ബിൽക്കീസ് ബാനു കേസ്: പ്രതികളെ വിട്ടയച്ചതിനെതിരായ ഹരജി സുപ്രിംകോടതി പരിഗണിക്കും
|ആവശ്യം പരിഗണിക്കാമെന്നറിയിച്ച ചീഫ് ജസ്റ്റിസ് എൻ.വി. രമണ, സുപ്രീംകോടതി വിധിയുടെ അടിസ്ഥാനത്തിലാണോ പ്രതികളെ വിട്ടയച്ചതെന്ന് ചോദിച്ചു
ന്യൂഡൽഹി: ബിൽക്കീസ് ബാനു കേസിലെ ശിക്ഷിക്കപ്പെട്ട 11 പ്രതികളെ വിട്ടയച്ചതിനെതിരായ ഹരജി സുപ്രിംകോടതി പരിഗണിക്കും. കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (മാർക്സിസ്റ്റ്) പൊളിറ്റ്ബ്യൂറോ അംഗം സുഭാഷിണി അലി, മാധ്യമപ്രവർത്തക രേവതി ലൗൾ, റിട്ട. പ്രഫസറും ആക്ടിവിസ്റ്റുമായ രൂപ് രേഖ് വർമ എന്നിവരാണ് ഗുജറാത്ത് സർക്കാർ നടപടിയെ ചോദ്യം ചെയ്ത് ഹരജി നൽകിയത്.
ഹരജി നാളെ അടിയന്തരമായി പരിഗണിക്കണമെന്ന് അഡ്വ. അപർണ ഭട്ട് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ചിനോട് ആവശ്യപ്പെട്ടു. ആവശ്യം പരിഗണിക്കാമെന്നറിയിച്ച ചീഫ് ജസ്റ്റിസ് എൻ.വി. രമണ, സുപ്രീംകോടതി വിധിയുടെ അടിസ്ഥാനത്തിലാണോ പ്രതികളെ വിട്ടയച്ചതെന്ന് ചോദിച്ചു. മുതിർന്ന അഭിഭാഷകൻ കപിൽ സിബൽ ഇതിന് മറുപടി നൽകി. സുപ്രീംകോടതി സർക്കാറിന് ഇത്തരമൊരു വിവേചനാധികാരം നൽകുകയാണ് ചെയ്തതെന്നും, സുപ്രീംകോടതി വിധിയെയല്ല, പ്രതികൾക്ക് ഇളവ് നൽകിയതിനെയാണ് തങ്ങൾ എതിർക്കുന്നതെന്നും കപിൽ സിബൽ വ്യക്തമാക്കി.
കൂട്ടബലാത്സംഗത്തിനും ബിൽക്കീസ് ബാനുവിന്റെ കുടുംബത്തിലെ ഏഴുപേരെ കൊലപ്പെടുത്തിയതിനും 2008 ജനുവരി 21ന് മുംബൈയിലെ സിബിഐ കോടതിയാണ് 11 പേരെ ജീവപര്യന്തം തടവിന് ശിക്ഷിച്ചത്. ഇവരുടെ ശിക്ഷ പിന്നീട് ബോംബെ ഹൈക്കോടതി ശരിവെച്ചു. 15 വർഷത്തെ ജയിൽവാസത്തിന് ശേഷം പ്രതികളിലൊരാൾ ജയിൽ മോചനം ആവശ്യപ്പെട്ട് സുപ്രിംകോടതിയെ സമീപിക്കുകയായിരുന്നു. ശിക്ഷാ ഇളവ് സംബന്ധിച്ച വിഷയം പരിശോധിക്കാൻ ഗുജറാത്ത് സർക്കാരിനോട് സുപ്രിംകോടതി നിർദേശിച്ചതിനെ തുടർന്ന് സർക്കാർ ഒരു കമ്മിറ്റി രൂപീകരിച്ചതായി പാനലിന്റെ തലവനായ പഞ്ച്മഹൽസ് കളക്ടർ സുജൽ മയ്ത്ര പറഞ്ഞു.
ഏതാനും മാസങ്ങൾക്ക് മുമ്പ് ഒരു കമ്മറ്റി രൂപീകരിക്കുകയും 11 പ്രതികളെയും വിട്ടയക്കാൻ ഏകകണ്ഠമായി തീരുമാനിക്കുകയുമായിരുന്നു. ഗുജറാത്ത് കലാപത്തിനിടെ 2002 മാർച്ച് മൂന്നിനായിരുന്നു ബൽക്കീസ് ബാനുവിനെതിരെ കലാപകാരികളുടെ ആക്രമണമുണ്ടായത്. അഞ്ച് മാസം ഗർഭിണിയായിരുന്ന ബൽക്കീസ് ബാനുവിനെ അക്രമികൾ ക്രൂരമായി ബലാത്സംഗം ചെയ്തു. ഇവരുടെ കുടുംബത്തിലെ ഏഴ് സ്ത്രീകളെയാണ് അക്രമികൾ ബലാത്സംഗം ചെയ്തു കൊലപ്പെടുത്തിയത്. തുടർന്ന് ബൽക്കീസ് ബാനു നടത്തിയ നിയമപോരാട്ടത്തെ തുടർന്ന് അവർക്ക് 50 ലക്ഷം രൂപ നഷ്ടപരിഹാരവും സർക്കാർ ജോലിയും വീടും നൽകാൻ സുപ്രിംകോടതി സംസ്ഥാന സർക്കാറിനോട് നിർദേശിച്ചിരുന്നു.