India
bjp double stand on media freedom
India

2014ൽ എൻഡിടിവിയെ ബഹിഷ്‌കരിച്ചവർ ഇപ്പോൾ 'ഇൻഡ്യ'ക്കെതിരെ; ബിജെപിയുടെ ഇരട്ടത്താപ്പ് ചർച്ചയാകുന്നു

Web Desk
|
15 Sep 2023 10:44 AM GMT

ചാനൽ ചർച്ചകളിൽ പക്ഷപാതപരമായി പെരുമാറുന്ന 14 അവതാരകരെ ബഹിഷ്‌കരിക്കാനുള്ള ഇൻഡ്യ സഖ്യത്തിന്റെ തീരുമാനത്തിനെതിരെ ബി.ജെ.പി രംഗത്തെത്തിയിരുന്നു.

ന്യൂഡൽഹി: ഗോദി മീഡിയയുടെ ഭാഗമായ വാർത്താ അവതാരകരെ ബഹിഷ്‌കരിക്കാനുള്ള ഇൻഡ്യ സഖ്യത്തിന്റെ തീരുമാനത്തെ വിമർശിച്ച ബിജെപിയുടെ ഇരട്ടത്താപ്പ് ചർച്ചയാവുന്നു. 2014ൽ എൻഡിടിവിയെ ബഹിഷ്‌കരിക്കാൻ ആഹ്വാനം ചെയ്ത ബിജെപിയാണ് ഇപ്പോൾ മാധ്യമസ്വാതന്ത്ര്യത്തെക്കുറിച്ച് സംസാരിക്കുന്നത്. ഫാക്ട് ചെക്കിങ് വെബ്‌സൈറ്റായ ആൾട്ട് ന്യൂസ് സഹസ്ഥാപകൻ മുഹമ്മദ് സുബൈർ അടക്കമുള്ളവർ ഇത് ചൂണ്ടിക്കാട്ടി രംഗത്തെത്തി.

ബിജെപിക്കെതിരെ വ്യാജ ട്വീറ്റ് പടച്ചുണ്ടാക്കിയെന്ന് ആരോപിച്ചാണ് 2014ൽ എൻഡിടിവിയെ ബഹിഷ്‌കരിക്കുമെന്ന് പാർട്ടി പ്രഖ്യാപിച്ചത്. എൻഡിടിവിയുടെ ചർച്ചകളിൽ ബിജെപി പ്രതിനിധികൾ പങ്കെടുക്കില്ലെന്നും പാർട്ടി പുറത്തിറക്കിയ വാർത്താക്കുറിപ്പിൽ വ്യക്തമാക്കിയിരുന്നു.

എന്നാൽ ഗോദി മീഡിയയുടെ ഭാഗമായ 14 അവതാരകരെ ബഹിഷ്‌കരിക്കാനുള്ള ഇൻഡ്യ മുന്നണിയുടെ തീരുമാനത്തെ അപലപിച്ച് ബിജെപി ദേശീയ പ്രസിഡന്റ് തന്നെ രംഗത്തെത്തി. ഇൻഡ്യ മുന്നണി മാധ്യമങ്ങളെ ഭയപ്പെടുന്നു എന്നായിരുന്നു ജെ.പി നദ്ദയുടെ ട്വീറ്റ്. മാധ്യമങ്ങളെ ഭീഷണിപ്പെടുത്തുകയും വ്യത്യസ്ത വീക്ഷണമുള്ളവരെ നിശബ്ദരാക്കുകയും ചെയ്ത നിരവധി സംഭവങ്ങൾ കോൺഗ്രസിന്റെ ചരിത്രത്തിലുണ്ടെന്നും അദ്ദേഹം എക്‌സിൽ കുറിച്ചു.

നവിക കുമാർ(ടൈംസ് നെറ്റ്വർക്ക്), അർണബ് ഗോസ്വാമി(റിപബ്ലിക് ടി.വി), അശോക് ശ്രീവാസ്തവ്(ഡി.ഡി ന്യൂസ്), അമൻ ചോപ്ര, അമീഷ് ദേവ്ഗൺ, ആനന്ദ് നരസിംഹൻ(ന്യൂസ്18), അതിഥി ത്യാഗി(ഭാരത് എക്സ്പ്രസ്), സുധീർ ചൗധരി, ചിത്ര തൃപാഠി(ആജ് തക്), റുബിക ലിയാഖത്(ഭാരത്24), ഗൗരവ് സാവന്ത്, ശിവ് അരൂർ(ഇന്ത്യ ടുഡേ), പ്രാച്ഛി പരാശ്വർ((ഇന്ത്യ ടി.വി), സുശാന്ത് സിൻഹ(ടൈംസ് നൗ നവഭാരത്) എന്നിവരുടെ പരിപാടികൾ ബഹിഷ്‌ക്കരിക്കാനാണു തീരുമാനം. ബുധനാഴ്ച ഡൽഹിയിൽ ചേർന്ന മുന്നണിയുടെ കോ-ഓർഡിനേഷൻ കമ്മിറ്റിയുടെ ആദ്യ യോഗത്തിലാണ് തീരുമാനം.


Similar Posts