സർക്കാർ പദ്ധതികൾ ജനങ്ങളിലെത്തിക്കാൻ വാട്‌സ്ആപ്പ് പ്രമുഖിനെ നിയമിച്ച് മധ്യപ്രദേശ് ബിജെപി
|താഴേത്തട്ടിൽ സംഘടനാപ്രവർത്തനം ഊർജിതമാക്കുന്നതിന്റെ ഭാഗമായാണ് പാർട്ടിയുടെ പുതിയ നീക്കം.
ഭോപ്പാൽ: മധ്യപ്രദേശ് തലസ്ഥാനമായ ഭോപ്പാലിൽ വാട്‌സ്ആപ്പ് പ്രമുഖിനെ നിയമിച്ച് ബിജെപി. എംഎസ്‌സി ബിരുദധാരിയായ രാംകുമാർ ചൗരസ്യയാണ് വാട്‌സ്ആപ്പ് പ്രമുഖ്. സർക്കാർ പദ്ധതികളെ കുറിച്ചുള്ള വിവരങ്ങൾ നേരിട്ട് ജനങ്ങളിലെത്തിക്കാൻ ഉദ്ദേശിച്ചാണ് വാട്‌സ്ആപ്പ് പ്രമുഖിനെ നിയമിച്ചത്. തന്റെ പുതിയ നിയമനത്തിൽ അഭിമാനമുണ്ടെന്നും കൂടുതൽ ആളുകളിലേക്ക് സർക്കാരിന്റെ പ്രവർത്തനം എത്തിക്കാൻ ഇത് സഹായിക്കുമെന്നും രാംകുമാർ പറഞ്ഞു.
ഭോപ്പാലിലാണ് തുടക്കം കുറിച്ചതെങ്കിലും സംസ്ഥാന വ്യാപകമായി വാട്‌സ്ആപ്പ് പ്രമുഖ്മാരെ നിയമിക്കാനാണ് ബിജെപി തീരുമാനം. നവംബർ 20നകം സംസ്ഥാനത്തെ 65,015 ബൂത്തുകളും ഡിജിറ്റൽ നെറ്റ്‌വർക്ക് വഴി ബന്ധിപ്പിക്കാനാണ് പാർട്ടി നീക്കം. ബൂത്ത് കമ്മിറ്റി തെരഞ്ഞെടുപ്പിന് മുന്നോടിയായ താഴേത്തട്ട് വരെ പ്രവർത്തനം സജീവമാക്കാനാണ് ബിജെപി ലക്ഷ്യംവെക്കുന്നത്.
ബൂത്ത് കമ്മിറ്റികളുടെ ഘടനയിൽ കാര്യമായ മാറ്റം വരുത്താനും ബിജെപി ലക്ഷ്യമിടുന്നുണ്ട്. 12 അംഗ ബൂത്ത് കമ്മിറ്റിയിൽ മൂന്നുപേർ വനിതകളായിരിക്കും. മണ്ഡലം, ജില്ലാ കമ്മിറ്റി തെരഞ്ഞെടുപ്പുകൾ ഡിസംബറിലായിരിക്കും നടക്കുക.