വോട്ടെടുപ്പിന് പിന്നാലെ മൊറാദാബാദ് ബിജെപി സ്ഥാനാര്‍ഥി കുന്‍വര്‍ സര്‍വേഷ് അന്തരിച്ചു
|സര്‍വേഷ് അഞ്ച് തവണ എംഎല്‍എയും ഒരു തവണ എം പിയുമായിട്ടുണ്ട്
ലഖ്നൗ: ഉത്തര്‍പ്രദേശിലെ മൊറാദാബാദ് മണ്ഡലം ബിജെപി സ്ഥാനാര്‍ഥി കുന്‍വര്‍ സര്‍വേഷ് സിങ് അന്തരിച്ചു. ലോക്സഭാ തെരഞ്ഞെടുപ്പില്‍ ഉത്തര്‍പ്രദേശിലെ ആദ്യഘട്ട തെരഞ്ഞെടുപ്പിന്റെ ഭാഗമായി വെള്ളിയാഴ്ചയാണ് മൊറാദാബാദില്‍ വോട്ടെടുപ്പ് നടന്നത്. പിന്നാലെയാണ് സ്ഥാനാർത്ഥിയുടെ മരണം. ഠാക്കൂര്‍ വിഭാഗത്തില്‍പ്പെട്ട സര്‍വേഷ് അഞ്ച് തവണ എംഎല്‍എയും ഒരു തവണ എം പിയുമായിട്ടുണ്ട്. ഹൃദയാഘാതത്തെ തുടര്‍ന്നാണ് മരണം. 72 വയസായിരുന്നു.
ഉത്തര്‍പ്രദേശിലെ ബിജെപി വക്താവും അറിയപ്പെടുന്ന വ്യവസായിയുമായിരുന്ന സര്‍വേഷ് ഡല്‍ഹിയിലെ എയിംസില്‍ ചികിത്സയിലായിരുന്നു .ആരോഗ്യ പ്രശ്നങ്ങളെ തുടര്‍ന്ന് പ്രചാരണ പരിപാടികളില്‍ നിന്നും അദ്ദേഹം വിട്ടുനിന്നിരുന്നു. ബിജെപി സ്ഥാനാര്‍ഥിയുടെ വിയോഗത്തില്‍ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഉള്‍പ്പടെയുള്ള നേതാക്കള്‍ അനുശോചനം രേഖപ്പെടുത്തി. ബിജെപിയുടെ കഠിനാദ്ധ്വാനിയായ നേതാവും പാര്‍ട്ടി പ്രവര്‍ത്തകരുടെ പ്രചോദനവുമായിരുന്നു കുന്‍വര്‍ സര്‍വേഷെന്ന് ബിജെപി നേതാവ് ഭൂപേന്ദ്രസിങ് ചൗധരി പറഞ്ഞു.