India
ത്രിപുര മുഖ്യമന്ത്രി ബിപ്ലബ് കുമാര്‍ ദേബ് രാജിവെച്ചു
India

ത്രിപുര മുഖ്യമന്ത്രി ബിപ്ലബ് കുമാര്‍ ദേബ് രാജിവെച്ചു

Web Desk
|
14 May 2022 11:10 AM GMT

ബി.ജെ.പിയിലെ ആഭ്യന്തര തര്‍ക്കങ്ങളെ തുടര്‍ന്നാണ് രാജി.

അഗര്‍ത്തല: ത്രിപുര മുഖ്യമന്ത്രി ബിപ്ലബ് കുമാര്‍ ദേബ് രാജിവെച്ചു. ബിപ്ലബ് കുമാര്‍ ഗവർണർ സത്ദേവ് നാരായണ്‍ ആര്യയ്ക്ക് രാജി സമർപ്പിച്ചു. ബി.ജെ.പിയിലെ ആഭ്യന്തര തര്‍ക്കങ്ങളെ തുടര്‍ന്നാണ് രാജി.

ത്രിപുര നിയമസഭാ തെരഞ്ഞെടുപ്പ് അടുത്ത വര്‍ഷം നടക്കാനിരിക്കെയാണ് രാജി. പുതിയ മുഖവുമായി തെരഞ്ഞെടുപ്പിനെ നേരിടാനാണ് ബി.ജെ.പിയുടെ തീരുമാനം. കഴിഞ്ഞ ദിവസം അമിത് ഷായുമായുള്ള ചര്‍ച്ചക്കിടെ താന്‍ മാറിനില്‍ക്കാന്‍ തയ്യാറാണെന്ന് ബിപ്ലബ് കുമാര്‍ വ്യക്തമാക്കുകയായിരുന്നു.

"എല്ലാത്തിലും വലുത് പാർട്ടിയാണ്. പ്രധാനമന്ത്രി മോദിയുടെ നേതൃത്വത്തിലും നിർദേശത്തിലുമാണ് ഞാൻ പാർട്ടിക്കായി പ്രവര്‍ത്തിച്ചത്. പാർട്ടിയുടെ സംസ്ഥാനത്തെ തലവന്‍, മുഖ്യമന്ത്രി എന്നീ നിലകളില്‍ ത്രിപുരയിലെ ജനങ്ങളോട് നീതി പുലർത്താൻ ഞാൻ ശ്രമിച്ചിട്ടുണ്ട്. സമാധാനവും വികസനവും ഉറപ്പാക്കാനും സംസ്ഥാനത്തെ കോവിഡ് പ്രതിസന്ധിയിൽ നിന്ന് കരകയറ്റാനും ശ്രമിച്ചു"- ബിപ്ലബ് കുമാര്‍ പറഞ്ഞു.

ത്രിപുരയിലെ സംഘര്‍ഷങ്ങളും ക്രമസമാധാന പ്രശ്നങ്ങളും കാരണം ബിപ്ലബ് സര്‍ക്കാര്‍ ദേശീയ തലത്തില്‍ തന്നെ വിമര്‍ശിക്കപ്പെട്ടിരുന്നു. ബി.ജെ.പിക്കുള്ളിലും ബിപ്ലബിനെതിരെ പടയൊരുക്കം നടന്നു. ഈ സാഹചര്യത്തില്‍ കൂടിയാണ് മുഖ്യമന്ത്രിയെ മാറ്റാനുള്ള പാര്‍ട്ടിയുടെ തീരുമാനം. അടുത്ത മുഖ്യമന്ത്രി ആരായിരിക്കുമെന്ന് ബി.ജെ.പി ഇതുവരെ വ്യക്തമാക്കിയിട്ടില്ല. കേന്ദ്രമന്ത്രി ഭൂപേന്ദ്ര യാദവിനെയും ബി.ജെ.പി ജനറല്‍ സെക്രട്ടറി വിനോദ് താവ്‍ഡെയെയും പുതിയ മുഖ്യമന്ത്രിയെ തീരുമാനിക്കാനായി ബി.ജെ.പി ത്രിപുരയിലേക്ക് അയക്കും.

ത്രിപുരയുടെ ആദ്യത്തെ ബി.ജെ.പി മുഖ്യമന്ത്രിയാണ് ബിപ്ലബ് കുമാര്‍ ദേബ്. 25 വര്‍ഷത്തെ ഇടത് ഭരണത്തിനു ശേഷം 2018ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പി അധികാരത്തില്‍ എത്തുകയായിരുന്നു.

Summary- BJP leader Biplab Kumar Deb resigned as Tripura Chief Minister on Saturday. Party sources confirmed that he has put in his papers. Deb was in Delhi on Friday and returned to Agartala on Saturday morning.

Similar Posts