ഹൈദരാബാദിൽ ഉവൈസിക്കെതിരെ രാജാ സിങ്ങിനെ കളത്തിലിറക്കാൻ ബി.ജെ.പി നീക്കം
|മുസ്ലിം വിരുദ്ധ വിദ്വേഷ പ്രസംഗങ്ങൾക്ക് കുപ്രസിദ്ധനായ നേതാവാണ് രാജാ സിങ്.
ഹൈദരാബാദ്: ലോക്സഭാ തെരഞ്ഞെടുപ്പിൽ ഹൈദരാബാദിൽ എ.ഐ.എം.ഐ.എം അധ്യക്ഷൻ അസദുദ്ദീൻ ഉവൈസിക്കെതിരെ ഗോഷാമഹൽ എം.എൽ.എ ടി. രാജാ സിങ്ങിനെ കളത്തിലിറക്കാൻ ബി.ജെ.പി നീക്കം. ഹിന്ദു വോട്ടുകൾ ഏകീകരിക്കുക എന്ന ലക്ഷ്യത്തോടെയാണ് ശക്തനായ ഹിന്ദുത്വ നേതാവിനെ മത്സരിപ്പിക്കാൻ ബി.ജെ.പി ആലോചിക്കുന്നതെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്തു.
2009ൽ ടി.ഡി.പിയിലാണ് രാജാ സിങ് തന്റെ രാഷ്ട്രീയ പ്രവർത്തനം ആരംഭിച്ചത്. 2014 വരെ അദ്ദേഹം ഗ്രേറ്റർ ഹൈദരാബാദ് മുൻസിപ്പൽ കോർപ്പറേഷൻ കൗൺസിലറായിരുന്നു. 2014ൽ ബി.ജെ.പിയിൽ ചേർന്ന അദ്ദേഹം ഗോഷാമഹൽ മണ്ഡലത്തിൽനിന്ന് എം.എൽ.എ ആയി. തുടർച്ചയായി മൂന്നാം തവണയാണ് അദ്ദേഹം ഗോഷാമഹലിനെ പ്രതിനിധീകരിക്കുന്നത്.
മുസ്ലിം വിരുദ്ധ വിദ്വേഷ പ്രസംഗങ്ങൾക്ക് കുപ്രസിദ്ധനായ നേതാവാണ് രാജാ സിങ്. പ്രവാചക നിന്ദാ പരാമർശം നടത്തിയതിന്റെ പേരിൽ അദ്ദേഹത്തെ ബി.ജെ.പി സസ്പെൻഡ് ചെയ്തിരുന്നു. 2023ലെ നിയമസഭാ തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് നടപടി പിൻവലിച്ച് ഗോഷാമഹലിൽ സ്ഥാനാർഥിയാക്കുകയായിരുന്നു.
1989 മുതൽ ഒമ്പത് തവണയായി എ.ഐ.എം.ഐ.എം വിജയിച്ചുവരുന്ന മണ്ഡലമാണ് ഹൈദരാബാദ്. 1984-89 കാലത്ത് സുൽത്താൻ സലാഹുദ്ദീൻ ഉവൈസി സ്വതന്ത്രനായാണ് ഇവിടെ വിജയിച്ചത്. 1989 മുതൽ 2004 വരെ സുൽത്താൻ സലാഹുദ്ദീൻ എ.ഐ.എം.ഐ.എം ടിക്കറ്റിൽ വിജയിച്ചു. 2004 മുതൽ അസദുദ്ദീൻ ഉവൈസിയാണ് ഹൈദരാബാദിനെ പ്രതിനിധീകരിക്കുന്നത്.