India
ഹിന്ദുക്കൾ ബലാത്സംഗം ചെയ്യില്ല; ബിൽക്കീസ് ബാനു കേസിലെ പ്രതികൾ ഇവിടെയുണ്ട്
India

''ഹിന്ദുക്കൾ ബലാത്സംഗം ചെയ്യില്ല''; ബിൽക്കീസ് ബാനു കേസിലെ പ്രതികൾ ഇവിടെയുണ്ട്

Web Desk
|
22 Oct 2022 1:53 PM GMT

ബിൽക്കീസ് ബാനു ഇപ്പോൾ ഈ ഗ്രാമത്തിലില്ല. ഇനിയും അക്രമിക്കപ്പെടുമോ എന്ന ഭയമുള്ളതിനാൽ 2002ലെ കലാപത്തിന് ശേഷം ഗ്രാമത്തിലേക്ക് തിരിച്ചുവന്നിട്ടില്ല. ജയിൽ മോചിതരായ പ്രതികളെല്ലാം ഇപ്പോൾ ഗ്രാമത്തിലുണ്ടെന്നും എൻഡിടിവി റിപ്പോർട്ട് ചെയ്തു.

രാധിക്പൂർ, ദാഹോദ്: ഗുജറാത്തിൽ ബിൽക്കീസ് ബാനുവിന്റെ വീട്ടിലേക്കുള്ള റോഡിൽ ഒരു പടക്ക കട കാണാം. ദീപാവലിക്ക് പടക്കം വാങ്ങാൻ നിരവധിപേരാണ് ഈ കടയിലെത്തിയത്. ബിൽക്കീസ് ബാനു കൂട്ടബലാത്സംഗക്കേസിൽ ഗുജറാത്ത് സർക്കാർ ജയിൽ മോചിതനാക്കിയ രാധേശ്യാം ഷാ ആണ് ഈ കട നടത്തുന്നത്. ബിൽക്കീസ് ബാനു കേസിൽ ജയിൽമോചിതരായ പ്രതികളെല്ലാം സാധാരണ ജീവിതത്തിലേക്ക് മടങ്ങിക്കഴിഞ്ഞു.

ബിൽക്കീസ് ബാനു ഇപ്പോൾ ഈ ഗ്രാമത്തിലില്ല. ഇനിയും അക്രമിക്കപ്പെടുമോ എന്ന ഭയമുള്ളതിനാൽ 2002ലെ കലാപത്തിന് ശേഷം ഗ്രാമത്തിലേക്ക് തിരിച്ചുവന്നിട്ടില്ല. ജയിൽ മോചിതരായ പ്രതികളെല്ലാം ഇപ്പോൾ ഗ്രാമത്തിലുണ്ടെന്നും എൻഡിടിവി റിപ്പോർട്ട് ചെയ്തു.

''ഞങ്ങൾ നിരപരാധികളാണ്. ഒരു അമ്മാവനും മരുമകനും പരസ്പരം മുന്നിൽവെച്ച് ആരെയെങ്കിലും ബലാത്സം ചെയ്യുമോ? ഹിന്ദുക്കൾ ഒരിക്കലും അത് ചെയ്യില്ല''-ജയിൽ മോചിതനായ ഗോവിന്ദ് നായ് പറഞ്ഞു. അതേസമയം പരോളിലിറങ്ങിയ ഗോവിന്ദ് നായിയും സംഘവും സാക്ഷികളെ ഭീഷണിപ്പെടുത്തിയതായി ആരോപണമുയർന്നിരുന്നു. അതിനെക്കുറിച്ച് പ്രതികരിക്കാൻ അദ്ദേഹം തയ്യാറായില്ല. ക്ഷുഭിതനായ അദ്ദേഹം റിപ്പോർട്ടറോട് ഗ്രാമം വിട്ടുപോകാൻ ആവശ്യപ്പെട്ടു. അദ്ദേഹത്തിന്റെ പിതാവും വീട്ടിലുണ്ടായിരുന്നെങ്കിലും പ്രതികരിക്കാൻ തയ്യാറായില്ല.

ബിൽക്കീസ് ബാനുവിന്റെ വീട് ഇപ്പോൾ വാടകക്ക് കൊടുത്തിരിക്കുകയാണ്. ഒരു സ്ത്രിയുടെ തുണിക്കടയാണ് ഇപ്പോൾ അവിടെ പ്രവർത്തിക്കുന്നത്. ബിൽക്കീസ് ബാനുവിന്റെ വീടിന് തൊട്ടുമുന്നിലാണ് പ്രതിയായ രാധേശ്യാമിന്റെ വീട്. അദ്ദേഹം ഇപ്പോൾ ഇവിടെയല്ല താമസിക്കുന്നതെന്ന് സഹോദരനായ ആശിഷ് ഷാ പറഞ്ഞു.


ബിൽക്കീസ് ബാനു താമസിച്ചിരുന്ന വീട്‌

ബിൽക്കീസ് ബാനു താമസിച്ചിരുന്ന വീട്‌

രാധേശ്യാം പരോളിലിറങ്ങിയപ്പോൾ ആശിഷും മറ്റൊരാളുമായി ചേർന്ന് ഒരു സ്ത്രീയെ ആക്രമിച്ച കേസ് നിലവിലുണ്ട്. കേസ് അടിസ്ഥാന രഹിതമാണെന്നായിരുന്നു ആശിഷിന്റെ പ്രതികരണം. ഈ കേസിലെ പരാതിക്കാരായ സബേറാബെൻ അയ്യൂബും പിന്റു ഭായിയും ഇപ്പോഴും പരാതിയിൽ ഉറച്ചുനിൽക്കുകയാണ്. ഏത് നിമിഷവും തങ്ങൾ ആക്രമിക്കപ്പെടാൻ സാധ്യതയുണ്ടെന്നും ഇവർ പറഞ്ഞു.

ബിൽക്കീസ് ബാനു കേസിലെ മറ്റൊരു പ്രതിയായ രജുഭായ് സോണി ജ്വല്ലറി കട നടത്തുകയാണ്. ചാനൽ കാമറകൾ കണ്ടതോടെ അദ്ദേഹം കടയിൽനിന്ന് മാറി. പ്രതികളെ ജയിൽ മോചിതരാക്കാൻ ശിപാർശ ചെയ്ത ജില്ലാ മജിസ്‌ട്രേറ്റും എസ്.പിയും പ്രതികരിക്കാൻ തയ്യാറായില്ല.


ജയിൽമോചിതരായ പ്രതികൾക്ക് വിഎച്ച്പി ഓഫീസിൽ നൽകിയ സ്വീകരണം

ജയിൽമോചിതരായ പ്രതികൾക്ക് വിഎച്ച്പി ഓഫീസിൽ നൽകിയ സ്വീകരണം

2002 ഗുജറാത്ത് കലാപത്തിനിടെയാണ് അഞ്ചു മാസം ഗർഭിണിയായ ബിൽക്കീസ് ബാനുവിനെ പ്രതികൾ കൂട്ടബലാത്സംഗം ചെയ്തത്. മൂന്നു വയസ്സുകാരിയായ മകൾ അടക്കം ബിൽക്കീസ് ബാനുവിന്റെ കുടുംബത്തിലെ 14 പേരെയാണ് അക്രമികൾ കൊലപ്പെടുത്തിയത്. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ അനുമതിയോടെയാണ് സ്വാതന്ത്ര്യദിനത്തിൽ പ്രതികളെ ജയിൽമോചിതരാക്കിയത്.

Similar Posts