കൈസര്‍ഗഞ്ചില്‍ സ്ഥാനാര്‍ഥിയെ പ്രഖ്യാപിക്കാനാകാതെ ബിജെപി
|നിലവിലെ എം പി ബ്രിജ്ജ് ഭൂഷനെതിരെയുള്ള ലൈംഗിക ആരോപണങ്ങളാണ് സ്ഥാനാര്‍ഥി പ്രഖ്യാപനം വൈകിപ്പിക്കുന്നത്.
ഡല്‍ഹി: ഉത്തര്‍പ്രദേശിലെ കൈസര്‍ഗഞ്ചില്‍ ബിജെപിയുടെ സ്ഥാനാര്‍ഥി പ്രഖ്യാപനം വൈകുന്നു. നിലവിലെ എംപി ബ്രിജ് ഭൂഷനെതിരെ ലൈഗിക ആരോപണം നിലനില്‍ക്കുന്നതാണ് സ്ഥാനാര്‍ഥി പ്രഖാപനം വൈകാന്‍ ഇടയാക്കുന്നത്. തെരഞ്ഞെടുപ്പ് ഗോദയിലും കരുത്തു തെളിയിച്ച ബ്രിജ് ഭൂഷണ്‍ മൂന്നുതവണ കൈസര്‍ ഗഞ്ചില്‍ നിന്നും വിജയിച്ചിട്ടുണ്ട്. അതുകൊണ്ട് ബ്രിജ്ജ് ഭൂഷനെ ഒഴിവാക്കി സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിക്കുക എന്നത് ബിജെപിക്ക് വലിയ വെല്ലുവിളിയാണ്. പക്ഷെ, ബ്രജ് ഭൂഷണ്‍ സ്ഥാനാര്‍ഥി പ്രഖ്യാപനത്തിന് കാത്തു നില്‍ക്കാതെ റോഡ് ഷോകളും പൊതു പരിപാടികളുമായി പ്രചാരണ രംഗത്തു സജീവമായിട്ടുണ്ട്. മുന്‍കൂട്ടി അനുമതിയില്ലാതെ വാഹന പ്രചരണ റാലികള്‍ നടത്തിയതിന് ബ്രിജ്ജ് ഭൂഷനെതിരെ തിരഞ്ഞെടുപ്പ് കമ്മീഷന്‍ നോട്ടീസ് അയച്ചിട്ടുണ്ട്.
ലൈംഗിക ആരോപണത്തില്‍ ബ്രിജ്ജ്ഭൂഷനെതിരെ നടപടി എടുക്കാത്തതില്‍ വലിയ പ്രതിഷേധങ്ങള്‍ ഉയര്‍ന്നിരുന്നു. അതിനാല്‍ സീറ്റ് നല്‍കിയാല്‍ ഹരിയാനയിലെയും പശ്ചിമ ഉത്തര്‍പ്രദേശിലെയും ജാട്ടുകളുടെ വോട്ടില്‍ വിള്ളല്‍ വീഴാന്‍ സാധ്യതയുണ്ട്. ബ്രിജ്ജ് ഭൂഷന് ഏറെ സ്വാധീനമുള്ള മണ്ഡലത്തില്‍ മറ്റൊരു സ്ഥാനാര്‍ത്ഥിയെ ജനങ്ങള്‍ അംഗീകരിക്കുമോ എന്ന ആശങ്കയും ബിജെപിക്കുണ്ട്. അതേസമയം ഗുസ്തി താരങ്ങളെ പീഡിപ്പിച്ച കേസിന്റെ വിധി നാളെ ഡല്‍ഹി കോടതി പ്രഖ്യാപിക്കും. വിധി പരിശോധിച്ച ശേഷം ബ്രിജ്ജ് ഭൂഷന്റെ കാര്യത്തില്‍ അന്തിമ തീരുമാനം എടുക്കാനാണ് ബിജെപി നീക്കം. മണ്ഡലത്തില്‍ ഇന്ത്യ മുന്നണിയുടെയും സീറ്റ് നിര്‍ണയ ചര്‍ച്ചകള്‍ പുരോഗമിക്കുകയാണ്.