India
കുറച്ച ഇന്ധന വില പ്രാബല്യത്തിൽ: ജനങ്ങൾക്ക് ആശ്വാസമായെന്ന് ബി.ജെ.പി, ഇനിയും കുറയ്ക്കണമെന്ന് കോണ്‍ഗ്രസ്
India

കുറച്ച ഇന്ധന വില പ്രാബല്യത്തിൽ: ജനങ്ങൾക്ക് ആശ്വാസമായെന്ന് ബി.ജെ.പി, ഇനിയും കുറയ്ക്കണമെന്ന് കോണ്‍ഗ്രസ്

Web Desk
|
22 May 2022 1:00 AM GMT

പെട്രോളിന്റെ വില 10 രൂപ 40 പൈസയും ഡീസലിന്‍റേത് 7 രൂപ 35 പൈസയും കുറഞ്ഞു.

ഡല്‍ഹി: രാജ്യത്ത് കുറച്ച ഇന്ധന വില പ്രാബല്യത്തിൽ. പണപ്പെരുപ്പമാണ് അടിയന്തരമായി വില കുറയ്ക്കാൻ കാരണം. കേന്ദ്രത്തിന്‍റെ തീരുമാനം ജനങ്ങൾക്ക് ആശ്വാസമാണെന്ന് ബി.ജെ.പിയും വില ഇനിയും കുറയ്ക്കണമെന്ന് കോൺഗ്രസും പ്രതികരിച്ചു.

പെട്രോളിന്‍റെ കേന്ദ്ര എക്സൈസ് നികുതി എട്ട് രൂപയും ഡീസലിന്‍റേത് ആറു രൂപയുമാണ് കുറച്ചത്. ഇതോടെ പെട്രോളിന്റെ വില 10 രൂപ 40 പൈസയും ഡീസലിന്‍റേത് 7 രൂപ 35 പൈസയും കുറഞ്ഞു. പ്രധാനമന്ത്രിയുടെ ഉജ്ജ്വൽ യോജനയിൽ കണക്ഷനെടുത്ത ഉപഭോക്താക്കൾക്ക് പാചക വാതക സബ്‌സിഡി 200 രൂപ പ്രഖ്യാപിച്ചു. എക്സൈസ് നികുതി 2014 കാലത്തേക്ക് കൊണ്ടുവരണമെന്നാണ് കോൺഗ്രസിന്റെ ആവശ്യം. 2014 മെയ് മാസത്തിൽ പെട്രോളിന്റെ എക്സൈസ് നികുതി, ലിറ്ററിന് 9 രൂപ 48 പൈസ ആയിരുന്നെന്ന് എഐസിസി ജനറൽ സെക്രട്ടറി രണ്‍ദീപ് സുർജേവാല ചൂണ്ടിക്കാട്ടി. ഇപ്പോഴത്തെ ഏക്സൈസ് നികുതി 27 രൂപ 90 പൈസയാണ്. ഇതിൽ നിന്നാണ് 8 രൂപ കുറിച്ചിരിക്കുന്നത്.

ഇന്ധന വിലക്കയറ്റത്തിനെതിരെ കോൺഗ്രസ് രാജ്യവ്യാപക സമരമായ ജന ജാഗരൺ അഭിയാൻ രണ്ടാം ഘട്ടം പ്രഖ്യാപിച്ചതിനു പിന്നാലെയാണ് ഇന്ധന വില കുറച്ചത്. നിയമസഭകളിലേക്കും ലോക്സഭയിലേക്കും അടുത്ത തെരഞ്ഞെടുപ്പിനു ഒരുങ്ങുന്ന ബി.ജെ.പി നേതൃയോഗം ജയ്‌പൂരില്‍ നടക്കുന്നതിനിടയിലാണ് നികുതി ഇളവ് പ്രഖ്യാപിച്ചിരിക്കുന്നത്. റിപ്പോ നിരക്കിൽ അടക്കം മാറ്റം വരുത്തിയിട്ടും പണപ്പെരുപ്പ നിരക്ക് കുറഞ്ഞിരുന്നില്ല. അവശ്യ സാധനങ്ങളുടെ വില കുത്തനെ ഉയർന്ന സാഹചര്യത്തിലാണ് ഇന്ധന നികുതിയിൽ മാറ്റം വരുത്താൻ കേന്ദ്രസർക്കാർ തയ്യാറായത്.

Similar Posts