തെലങ്കാനയിൽ ബി.ജെ.പി ആദ്യഘട്ട സ്ഥാനാർഥി പട്ടിക പുറത്തിറക്കി; പ്രവാചക നിന്ദ നടത്തിയ രാജാ സിങ് ഗോഷ്മഹലിൽ മത്സരിക്കും
|വിദ്വേഷ പ്രസ്താവനകളുടെ പേരിൽ നടപടി നേരിട്ട രാജാ സിങ്ങിന്റെ സസ്‌പെൻഷൻ പിൻവലിച്ചാണ് സ്ഥാനാർഥിയാക്കിയത്.
ഹൈദരാബാദ്: തെലങ്കാനയിൽ ബി.ജെ.പി ആദ്യഘട്ട സ്ഥാനാർഥി പട്ടിക പ്രഖ്യാപിച്ചു. 52 സ്ഥാനാർഥികളുടെ പട്ടികയാണ് പുറത്തുവിട്ടത്. പ്രവാചക നിന്ദയുടെ പേരിൽ നടപടിയെടുത്ത രാജാ സിങ് ഗോഷ്മഹലിൽനിന്ന് മത്സരിക്കും. മത്സരിപ്പിക്കാൻ തീരുമാനിച്ചതിന് പിന്നാലെ രാജാ സിങ്ങിന്റെ സസ്‌പെൻഷൻ റദ്ദാക്കിയിരുന്നു.
വിദ്വേഷ പ്രസ്താവനകളുടെ പേരിൽ കുപ്രസിദ്ധനായ നേതാവാണ് രാജാ സിങ്. പാർട്ടിയുടെ ദേശീയ അച്ചടക്ക സമിതിയുടെ കാരണം കാണിക്കൽ നോട്ടീസിന് നൽകിയ മറുപടി തൃപ്തികരമായതിനാലാണ് സസ്‌പെൻഷൻ പിൻവലിച്ചതെന്ന് കേന്ദ്രമന്ത്രിയും ബി.ജെ.പി സംസ്ഥാന അധ്യക്ഷനുമായ ജി. കിഷൻ റെഡ്ഡി പറഞ്ഞു. സസ്‌പെൻഷൻ പിൻവലിച്ചതിന് പ്രധാനമന്ത്രി നരേന്ദ്ര മോദിയോടും ആഭ്യന്തര മന്ത്രി അമിത് ഷായോടും രാജാ സിങ് നന്ദി പ്രകടിപ്പിച്ചു.
मैं अपने केंद्रीय और राज्य नेतृत्व द्वारा मुझे दिए गए समर्थन के लिए आभारी हूँ और उन लाखों लोगों का आभारी हूँ जिन्होंने देशभर से सोशल मीडिया के मध्यान से मेरे समर्थन किया।
— Raja Singh (@TigerRajaSingh) October 22, 2023
आपके आशीर्वाद और समर्थन के लिए मैं सदैव आपका आभारी रहूँगा।#GoshamahalWithBJP pic.twitter.com/vp3h7zKLJG
ബി.ജെ.പി അധ്യക്ഷൻ ജെ.പി നദ്ദയുടെ നേതൃത്വത്തിൽ വെള്ളിയാഴ്ച ചേർന്ന യോഗമാണ് സ്ഥാനാർഥികളെ തീരുമാനിച്ചത്. പ്രധാനമന്ത്രി നരേന്ദ്ര മോദി, പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്, ആഭ്യന്തര മന്ത്രി അമിത് ഷാ എന്നിവരും യോഗത്തിൽ പങ്കെടുത്തു.
തെലങ്കാന ബി.ജെ.പിയുടെ മുൻ അധ്യക്ഷൻ സഞ്ജയ് കുമാർ ബന്ധി ഉൾപ്പെടെ മൂന്ന് സിറ്റിങ് എം.പിമാർ പട്ടികയിൽ ഇടംപിടിച്ചു. സഞ്ജയ് കുമാറിന് പുറമെ ബാപ്പു റാവു സോയം, അരവിന്ദ് ധർമപുരി എന്നിവരും ആദ്യഘട്ട പട്ടികയിലുണ്ട്.