ഗുജറാത്തിൽ ബൂത്ത് കൈയേറി കള്ളവോട്ട് ചെയ്ത ബിജെപി സ്ഥാനാർഥിയുടെ മകൻ അറസ്റ്റിൽ; റീപോളിങ് പ്രഖ്യാപിച്ച് കമ്മീഷൻ
|ഇയാൾ ഇവിഎം തട്ടിയെടുത്ത് കള്ളവോട്ട് ചെയ്യുകയും ഇതിന്റെ ദൃശ്യങ്ങൾ സാമൂഹമാധ്യമങ്ങളിൽ ലൈവായി നൽകുകയും ചെയ്തിരുന്നു.
അഹമ്മദാബാദ്: ഗുജറാത്തിൽ മൂന്നാം ഘട്ട വോട്ടെടുപ്പിനിടെ പോളിങ് ബൂത്ത് കൈയേറിയ സംഭവത്തിനു പിന്നാലെ റീപോളിങ് പ്രഖ്യാപിച്ച് തെരഞ്ഞെടുപ്പ് കമ്മീഷൻ. ദാഹോദ് മണ്ഡലത്തിലെ 220ാം ബൂത്തിൽ മെയ് 11ന് റീപോളിങ് നടക്കും. ബൂത്ത് കൈയേറിയതിനും കള്ളവോട്ട് ചെയ്തതിനും ബിജെപി സ്ഥാനാർഥിയുടെ മകനെ അറസ്റ്റ് ചെയ്തു.
മണ്ഡലത്തിലെ ബിജെപി സ്ഥാനാർഥിയും സിറ്റിങ് എം.പിയുമായ ജസ്വന്ത് സിങ് ഭാഭോറിന്റെ മകൻ വിജയ് ഭാഭോറാണ് അറസ്റ്റിലായത്. മെയ് ഏഴിനാണ് ദാഹോദ് മണ്ഡലത്തിലെ 220ാം നമ്പർ ബൂത്തിൽ ഇയാളും അനുയായികളും അതിക്രമിച്ചുകയറിയത്.
തുടർന്ന് ഇവിഎം തട്ടിയെടുത്ത് കള്ളവോട്ട് ചെയ്യുകയും ഇതിന്റെ ദൃശ്യങ്ങൾ സാമൂഹമാധ്യമങ്ങളിൽ ലൈവായി നൽകുകയും ചെയ്തു. ദൃശ്യങ്ങൾ വിവാദമായതോടെ പിൻവലിച്ചെങ്കിലും സമൂഹമാധ്യമങ്ങളിൽ വൈറലായി. എന്നാൽ പൊലീസ് നടപടി ഉണ്ടായില്ല.
തുടർന്ന് കോൺഗ്രസ് സ്ഥാനാർഥി പ്രഭോൽ കിഷോർ സിങ് പരാതി നൽകുകയായിരുന്നു. ഇതിന് പിന്നാലെയാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. ഈ ബൂത്തിൽ റീപോളിങ് വേണമെന്ന സംസ്ഥാന കോൺഗ്രസ് നേതൃത്വം ആവശ്യത്തെ തുടർന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഇടപെടൽ. സംഭവത്തിൽ ബിജെപി ഇതുവരെ പ്രതികരിച്ചിട്ടില്ല.