലാസ് മുറികളിൽ ആവശ്യത്തിന് ബെഞ്ചോ ഡെസ്കുകളോ ഇല്ലെന്ന് വിദ്യാർഥിനികൾ പറയുന്നു.

ഇതിൽ രോഷാകുലരായ വിദ്യാർഥികൾ മഹ്‌നാർ മൊഹിയുദ്ദീനഗറിലെ പ്രധാന റോഡ് ഉപരോധിച്ചു. തുടർന്ന് മഹ്‌നാർ ബ്ലോക്ക് വിദ്യാഭ്യാസ ഓഫീസർ അഹല്യ കുമാറിന്റെ വാഹനം അടിച്ചു തകർക്കുകയായിരുന്നു. വിദ്യാർഥികൾ റോഡ് ഉപരോധിച്ചതിനെ തുടർന്ന് ഗതാഗതം സ്തംഭിച്ചു. അതേസമയം, സ്കൂളുകൾ തങ്ങളുടെ ശേഷിയേക്കാൾ കൂടുതൽ പ്രവേശനം നടത്തുന്നതാണ് പ്രശ്നമെന്ന് സംഭവത്തോട് പ്രതികരിച്ച് മഹ്‌നാറിലെ എസ്‌ഡി‌ഒ നീരജ് കുമാർ പറഞ്ഞു.

"ഉള്ളിൽ ഇരിക്കാൻ ഇടം കിട്ടാതെ വിദ്യാർഥിനികൾ പ്രതിഷേധിക്കുകയും റോഡ് ഉപരോധിക്കുകയും ചെയ്തു. പ്രതിസന്ധിയെ തുടർന്ന് ഞങ്ങൾ രണ്ട് ഷിഫ്റ്റുകളായി സ്കൂൾ പ്രവർത്തിപ്പിക്കാൻ ശ്രമിക്കുന്നുണ്ട്"- അദ്ദേഹം ചൂണ്ടിക്കാട്ടി.

പ്രശ്‌നം സമാധാനപരമായി പരിഹരിക്കാൻ വിദ്യാർഥികൾ തയ്യാറല്ലെന്ന് വനിതാ പൊലീസ് ഉദ്യോ​ഗസ്ഥ പുഷ്പകുമാരി ആരോപിച്ചു. 'വിദ്യാർഥികൾക്ക് തെറ്റുപറ്റി. അവരുടെ ആവശ്യങ്ങൾ നിറവേറ്റപ്പെടുന്നു. പക്ഷേ അവർ ഇരുന്ന് സംസാരിക്കാൻ തയ്യാറല്ല. ഞങ്ങൾ വിദ്യാഭ്യാസ വകുപ്പിന് കത്തെഴുതുന്നുണ്ട്'- പുഷ്പകുമാരി പറഞ്ഞു.

അതേസമയം, സ്‌കൂൾ മാനേജ്‌മെന്റിനെതിരെ പ്രതിഷേധിച്ചപ്പോൾ ഒരു വനിതാ പൊലീസുകാരി ചില വിദ്യാർഥിനികളെ തല്ലിയതായും ഇതോടെയാണ് തങ്ങൾ വിദ്യാഭ്യാസ ഓഫീസറുടെ കാർ അടിച്ചു തകർത്തതെന്നും പെൺകുട്ടികൾ ആരോപിച്ചു. സംഭവത്തെ തുടർന്ന് പ്രദേശത്ത് സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.

Similar Posts