India
BJD, Once BJPs Friend In Need, Joins Oppositions Rajya Sabha Walkout
India

നിർണായക ഘട്ടങ്ങളിൽ ബി.ജെ.പിയുടെ സഹായി; ഒടുവിൽ പ്രതിപക്ഷത്തിനൊപ്പം വാക്കൗട്ട് നടത്തി ബി.ജെ.ഡി

Web Desk
|
3 July 2024 12:50 PM GMT

യു.പി.എ മുൻ അധ്യക്ഷ സോണിയാ ഗാന്ധിക്കെതിരെ മോദി നടത്തിയ പരാമർശമാണ് പ്രതിപക്ഷ പ്രതിഷേധത്തിന് കാരണമായത്.

ന്യൂഡൽഹി: രാജ്യസഭയിൽ ഭൂരിപക്ഷമില്ലാതിരുന്ന രണ്ടാം മോദി സർക്കാരിനെ നിർണായക ബില്ലുകൾ പാസാക്കിയെടുക്കാൻ സഹായിച്ച നവീൻ പട്‌നായികിന്റെ ബിജു ജനതാദൾ ഒടുവിൽ പ്രതിപക്ഷത്തിനൊപ്പം. ഇന്ന് പ്രധാനമന്ത്രിയുടെ പ്രസംഗത്തിനിടെ പ്രതിപക്ഷം വാക്കൗട്ട് നടത്തിയപ്പോൾ ബി.ജെ.ഡിയുടെ ഒമ്പത് എം.പിമാരും ഒപ്പം ചേർന്നു.

യു.പി.എ മുൻ അധ്യക്ഷ സോണിയാ ഗാന്ധിക്കെതിരെ മോദി നടത്തിയ പരാമർശമാണ് പ്രതിപക്ഷ പ്രതിഷേധത്തിന് കാരണമായത്. ഓട്ടോ പൈലറ്റിലും റിമോട്ട് പൈലറ്റിലും സർക്കാർ പ്രവർത്തിപ്പിക്കുന്നവരുണ്ട്. അവർ പ്രവൃത്തിയിൽ വിശ്വസിക്കുന്നില്ല എന്നായിരുന്നു മോദിയുടെ പരാമർശം.

രാജ്യസഭയിലെ പ്രതിപക്ഷനേതാവ് മല്ലികാർജുൻ ഖാർഗെ ഇടപെടാൻ അനുമതി തേടിയെങ്കിലും ചെയർമാൻ അനുവദിച്ചില്ല. തുടർന്നാണ് പ്രതിപക്ഷം സഭ ബഹിഷ്‌ക്കരിച്ച് ഇറങ്ങിപ്പോയത്. പ്രതിപക്ഷത്തിന്റെ നടപടി ഭരണഘടനയെ അപമാനിക്കുന്നതാണ് എന്നായിരുന്നു ചെയർമാന്റെ പ്രതികരണം.

ജമ്മു കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കൽ, യു.എ.പി.എ, വിവരാവകാശ നിയമങ്ങളുടെ ഭേദഗതി, ഡൽഹി ലഫ്റ്റനന്റ് ഗവർണർക്ക് ഉദ്യോഗസ്ഥരുടെ മേൽ സമ്പൂർണ അധികാരം നൽകുന്ന ബിൽ തുടങ്ങിയവ കേന്ദ്രസർക്കാർ രാജ്യസഭയിൽ പാസാക്കിയത് ബി.ജെ.ഡിയുടെ പിന്തുണയോടെയാണ്. ബി.ജെ.പിയോടും കോൺഗ്രസിനോടും സമദൂരമെന്ന് പറയുമ്പോഴും ആവശ്യമുള്ളപ്പോഴെല്ലാം ബി.ജെ.പിയെ സഹായിക്കുന്ന നിലപാടായിരുന്നു ബി.ജെ.ഡി സ്വീകരിച്ചത്.

ഒഡീഷ നിയമസഭാ തെരഞ്ഞെടുപ്പിൽ സഖ്യ ചർച്ചകൾ പരാജയപ്പെട്ടതോടെയാണ് ഇരു പാർട്ടികളും തമ്മിൽ ഇടഞ്ഞത്. ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ഒഡീഷയിലെ 21 സീറ്റിൽ 20ലും ബി.ജെ.പി വിജയിച്ചപ്പോൾ ഒരു സീറ്റ് കോൺഗ്രസ് നേടി. ബി.ജെ.ഡി സംപൂജ്യരായി. നിയമസഭാ തെരഞ്ഞെടുപ്പിൽ 147 സീറ്റിൽ 78 സീറ്റ് നേടി ബി.ജെ.പി അധികാരത്തിലെത്തി. 24 വർഷങ്ങൾക്ക് ശേഷമാണ് ബി.ജെ.ഡി അധികാരത്തിൽനിന്ന് പുറത്തുപോകുന്നത്. തോൽവിക്ക് പിന്നാലെ രാജ്യസഭയിൽ ശക്തമായ പ്രതിപക്ഷമായി തുടരുമെന്ന് പാർട്ടി അധ്യക്ഷൻ ബിജു പട്‌നായിക് വ്യക്തമാക്കിയിരുന്നു.

Similar Posts