India
Birthplace of Hanuman; Land prices skyrocket in Karnatakas Anjanadri
India

'ഹനുമാന്റെ ജന്മസ്ഥലം';കർണാടക അഞ്ജനാദ്രിയിലെ ഭൂമി വില കുതിച്ചുയരുന്നു

Web Desk
|
13 March 2024 4:00 PM GMT

പുതിയ സാഹചര്യം മുതലാക്കി ഉടമകൾ ഭൂമി വില 70% വർധിപ്പിച്ചതായാണ് മേഖലയിൽ നിന്നുള്ള റിപ്പോർട്ടുകൾ

കോപ്പൽ:ഹനുമാന്റെ ജന്മസ്ഥലമാണെന്ന് ഹിന്ദുമത വിശ്വാസികൾ കരുതുന്ന കർണാടക അഞ്ജനാദ്രിയിലെ ഭൂമിവില കുതിച്ചുയരുന്നു. അയോധ്യയിലെ രാമക്ഷേത്രത്തിന്റെ ഉദ്ഘാടനത്തിന് ശേഷം അവിടെ വില വർധിച്ചിരുന്നു. അതിന്റെ തുടർച്ചയെന്നോണമാണ് കർണാടകയിലെ കോപ്പൽ ജില്ലയിലെ പ്രദേശത്തും വില വർധിക്കുന്നത്. അഞ്ജനാദ്രി കുന്നിന്റെ പരിസരങ്ങളിൽ ഭൂമിവില കുതിച്ചുയരുന്നതായി സിയാസത്ത്‌ഡോട് കോമാണ് റിപ്പോർട്ട് ചെയ്തത്.

ക്ഷേത്രത്തിലും ചുറ്റുപാടുമായുള്ള അടിസ്ഥാന സൗകര്യങ്ങൾക്കുമായി 100 കോടി രൂപ വകയിരുത്തി അഞ്ജനാദ്രിയെ മത ടൂറിസം കേന്ദ്രമാക്കി വികസിപ്പിക്കാൻ സർക്കാരിന് പദ്ധതിയുണ്ട്. വിഷയത്തിൽ സംസ്ഥാന, കേന്ദ്ര സർക്കാറുകൾ കാര്യമായ താൽപര്യം കാണിക്കുന്നുണ്ട്.

കഴിഞ്ഞ വർഷം ഹനുമാൻ ക്ഷേത്രം സന്ദർശിച്ച ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് അഞ്ജനാദ്രിക്കും അയോധ്യയ്ക്കും ഇടയിൽ നേരിട്ടുള്ള റെയിൽ പാത സ്ഥാപിക്കുമെന്ന് പറഞ്ഞിരുന്നു. ഇത് തീർത്ഥാടന കേന്ദ്രമെന്ന നിലയിൽ പ്രദേശത്തിന്റെ ആകർഷണം വർദ്ധിപ്പിക്കുന്നതാണ്.

വലിയ വികസനവും തൊഴിലവസരങ്ങളും പ്രദേശത്തുണ്ടാകുമെന്നാണ് നാട്ടുകാർ കരുതുന്നത്. ഇത് റിയൽ എസ്റ്റേറ്റ് മേഖലയിലെ പ്രവർത്തനങ്ങളുടെ കുതിച്ചുചാട്ടത്തിന് കാരണമായിരിക്കുകയാണ്. പുതിയ സാഹചര്യം മുതലാക്കി ഉടമകൾ ഭൂമി വില 70% വർധിപ്പിച്ചതായാണ് മേഖലയിൽ നിന്നുള്ള റിപ്പോർട്ടുകൾ.

ഏതാനും മാസം മുമ്പ് അനെഗുണ്ടി വില്ലേജിൽ ഒരേക്കർ ഭൂമിക്ക് 12 ലക്ഷം രൂപ വിലയുണ്ടായിരുന്നു. എന്നാൽ അയോധ്യാ ക്ഷേത്രത്തിന്റെ ഉദ്ഘാടനത്തിനും അഞ്ജനാദ്രിക്ക് ചുറ്റുമുള്ള വികസന സംരംഭങ്ങൾക്കും ശേഷം, വില ഏക്കറിന് 20-25 ലക്ഷം രൂപയായി ഉയർത്തിയിരിക്കുകയാണ്. പ്രദേശത്തിന്റെ മതപരമായ പ്രാധാന്യത്തിനൊപ്പം കൃഷിക്കും ഹോർട്ടികൾച്ചറിനും ഭൂമി അനുയോജ്യമായതും വില വർധിക്കാനിടയാക്കിയിട്ടുണ്ട്.

ഹൈദരാബാദ്, മുംബൈ, ചെന്നൈ എന്നിവിടങ്ങളിൽ നിന്നും രാജ്യത്തിന്റെ മറ്റ് ഭാഗങ്ങളിൽ നിന്നും അഞ്ജനാദ്രിക്ക് ചുറ്റുമുള്ള സ്ഥലങ്ങൾ വാങ്ങാൻ താൽപ്പര്യമുള്ള സന്ദർശകരെത്തുന്നതായി പ്രാദേശിക പഞ്ചായത്തുകളിലെ ഉദ്യോഗസ്ഥർ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. എല്ലാ ആഴ്ചയും വിനോദസഞ്ചാരികളുടെ, പ്രത്യേകിച്ച് ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ നിന്നുള്ളവരുടെ സ്ഥിരമായ പ്രവാഹം ക്ഷേത്രത്തിലേക്കുണ്ട്. ഇതും അഞ്ജനാദ്രിയെ വലിയ തീർത്ഥാടന കേന്ദ്രമാക്കിമാറ്റുന്നുണ്ട്.

Similar Posts