India
Bill To Appoint Top 3 Poll Officers Passed In Lok Sabha
India

തെരഞ്ഞെടുപ്പ് കമ്മീഷണർമാരുടെ നിയമനത്തിനുള്ള പാനലിൽനിന്ന് ചീഫ് ജസ്റ്റിസിനെ ഒഴിവാക്കുന്ന ബിൽ ലോക്‌സഭ പാസാക്കി

Web Desk
|
21 Dec 2023 9:24 AM GMT

സുപ്രിംകോടതി ചീഫ് ജസ്റ്റിസിന് പകരം പ്രധാനമന്ത്രി നിർദേശിക്കുന്ന കേന്ദ്രമന്ത്രിയാണ് ഇനി തെരഞ്ഞെടുപ്പ് കമ്മീഷണർമാരെ നിയമിക്കുന്നതിനുള്ള സമിതിയിലുണ്ടാവുക.

ന്യൂഡൽഹി: തെരഞ്ഞെടുപ്പ് കമ്മീഷണർമാരുടെ നിയമനത്തിനുള്ള പാനലിൽനിന്ന് സുപ്രിംകോടതി ചീഫ് ജസ്റ്റിസിനെ ഒഴിവാക്കുന്ന ബിൽ ലോക്‌സഭ പാസാക്കി. ഭൂരിപക്ഷം പ്രതിപക്ഷ എം.പിമാരും സസ്‌പെൻഡ് ചെയ്യപ്പെട്ട സഭയിൽ ശബ്ദവോട്ടോടെയാണ് ബിൽ പാസാക്കിയത്. രാജ്യസഭ നേരത്തെ ബിൽ പാസാക്കിയിരുന്നു.

പ്രധാനമന്ത്രി, പ്രതിപക്ഷനേതാവ്, സുപ്രിംകോടതി ചീഫ് ജസ്റ്റിസ് എന്നിവരുടെ പാനലാണ് തെരഞ്ഞെടുപ്പ് കമ്മീഷണർമാരെ നിയമിക്കേണ്ടതെന്ന് ഈ വർഷം ആദ്യം സുപ്രിംകോടതി ഉത്തരവിട്ടിരുന്നു. തെരഞ്ഞെടുപ്പ് കമ്മീഷന്റെ പ്രവർത്തനത്തിൽ രാഷ്ട്രീയ ഇടപെടൽ ഒഴിവാക്കാൻ വേണ്ടിയായിരുന്നു കോടതി നിർദേശം. തെരഞ്ഞെടുപ്പ് കമ്മീഷണർമാരുടെ നിയമനത്തിന് സർക്കാർ പുതിയ നിയമനിർമാണം നടത്തുന്നത് വരെ ഉത്തരവ് നിലനിൽക്കുമെന്നും കോടതി പറഞ്ഞിരുന്നു.

കോടതി ഉത്തരവ് മറികടക്കുന്നതിന് വേണ്ടിയാണ് സർക്കാർ പുതിയ നിയമം കൊണ്ടുവന്നത്. ചീഫ് ജസ്റ്റിസിന് പകരം പ്രധാനമന്ത്രി നിർദേശിക്കുന്ന കേന്ദ്രമന്ത്രിയാണ് ഇനി സമിതിയിലുണ്ടാവുക. ഇത് തെരഞ്ഞെടുപ്പ് കമ്മീഷന്റെ സ്വയംഭരണാധികാരം ഇല്ലാതാക്കുമെന്നും കേന്ദ്രസർക്കാരിന് താൽപര്യമുള്ളവരെ നിയമിക്കാനുള്ള നീക്കമാണെന്നും പ്രതിപക്ഷം ആരോപിച്ചിരുന്നു.

തെരഞ്ഞെടുപ്പ് കമ്മീഷന്റെ സ്വയംഭരണവും നിർഭയത്വവും സത്യസന്ധതയും കേന്ദ്രസർക്കാർ ബുൾഡോസ് ചെയ്ത് തകർത്തെന്ന് കോൺഗ്രസ് നേതാവ് രൺദീപ് സുർജേവാല രാജ്യസഭയിൽ പറഞ്ഞു.

Similar Posts