2024 ലോക്‌സഭാ തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് ബിജെപി; തോറ്റ മണ്ഡലങ്ങളിൽ കേന്ദ്രമന്ത്രിമാർ നേരിട്ട് പ്രചാരണത്തിനിറങ്ങുന്നു
|ബൂത്ത് തലം മുതൽ സമഗ്രമായ മാറ്റം കൊണ്ടുവരാനാണ് ബിജെപി ശ്രമിക്കുന്നത്. ഇതിന്റെ ഭാഗമായാണ് കേന്ദ്ര മന്ത്രിമാരോട് തന്നെ നേരിട്ട് പ്രചാരണത്തിനായി ഇറങ്ങാൻ ആവശ്യപ്പെട്ടത്.
ന്യൂഡൽഹി: 2024 ലെ ലോക്‌സഭാ തെരഞ്ഞടുപ്പ് നേരിടാൻ കർമപദ്ധതികൾ തയ്യാറാക്കി ബിജെപി. തോൽവി നേരിട്ട 140 ലോക്‌സഭാ മണ്ഡലങ്ങളിൽ ജനങ്ങളിലേക്ക് ഇറങ്ങിച്ചെന്ന് പ്രവർത്തിക്കാൻ കേന്ദ്ര മന്ത്രിമാർക്ക് ബിജെപി ദേശീയ നേതൃത്വം നിർദേശം നൽകി. സർക്കാരിന്റെ ജനക്ഷേമ പ്രവർത്തനങ്ങളെക്കുറിച്ച് ജനങ്ങളോട് സംവദിക്കാനാണ് നേതാക്കൾക്ക് പാർട്ടി നൽകിയ നിർദേശം.
ബൂത്ത് തലം മുതൽ സമഗ്രമായ മാറ്റം കൊണ്ടുവരാനാണ് ബിജെപി ശ്രമിക്കുന്നത്. ഇതിന്റെ ഭാഗമായാണ് കേന്ദ്ര മന്ത്രിമാരോട് തന്നെ നേരിട്ട് പ്രചാരണത്തിനായി ഇറങ്ങാൻ ആവശ്യപ്പെട്ടത്. 2019ൽ ബിജെപി പരാജയപ്പെട്ട 140 ലോക്‌സഭാ മണ്ഡലങ്ങൾ കേന്ദ്രീകരിച്ചാണ് മന്ത്രിമാർ പ്രവർത്തിക്കേണ്ടത്. മണ്ഡലങ്ങളിൽ ജൂലൈ 31ന് മുമ്പായി മന്ത്രിമാർ ബൂത്ത് ശാക്തീകരണ ക്യാമ്പയിൻ പൂർത്തിയാക്കണം. ഈ മണ്ഡലങ്ങളിലുള്ള 77,800 ബൂത്തുകളിൽ പാർട്ടിയെ ശക്തിപ്പെടുത്താനാണ് പ്രവർത്തകർക്ക് ബിജെപി നൽകിയിട്ടുള്ള നിർദേശം.
30 പ്രവർത്തകർ ചേർന്ന് 100 ബൂത്തുകളിൽ പ്രചാരണം നടത്തണം. ഇവരെ നിരീക്ഷിക്കാൻ എംപിമാർക്കാണ് ചുമതല. 25 ബൂത്തുകളുടെ നിരീക്ഷണമാണ് ഓരോ എംഎൽഎമാർക്കും നൽകിയിട്ടുള്ള ചുമതല. ഇവിടെ പ്രവർത്തിക്കാൻ 10 പ്രവർത്തകരെ വീതം പാർട്ടി നിയോഗിക്കും. മോദി സർക്കാർ എട്ടു വർഷം പൂർത്തിയാക്കുന്ന സാഹചര്യത്തിൽ സർക്കാരിന്റെ ജനക്ഷേമ പ്രവർത്തനങ്ങളാണ് ജനങ്ങളുമായി പങ്ക് വെക്കേണ്ടത്. ക്ഷേമ പദ്ധതികൾ ജനങ്ങളിലേക്ക് എത്തിച്ചതും ഇന്ധനവില കുറച്ചതും ഉൾപ്പടെയുള്ള വിഷയങ്ങൾ ബൂത്ത്തലം മുതൽ പ്രചാരണ വിഷയമാക്കണമെന്നും ബിജെപി ദേശീയ നേതൃത്വത്തിന്റെ കർശന നിർദേശമുണ്ട്.