'മൂന്ന് സംസ്ഥാനങ്ങളിൽ എൻ.ഡി.എ വൻ തിരിച്ചടി നേരിടും'; തെരഞ്ഞെടുപ്പ് നിരീക്ഷണങ്ങളുമായി നിക്ഷേപകൻ രുചിർ ശർമ
|രണ്ടു പതിറ്റാണ്ടായി രാജ്യമെങ്ങും സഞ്ചരിച്ചു തെരഞ്ഞെടുപ്പുകള് നിരീക്ഷിച്ച് വിലയിരുത്തലുകൾ നടത്തുന്നയാളാണ് രുചിർ ശർമ
മുംബൈ: ലോക്സഭാ തെരഞ്ഞെടുപ്പിൽ മൂന്ന് സംസ്ഥാനങ്ങളില് എൻ.ഡി.എ തിരിച്ചടി നേരിടുമെന്ന് പ്രമുഖ നിക്ഷേപകനും എഴുത്തുകാരനുമായ രുചിർ ശർമ. ബിഹാർ, കർണാടക, മഹാരാഷ്ട്ര എന്നിവിടങ്ങളിലാണ് ബി.ജെ.പി സഖ്യകക്ഷികൾ വലിയ തിരിച്ചടി നേരിടാൻ പോകുന്നതെന്നാണു നിരീക്ഷണം. ബി.ജെ.പിക്ക് 250 സീറ്റ് നേടാനായില്ലെങ്കിൽ ഓഹരി വിപണിയിൽ 20 ശതമാനം വരെ ഇടിവുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.
'ഇന്ത്യ ടുഡേ'യുടെ പോപ്പ് അപ്പ് കോൺക്ലേവിലാണ് രുചിർ ശർമ തന്റെ നിരീക്ഷണങ്ങൾ പങ്കുവച്ചത്. രണ്ടു പതിറ്റാണ്ടായി രാജ്യമെങ്ങും സഞ്ചരിച്ചു തെരഞ്ഞെടുപ്പുകളെ നിരീക്ഷിക്കുന്നയാൾ കൂടിയാണ് രുചിർ. മഹാരാഷ്ട്രയിൽ ശിവസേന, എൻ.സി.പി പിളർപ്പുകൾ ബി.ജെ.പിക്ക് തിരിച്ചടിയാകുമെന്നാണ് അദ്ദേഹം പറയുന്നത്. ബിഹാറിൽ നിതീഷിന്റെ മറുകണ്ടം ചാടലും മുന്നണിയെ പ്രതികൂലമായി ബാധിക്കും. ആന്ധ്രാപ്രദേശിൽ മാത്രമാണ് ബി.ജെ.പി സഖ്യകക്ഷികൾ നേട്ടമുണ്ടാക്കാൻ പോകുന്നതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. കർണാടക, ആന്ധ്രാപ്രദേശ്, തെലങ്കാന, മഹാരാഷ്ട്ര, ബിഹാർ എന്നിവിടങ്ങളിൽ യാത്ര ചെയ്തു ജനങ്ങളുടെ മനസ്സറിഞ്ഞാണ് ഇത്തരമൊരു നിഗമനത്തിലേക്കെത്തിയതെന്നാണ് രുചിർ പറയുന്നത്.
മഹാരാഷ്ട്രയിൽ രണ്ടു മുന്നണികൾക്കും പാതി സീറ്റായിരിക്കും ലഭിക്കുകയെന്നാണ് ഈ യാത്രയിൽനിന്നു മനസിലാക്കാനായ പൊതുവികാരമെന്നാണ് അദ്ദേഹം വെളിപ്പെടുത്തിയത്. ശരിക്കുമുള്ള നഷ്ടം ബി.ജെ.പി സഖ്യകക്ഷികൾക്കായിരിക്കും. ആന്ധ്രാപ്രദേശിലൊഴിച്ചുള്ള സംസ്ഥാനങ്ങളിൽ, ബിഹാറിലും കർണാടകയിലും മഹാരാഷ്ട്രയിലുമെല്ലാം ബി.ജെ.പി സഖ്യകക്ഷികൾ പ്രത്യേകിച്ചും ദയനീയമായ പ്രകടനമാണു കാഴ്ചവയ്ക്കുന്നത്. വലിയ പ്രതിസന്ധിയാണ് അവർ അഭിമുഖീകരിക്കുന്നത്. ചന്ദ്രബാബു നായിഡു മുന്നേറ്റം തുടരുന്ന ആന്ധ്ര മാത്രമാണ് ഇക്കൂട്ടത്തിൽ ഒരു അപവാദമെന്നും രുചിർ ശർമ പറഞ്ഞു.
ഓരോ സംസ്ഥാനങ്ങളിലും തെരഞ്ഞെടുപ്പിനെ സ്വാധീനിക്കുന്ന ഘടകങ്ങൾ വ്യത്യസ്തമാണ്. ഉദാഹരണത്തിന് ആന്ധ്രയിൽ ജഗൻ മോഹനും ചന്ദ്രബാബു നായിഡുവുമാണ് വിഷയം. അവിടെ ദേശീയ പാർട്ടികൾ ഒരു തരത്തിലും വിഷയമല്ല. ആന്ധ്രയിൽ കോൺഗ്രസ് അപ്രസക്തമാണ്. ബി.ജെ.പിയാണെങ്കിൽ ചെറിയൊരു കക്ഷിയും. ചന്ദ്രബാബു നായിഡുവിന്റെയും നടൻ പവൻ കല്യാണിന്റെയും തോളിലേറിയാണ് അവിടെ ബി.ജെ.പിയുടെ പ്രവർത്തനമെന്നും രുചിർ സൂചിപ്പിച്ചു.
കർണാടകയിൽ കോൺഗ്രസും ബി.ജെ.പിയും തമ്മിലാണു പോര്. അവിടെ ജെ.ഡി.എസ് തീർന്ന പോലെയാണ്. ഇത്തരത്തിൽ ഓരോ സംസ്ഥാനവും വ്യത്യസ്തമാണെങ്കിലും പൊതുവായുള്ള കാര്യം ആന്ധ്ര ഒഴിച്ചുള്ള ഇടങ്ങളിലെല്ലാം ബി.ജെ.പി സഖ്യകക്ഷികൾ നല്ല പ്രകടനമല്ല കാഴ്ചവയ്ക്കുന്നതെന്നതാണ്. മഹാരാഷ്ട്രയിൽ വലിയ തോതിലുള്ള ആശയക്കുഴപ്പം നിലനിൽക്കുന്നുണ്ട്. ആരൊക്കെ ആർക്കൊക്കെ ഒപ്പമാണെന്ന് ആളുകൾക്കു മനസിലാകുന്നില്ല. ജനങ്ങൾക്കിടയിൽ ഉദ്ദവ് താക്കറെയോടും ശരദ് പവാറിനോടും സഹതാപം നിലനിൽക്കുന്നുണ്ടെന്നാണു വ്യക്തമാകുന്നതെന്നും രുചിർ ശർമ കൂട്ടിച്ചേർത്തു.
250നു മുകളിൽ സീറ്റ് നേടാൻ ബി.ജെ.പിക്കായില്ലെങ്കിൽ അത് ഓഹരി വിപണിയിലും ശക്തമായി പ്രതിഫലിക്കുമെന്നും അദ്ദേഹം സൂചിപ്പിച്ചു. മാർക്കറ്റിൽ 10-20 ശതമാനത്തിന്റെ വരെ ഇടിവുണ്ടാകും. വിദേശ നിക്ഷേപകർ ഇങ്ങോട്ട് വരാൻ മടിക്കുന്ന സാഹചര്യം രാജ്യത്തുണ്ട്. വിദേശ നിക്ഷേപത്തിന് അനുകൂലമായ സാഹചര്യം ഇവിടെ ഉണ്ടാകേണ്ടതുണ്ടെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
മഹാരാഷ്ട്രയിൽ അജിത് പവാറിന്റെ എൻ.സി.പിയും ഏക്നാഥ് ഷിൻഡെയുടെ ശിവസേനയുണ് ബി.ജെ.പിക്കൊപ്പമുള്ളത്. ബിഹാറിൽ നിതീഷ് കുമാറിന്റെ ജെ.ഡി.യുവും ചിരാഗ് പാസ്വാന്റെ എൽ.ജെ.പിയും. കർണാടകയിൽ എച്ച്.ഡി കുമാരസ്വാമിയുടെ ജെ.ഡി.എസും ആന്ധ്രയിൽ ചന്ദ്രബാബു നായിഡുവിന്റെ തെലുഗുദേശം പാർട്ടിയും(ടി.ഡി.പി) ഇത്തവണ എൻ.ഡി.എ സഖ്യത്തിൽ ചേർന്നാണു തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നത്.
2019ൽ മഹാരാഷ്ട്രയിലെ ആകെ 48 സീറ്റിൽ 41ഉം ബി.ജെ.പിയും അവിഭക്ത ശിവസേനയും ചേർന്നു തൂത്തുവാരുകയായിരുന്നു. ബി.ജെ.പി 23 ഇടത്ത് വിജയിച്ചപ്പോൾ സേനയ്ക്ക് 18 സീറ്റും ലഭിച്ചു. ഇത്തവണ ബി.ജെ.പി 28 സീറ്റിലേക്കാണു മത്സരിക്കുന്നത്. ഒപ്പമുള്ള ഷിൻഡെ പക്ഷം ശിവസേന 15 സീറ്റിലും ജനവിധി തേടുന്നു. അജിത് പവാർ വിഭാഗം എൻ.സി.പിക്ക് നാല് സീറ്റും നൽകിയിട്ടുണ്ട്.
ആന്ധ്രയിൽ ആകെ 25ൽ ആറ് സീറ്റാണ് ബി.ജെ.പിക്കു ലഭിച്ചത്. ബാക്കിയുള്ള സീറ്റിലെല്ലാം ടി.ഡി.പിയാണു മത്സരിക്കുന്നത്. കർണാടകയിൽ ബി.ജെ.പി 25 സീറ്റിലും ജെ.ഡി.എസ് മൂന്നിടത്തും മത്സരിക്കുന്നുണ്ട്.
Summary: 'BJP's allies in real trouble in Bihar, Karnataka, Maharashtra': Ruchir Sharma decodes Lok Sabha Elections 2024