'ജനാധിപത്യവിരുദ്ധ ശക്തികളെ എതിർക്കാനുള്ള ഇച്ഛാശക്തി കാണിക്കുന്നു'; ഭാരത് ജോഡോ യാത്രയെ പുകഴ്ത്തി ബിനോയ് വിശ്വം
|ജനുവരി 30ന് ശ്രീനഗറിൽ നടക്കുന്ന ജോഡോ യാത്രയുടെ സമാപന സമ്മേളനത്തിൽ പാർട്ടി ജനറൽ സെക്രട്ടറി ഡി.രാജയും ബിനോയ് വിശ്വവും പങ്കെടുക്കും.
ന്യൂഡൽഹി: രാഹുൽ ഗാന്ധിയുടെ ഭാരത് ജോഡോ യാത്രയെ പുകഴ്ത്തി ബിനോയ് വിശ്വം എം.പി. ജനാധിപത്യവിരുദ്ധ ശക്തികളെ എതിർക്കാനുള്ള ഇച്ഛാശക്തി ജോഡോ യാത്ര കാണിക്കുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു. യാത്രയുടെ തുടക്കത്തിൽ പറയാത്ത കാര്യങ്ങൾ രാഹുൽ ഗാന്ധിയും കോൺഗ്രസും ഇപ്പോൾ പറയുന്നുണ്ട്. ഇത് സി.പി.ഐ കണക്കിലെടുക്കുന്നുവെന്നും ബിനോയ് വിശ്വം പറഞ്ഞു.
ഭാരത് ജോഡോ യാത്രയുടെ സമാപന സമ്മേളനത്തിൽ സി.പി.ഐ നേതാക്കൾ പങ്കെടുക്കുമെന്ന് നേതൃത്വം വ്യക്തമാക്കിയിരുന്നു. ജനുവരി 30ന് ശ്രീനഗറിൽ നടക്കുന്ന സമാപന സമ്മേളനത്തിൽ പാർട്ടി ജനറൽ സെക്രട്ടറി ഡി.രാജയും ബിനോയ് വിശ്വവുമാണ് പങ്കെടുക്കുക.
സമാപന സമ്മേളനത്തിലേക്ക് 24 പ്രതിപക്ഷ പാർട്ടികളെ രാഹുൽ ഗാന്ധിയും കോൺഗ്രസ് പ്രസിഡന്റ് മല്ലികാർജുൻ ഖാർഗെയും ക്ഷണിച്ചിരുന്നു. നേതാക്കളുടെ ക്ഷണം സ്വീകരിച്ചാണ് സമാപന സമ്മേളനത്തിൽ പങ്കെടുത്താൻ സി.പി.ഐ തീരുമാനിച്ചത്.