തമിഴ്നാട് ബി.ജെ.പിയിലും ഫണ്ട് വിവാദം; മുൻ ദേശീയ സെക്രട്ടറി എച്ച് രാജ ഫണ്ട് മുക്കി വീട് പണിതതായി പരാതി
|2021ലെ നിയമസഭ തെരഞ്ഞെടുപ്പിൽ അണ്ണാ ഡി.എം.കെ സഖ്യത്തിൽ ബി.ജെ.പി മത്സരിച്ച 20 സീറ്റുകളില്‍ നാലുപേർ മാത്രമാണ് വിജയിച്ചത്
തമിഴ്നാട് ബി.ജെ.പിയിലും തെരഞ്ഞെടുപ്പ് ഫണ്ട് വിവാദം ആളിക്കത്തുന്നു. ബി.ജെ.പി മുൻ ദേശീയ സെക്രട്ടറിയും മുതിർന്ന നേതാവുമായ എച്ച്. രാജ കേന്ദ്ര - സംസ്ഥാന കമ്മിറ്റികൾ മുഖേന ലഭ്യമായ കോടികളുടെ ഫണ്ട് മുക്കിയതായാണ് മുഖ്യ ആരോപണം. തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തിനുശേഷം കാരക്കുടിയിൽ കോടികൾ ചെലവഴിച്ച് രാജ വീട് നിർമിക്കുന്നതും പ്രവര്‍ത്തകരുടെ പ്രതിഷേധത്തിന് ഇടയാക്കി. മുമ്പ് കേരള ബി.ജെ.പി ഘടകത്തിന്റെ സംഘടന ചുമതലയും രാജ വഹിച്ചിരുന്നു.
കാരക്കുടിയിൽ ജനവിധി തേടിയ എച്ച്. രാജ ജയസാധ്യത ഉണ്ടായിട്ടും തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങളിൽ ഉഴപ്പിയെന്നാണ് ആരോപണം. ഇതേകാരണം പറഞ്ഞ് ശിവഗംഗ ജില്ല പ്രസിഡൻറ് ശെൽവരാജ് സ്ഥാനം രാജിവെച്ചു. പിന്നാലെ നിരവധി ഭാരവാഹികളും രാജിവെച്ചു. കോടികളുടെ ഫണ്ട് ലഭ്യമായിട്ടും അത് ചെലവഴിച്ചില്ലെന്നും പറയുന്നു. കഴിഞ്ഞ ലോക്സഭ തെരഞ്ഞെടുപ്പിലും ശിവഗംഗ മണ്ഡലത്തിൽ രാജ പരാജയപ്പെട്ടിരുന്നു. കേന്ദ്ര കമ്മിറ്റിയിൽനിന്ന് ലഭിച്ച നാലുകോടി രൂപയുടെ ഫണ്ട് എച്ച്. രാജ മുഴുവനായും മുക്കിയതായും ഈ തുക സ്വന്തം വീട് നിർമാണത്തിന് ചെലവഴിക്കുകയാണെന്നും ഭാരവാഹികൾ ആരോപിച്ചു.
അതേസമയം, രാജ ഭീഷണിപ്പെടുത്തി എന്നാരോപിച്ച് പാർട്ടിയുടെ കാരൈക്കുടി നഗര ജില്ലാ പ്രസിഡന്റ് കെ ചന്ദ്രൻ ജില്ലാ പ്രസിഡന്റിന് ഒരു നിവേദനം നൽകി. കഴിഞ്ഞ നാല് വർഷമായി താൻ പാർട്ടിക്ക് വേണ്ടി തന്റെ കടമകൾ വളരെ വിശ്വസ്തതയോടെയാണ് നിർവഹിച്ചതെന്ന് കത്തിൽ ചന്ദ്രൻ പറഞ്ഞു. പക്ഷേ, തിരഞ്ഞെടുപ്പിൽ പരാജയപ്പെട്ടതിന് രാജ അദ്ദേഹത്തെ കുറ്റപ്പെടുത്തുകയായിരുന്നു. തോൽവിയെക്കുറിച്ചും അതിൽ അദ്ദേഹം വഹിച്ച പങ്കിനെക്കുറിച്ചും ആത്മപരിശോധന നടത്തുന്നതിനുപകരം, അദ്ദേഹം മറ്റ് പാർട്ടി പ്രവർത്തകരുടെ മേൽ കുറ്റം ചുമത്തുകയായിരുന്നു.
പാർട്ടിയുടെ കാരൈക്കുടി വൈസ് പ്രസിഡന്റ് വഴിയും അദ്ദേഹത്തിന്റെ അനന്തരവൻ ആർ സൂര്യയിലൂടെയും അദ്ദേഹം ഭീഷണിപ്പെടുത്തുകയായിരുന്നു. തനിക്ക് അല്ലെങ്കിൽ അദ്ദേഹത്തിന്റെ കുടുംബാംഗങ്ങൾക്ക് ഉപദ്രവമുണ്ടാകുമെന്ന് ഭയപ്പെടുന്നുവെന്ന് പറഞ്ഞ ചന്ദ്രൻ, തന്റെ പാർട്ടി സ്ഥാനത്തുനിന്നും മറ്റ് എല്ലാ ഉത്തരവാദിത്തങ്ങളിൽ നിന്നും ഒഴിവാക്കിത്തരാന്‍ പാർട്ടി ഹൈക്കമാൻഡിനോട് അഭ്യർത്ഥിച്ചു.
2021ലെ നിയമസഭ തെരഞ്ഞെടുപ്പിൽ അണ്ണാ ഡി.എം.കെ സഖ്യത്തിൽ 20 സീറ്റുകളിലാണ് ബി.ജെ.പി മത്സരിച്ചത്. ഇതിൽ കോയമ്പത്തൂർ സൗത്തിലെ ദേശീയ മഹിള മോർച്ച അധ്യക്ഷ വാനതി ശ്രീനിവാസൻ ഉൾപ്പെടെ നാലുപേർ മാത്രമാണ് വിജയിച്ചത്. സംസ്ഥാന പ്രസിഡൻറ് എൽ. മുരുകൻ ഉൾപ്പെടെയുള്ളവർ തോറ്റു.