കര്‍ണാടക: 189 സ്ഥാനാർഥികളുടെ ആദ്യ പട്ടികയുമായി ബി.ജെ.പി, 52 പുതുമുഖങ്ങള്‍
|ആദ്യ പട്ടികയില്‍ എട്ട് വനിതകളാണുള്ളത്.
ബെംഗളൂരു: കർണാടക നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന 189 സ്ഥാനാർഥികളുടെ ആദ്യ പട്ടിക ബി.ജെ.പി പ്രഖ്യാപിച്ചു. നിരവധി സിറ്റിങ് എം.എൽ.എമാരുടെ പേരുകള്‍ പട്ടികയില്‍ ഇല്ല. രണ്ടാം പട്ടിക ഉടൻ വരുമെന്ന് മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ പറഞ്ഞു.
ഇത്തവണ 52 പുതിയ സ്ഥാനാർഥികളുണ്ടെന്ന് ജനറൽ സെക്രട്ടറി അരുൺ സിങ് പറഞ്ഞു. ഒബിസി വിഭാഗത്തില്‍ നിന്ന് 32 പേരും പട്ടികജാതി (എസ്‌സി) വിഭാഗത്തിലെ 30 പേരും സ്ഥാനാർഥി പട്ടികയിലുണ്ടെന്ന് അദ്ദേഹം പറഞ്ഞു. സ്ഥാനാർഥികളില്‍ 9 പേര്‍ ഡോക്ടർമാരാണ്. അഞ്ച് അഭിഭാഷകരും രണ്ട് വിരമിച്ച ബ്യൂറോക്രാറ്റുകളും പട്ടികയിലുണ്ട്. ആദ്യ പട്ടികയില്‍ എട്ട് വനിതകളാണുള്ളത്.
ബസവരാജ് ബൊമ്മൈ തന്‍റെ നിലവിലെ സീറ്റായ ഷിഗ്ഗാവ് മണ്ഡലത്തിൽ തന്നെ മത്സരിക്കും. രമേഷ് ജാർക്കിഹോളി ഗോകക്കിലും ഗോവിന്ദ് എം കാർജോൾ മുധോളിലും മത്സരിക്കും. മന്ത്രി ബി ശ്രീരാമുലു ബെല്ലാരി റൂറലിലാണ് മത്സരിക്കുക. ഉഡുപ്പിയിൽ നിലവിലെ എം.എൽ.എ രഘുപതി ഭട്ടിന് പകരം യശ്പാൽ സുവർണ ആദ്യമായി മത്സരിക്കും. ഹിജാബ് നിരോധനത്തിനായി യശ്പാൽ സുവർണ ശക്തമായ പ്രചാരണം നടത്തിയിരുന്നു. ബി.ജെ.പി ദേശീയ ജനറൽ സെക്രട്ടറി സി.ടി രവി ചിക്കമംഗളൂരുവിലാണ് ജനവിധി തേടുക.
കര്‍ണാടകയില്‍ 224 മണ്ഡലങ്ങളിലാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. മുതിര്‍ന്ന നേതാക്കളുടെ എതിര്‍പ്പിനെ തുടര്‍ന്ന് ബി.ജെ.പിക്ക് ഇതുവരെ സ്ഥാനാര്‍ഥി പട്ടിക പുറത്തുവിടാന്‍ കഴിഞ്ഞിരുന്നില്ല. മകന് സീറ്റ് നൽകാത്തതിൽ പ്രതിഷേധിച്ച് ബി.ജെ.പി സിറ്റിങ് എം.എൽ.എയും മുൻ ഉപമുഖ്യമന്ത്രിയുമായ കെ.എസ് ഈശ്വരപ്പ മൽസരരംഗത്തു നിന്നും പിന്മാറുകയുണ്ടായി. മകൻ കെ.ഇ കാന്തേഷിന് സീറ്റ് നിഷേധിച്ചതും സിറ്റിങ് സീറ്റായ ശിവമോഗയ്ക്ക് പകരം സിദ്ധരാമയ്യയെ നേരിടാൻ വരുണയിൽ പാർട്ടി ടിക്കറ്റ് നൽകിയതുമാണ് കെ.എസ് ഈശ്വരപ്പയെ പ്രകോപിപ്പിച്ചത്. 40 വർഷത്തെ പാർലമെന്‍ററി പാർട്ടി പ്രവർത്തനത്തിൽ നിന്നും പിന്മാറുന്നുവെന്നും ഒരു സീറ്റിലേക്കും തന്നെ പരിഗണിക്കേണ്ടെന്നും പാർട്ടി അധ്യക്ഷൻ ജെ.പി നദ്ദയ്ക്കയച്ച കത്തിൽ ഈശ്വരപ്പ വ്യക്തമാക്കി.
സിറ്റിങ് എം.എൽ.എമാരുടെയും എം.പിമാരുടെയും മക്കൾക്ക് സീറ്റ് നൽകേണ്ട എന്ന പ്രധാനമന്ത്രിയുടെ തീരുമാനത്തെ തുടർന്നാണ് ബി.എസ് യെദ്യൂരപ്പ മൽസര രംഗത്തു നിന്നും പിന്മാറിയത്. പകരം മകൻ ബി.വൈ വിജയേന്ദ്രയെ പരിഗണിക്കാൻ ആവശ്യപ്പെടുകയും ചെയ്തു.
സ്ഥാനാര്‍ഥി പട്ടികയില്‍ പേരില്ലെന്ന സൂചന ലഭിച്ചതോടെ പ്രതിഷേധവുമായി മുന്‍ മുഖ്യമന്ത്രിയും സിറ്റിങ് എം.എല്‍.എയുമായ ജഗദീഷ് ഷെട്ടര്‍ രംഗത്തെത്തി. ബി.ജെ.പി മത്സരിപ്പിച്ചില്ലെങ്കില്‍ താന്‍ സ്വതന്ത്രനായി മത്സരിക്കുമെന്നും ജഗദീഷ് ഷെട്ടര്‍ പറഞ്ഞു- "കഴിഞ്ഞ ആറ് തെരഞ്ഞെടുപ്പുകളിലും 21,000ത്തിലധികം വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് ഞാൻ വിജയിച്ചത്. എന്റെ മൈനസ് പോയിന്റുകൾ എന്തൊക്കെയാണ്? എന്‍റെ രാഷ്ട്രീയ ജീവിതത്തില്‍ ഒരു കളങ്കവുമില്ല. എനിക്കെതിരെ ഒരു ആരോപണവുമില്ല. പിന്നെ എന്തിനാണ് എന്നെ ഒഴിവാക്കുന്നത്? എന്നെ മത്സരിക്കാൻ അനുവദിക്കണമെന്ന് പാർട്ടിയോട് പറയുന്നു. അല്ലെങ്കില്‍ പാര്‍ട്ടിക്കത് നല്ലതായിരിക്കില്ല"- 2012ൽ മുഖ്യമന്ത്രിയായിരുന്ന ജഗദീഷ് ഷെട്ടര്‍ പറഞ്ഞു.
Summary- BJP has announced the first list of 189 candidates for the Karnataka assembly election