മുഖ്യമന്ത്രിക്കെതിരായ പ്രതിഷേധത്തിൽ പങ്കെടുക്കാനെത്തുന്നവർക്ക് പ്രത്യേക ട്രെയിൻ ബുക്ക് ചെയ്ത് ബി.ജെ.പി; ഝാർഖണ്ഡില്‍ വിവാദം
|കഴിഞ്ഞ മൂന്ന് വർഷത്തിനിടെ ഇതാദ്യമായാണ് ഹേമന്ത് സോറൻ സർക്കാരിനെതിരെ ബിജെപി പ്രതിഷേധത്തിനിറങ്ങുന്നത്
റാഞ്ചി: ഝാർഖണ്ഡ് മുഖ്യമന്ത്രിക്കെതിരായ പ്രതിഷേധത്തിൽ പങ്കെടുക്കാനെത്തുന്ന പ്രവർത്തകർക്ക് പ്രത്യേക ട്രെയിൻ ബുക്ക് ചെയ്ത് ബി.ജെ.പി. ഏപ്രിൽ 11 ന് റാഞ്ചിയിലെ സംസ്ഥാന സെക്രട്ടേറിയറ്റിൽ നടക്കുന്ന പ്രക്ഷോഭത്തിൽ പങ്കെടുക്കാനെത്തുന്ന ബിജെപി പ്രവർത്തകർക്ക് സൗകര്യമൊരുക്കാനാണ് ട്രെയിൻ ബുക്ക്‌ചെയ്തിരിക്കുന്നത്. ഗോഡ്ഡയിൽ നിന്ന് ഹാതിയ സ്റ്റേഷനുകളിലേക്കാണ് പ്രത്യേക ട്രെയിൻ ബുക്ക് ചെയ്തത്.
സംഭവം പുറത്തറിഞ്ഞതോടെ വൻ വിവാദമായി. ഝാർഖണ്ഡിലെ ജെഎംഎം നേതൃത്വത്തിലുള്ള സഖ്യ ഭരണത്തിന്റെ കഴിഞ്ഞ മൂന്ന് വർഷത്തിനിടെ ഇതാദ്യമായാണ് ഹേമന്ത് സോറൻ സർക്കാരിനെതിരെ ബിജെപി പ്രതിഷേധത്തിനിറങ്ങുന്നത്. തൊഴിലില്ലായ്മ, അഴിമതി, മോശമായിക്കൊണ്ടിരിക്കുന്ന ക്രമസമാധാന നില എന്നിവയ്ക്കെതിരെയാണ് പ്രക്ഷോഭം സംഘടിപ്പിക്കുന്നത്. 'ഹേമന്ത് ഹഠാവോ - ജാർഖണ്ഡ് ബച്ചാവോ.' എന്ന മുദ്രാവാക്യമുയര്‍ത്തിയാണ് പ്രതിഷേധം നടത്താനൊരുങ്ങുന്നത്.
ഏപ്രിൽ 10 ന് രാവിലെ 10:45 ന് ഗോഡ്ഡയിൽ നിന്ന് പുറപ്പെട്ട് അടുത്ത ദിവസം ഉച്ചകഴിഞ്ഞ് 3 മണിക്ക് ഹാതിയയിൽ എത്തിച്ചേരുന്ന രീതിയിലാണ് പ്രത്യേക ട്രെയിൻ ക്രമീകരിച്ചിട്ടുള്ളതെന്ന് ഗോഡ്ഡ എം.പി നിഷികാന്ത് ദുബെ അറിയിച്ചതിന് പിന്നാലെയാണ് വിവാദം ഉടലെടുത്തത്.