സൈന്യത്തിൽ സ്ഥിരം ജോലി ലഭിക്കാൻ സാധ്യത കുറവ്; എന്നിട്ടും പരിശീലനം തുടർന്ന് ബിഹാറിലെ ഉദ്യോഗാർഥികൾ
|പട്നയിലെ ഗാന്ധി മൈതാനിയിൽ മണിക്കൂറുകൾ നീണ്ട പരിശീലനത്തിലാണ് ഉദ്യോഗാർഥികൾ
പട്ന: സൈന്യത്തിൽ സ്ഥിരം ജോലി ലഭിക്കാൻ സാധ്യത കുറവാണെന്ന് അറിഞ്ഞിട്ടും പരിശീലനം തുടരുകയാണ് ബിഹാറിലെ ഉദ്യോഗാർത്ഥികൾ. പട്നയിലെ ഗാന്ധി മൈതാനിയിൽ മണിക്കൂറുകൾ നീണ്ട പരിശീലനത്തിലാണ് ഉദ്യോഗാർഥികൾ. കേന്ദ്ര സർക്കാർ അഗ്നിപഥ് പദ്ധതിയിൽ നിന്നും പിന്മാറുമെന്നാണ് ഇവരുടെ പ്രതീക്ഷ. സൈനിക ജോലിക്ക് ശാരീരിക ക്ഷമത അവിഭാജ്യ ഘടകമാണ്.
ബിഹാറിലെ പട്നയിൽ ഗാന്ധി മൈതാനാണ് ശാരീരിക ക്ഷമത പരിശീലനത്തിനായി ഉദ്യോഗാർഥികളുടെ പ്രിയപ്പെട്ട ഇടം. പ്രഭാത സവാരിക്കാർക്ക് തെല്ലും ബുദ്ധിമുട്ട് ഉണ്ടാക്കാതെ ആൺ-പെൺ ഭേദമില്ലാതെ അഞ്ഞൂറോളം ഉദ്യോഗാർത്ഥികൾ ഇവിടെ പരിശീലനത്തിന് എത്തുന്നുണ്ട്. രാവിലെ അഞ്ച് മണിയോടെയാണ് പരിശീലനം ആരംഭിക്കുക. സ്വകാര്യ സൈനിക പരിശീലന കേന്ദ്രത്തിന് കീഴിലാണ് പലരുടെയും പരിശീലനം.
കടം വാങ്ങിയും കുടുംബത്തിന്റെ സമ്പാദ്യം ചിലവഴിച്ചുമാണ് സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന വീടുകളിൽ നിന്നുള്ള കുട്ടികൾ പട്നയിലെ പരിശീലന കേന്ദ്രങ്ങളിലേക്ക് എത്തുന്നത്. സൈനിക സേവനത്തിനൊപ്പം കുടുംബത്തിന് സ്ഥിരം തൊഴിലിലൂടെ ആശ്രയമാകാമെന്ന പ്രതീക്ഷയും ഇവർക്കുണ്ട്. എന്നാൽ കേന്ദ്ര സർക്കാർ പ്രഖ്യാപിച്ച അഗ്നിപഥ് പദ്ധതി നിരവധി പേരുടെ സ്വപ്നങ്ങൾക്കാണ് മങ്ങലേൽപ്പിച്ചത്. പ്രതിഷേധങ്ങളോട് കേന്ദ്ര സർക്കാർ അനുകൂല നിലപാട് സ്വീകരിക്കുമെന്നാണ് ഇവരുടെ പ്രതീക്ഷ. എന്നാൽ അതുവരെ പരിശീലനത്തിൽ മുടക്കം വരുത്താനും ഇവർ തയ്യാറല്ല.
Watch Video Report