India
BJP forced me to Protest on Rahul Gandhi’s reservation remark claims Ambedkar’s great-grandson
India

'രാഹുൽ ​ഗാന്ധിക്കെതിരെ പ്രതിഷേധിക്കാൻ ബിജെപി സമ്മർദം ചെലുത്തി'; വെളിപ്പെടുത്തി അംബേദ്കറുടെ ചെറുമകൻ

Web Desk
|
20 Sep 2024 11:17 AM GMT

തന്നോട് ആജ്ഞാപിക്കാൻ ബിജെപിക്ക് കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു.

ന്യൂഡൽഹി: ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ​ഗാന്ധിക്കെതിരെ പ്രതിഷേധിക്കാനും പ്രതികരിക്കാനും ബിജെപി സമ്മർദം ചെലുത്തിയതായി ഡോ. ബി.ആർ അംബേദ്കറുടെ ചെറുമകന്റെ വെളിപ്പെടുത്തൽ. രാഹുൽ ​ഗാന്ധി യു.എസിൽ സംവരണത്തെ കുറിച്ച് നടത്തിയ പരാമർശത്തിലാണ് പ്രതിഷേധിക്കാൻ ആവശ്യപ്പെട്ട് ബിജെപി നേതാക്കൾ തന്നെ സമീപിച്ചതെന്ന് രാജ് രത്ന അംബേദ്കർ വ്യക്തമാക്കി.

പ്രതിഷേധം നടത്താൻ ചില ബിജെപി നേതാക്കൾ രണ്ട് ദിവസത്തോളം തന്നെ സമ്മർദം ചെലുത്തിയെന്നും എന്നാൽ അത് ചെയ്യില്ലെന്ന നിലപാടിൽ താൻ ഉറച്ചുനിന്നതായും സോഷ്യൽമീഡിയയിൽ പോസ്റ്റ് ചെയ്ത വീഡിയോ സന്ദേശത്തിലൂടെ അംബേദ്കറുടെ ചെറുമകൻ പറയുന്നു. തന്നോട് ആജ്ഞാപിക്കാൻ ബിജെപിക്ക് കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു.

'രാഹുൽ ഗാന്ധിയുടെ പ്രസ്താവനയ്‌ക്കെതിരെ പ്രതിഷേധിക്കാനും ധർണ നടത്താനും രാജ്യത്തെ ഏറ്റവും വലിയ പാർട്ടി എന്നെ സമീപിച്ചു. അവരെന്നെ രണ്ടു ദിവസം സമ്മർദത്തിലാക്കി. പക്ഷേ ഞാൻ ഒരു പ്രതിഷേധവും നടത്തിയിട്ടില്ല. ഞാൻ അത് ചെയ്യാനും പോകുന്നില്ല. ഞാൻ എൻ്റെ പ്രസ്ഥാനം നടത്തുന്നത് സമൂഹത്തിൻ്റെ പണം കൊണ്ടാണ്. അതിനാൽ സമൂഹത്തിന് മാത്രമേ എന്നോട് എന്തെങ്കിലും ചെയ്യാൻ കൽപ്പിക്കാനാവൂ. അല്ലാതെ, എന്നോട് ആജ്ഞാപിക്കാൻ ബിജെപിക്ക് കഴിയില്ല. അവരുടെ ഉത്തരവ് പ്രകാരം ഞാൻ ഒരു പ്രതിഷേധവും നടത്തില്ല'- രാജ്‌രത്‌ന തൻ്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിൽ പോസ്റ്റ് ചെയ്ത വീഡിയോയിൽ പറഞ്ഞു.

രാഹുൽ ഗാന്ധിയുടെ പ്രസ്താവനകളെ പിന്തുണച്ചും അദ്ദേഹം രം​ഗത്തെത്തി. ആരാണ് ശരിയായ അംബേദ്കറൈറ്റ്?. അവർക്ക് രാഹുൽ ഗാന്ധിയുടെ പ്രസ്താവനയിൽ എന്തെങ്കിലും പ്രശ്നമുണ്ടോ എന്നു ചോദിച്ച രാജ്‌രത്‌ന, വാസ്തവത്തിൽ അത് തന്നെയാണ് തങ്ങളും പറയുന്നതെന്നും ചൂണ്ടിക്കാട്ടി. 'സാമൂഹിക വിവേചനം നിലനിൽക്കുന്നതുവരെ സംവരണം ഉണ്ടായിരിക്കണം. സംവരണം ഉപേക്ഷിക്കാനും പട്ടികയിൽ നിന്ന് പുറത്തുകടക്കാനും ഞങ്ങൾ ആഗ്രഹിക്കുന്നു. എന്നാൽ പുറത്തിറങ്ങാനുള്ള സമയമായോ? ഇതാണ് രാഹുൽ ഗാന്ധി പറഞ്ഞത്'- അദ്ദേഹം വിശദമാക്കി.

'ഞാൻ രാഹുൽ ഗാന്ധിയുടെ അനുഭാവിയല്ല. അതുപോലെ കോൺഗ്രസിന്റെ അനുയായിയും അല്ല. ഈ വിഷയത്തിൽ ഞാനെന്തിന് രാഹുലിനെ എതിർക്കണം​? എന്നെ സംബന്ധിച്ച് കോൺഗ്രസും ബിജെപിയും ഒരുപോലെയാണ്. എന്തടിസ്ഥാനത്തിലാണ് ഒരാൾ പ്രതിഷേധം നടത്തേണ്ടത് എന്നതിൽ വ്യക്തത വേണം'- രാജ്‌രത്‌ന പറഞ്ഞു. രാജ്‌രത്‌നയുടെ വീഡിയോ കോൺഗ്രസ് വക്താവ് സുപ്രിയ ശ്രിനേറ്റ് എക്സിൽ പങ്കുവച്ചിട്ടുണ്ട്.

'ഇദ്ദേഹം ബാബാ സാഹെബിൻ്റെ കൊച്ചുമകനാണ്- ഡോ. രാജ്‌രത്‌ന അംബേദ്കർ. സംവരണത്തിനെതിരെ ആശയക്കുഴപ്പം സൃഷ്ടിക്കാൻ ബിജെപി സമ്മർദത്തിലാക്കിയത് എങ്ങനെയെന്ന് അദ്ദേഹം വ്യക്തമായി പറയുന്നു. എന്നാൽ യഥാർഥ അംബേദ്കറൈറ്റ് ആയതിനാൽ രാഹുൽ ​ഗാന്ധിയുടെ പ്രസ്താവനയിൽ അദ്ദേഹം തെറ്റൊന്നും കണ്ടില്ല. രാഹുൽ ​ഗാന്ധി 50 ശതമാനം സംവരണ പരിധി അവസാനിപ്പിക്കും'- അവർ എക്സിൽ കുറിച്ചു.

രാഹുലിന്റെ അമേരിക്കയിലെ പരാമർശത്തിന്റെ പേരിൽ, അദ്ദേഹത്തിന്റെ നാവ് അരിയുന്നവർക്ക് 11 ലക്ഷം രൂപ നൽകുമെന്ന മഹാരാഷ്ട്രയിലെ ഷിൻഡെ വിഭാ​ഗം ശിവസേനാ എംഎൽഎ സഞ്ജയ് ഗെയ്ക്‌വാദ് രം​ഗത്തെത്തിയിരുന്നു. വാർത്താ സമ്മേളനം വിളിച്ചായിരുന്നു ഭീഷണി.

രാജ്യത്തെ സംവരണത്തെ കുറിച്ച് രാഹുൽ ഗാന്ധി അമേരിക്കയിൽ നടത്തിയ പ്രസ്താവന ഉയർത്തിക്കാട്ടിയായിരുന്നു ശിവസേന എംഎൽഎയുടെ പരാമർശം. മഹാരാഷ്ട്രയിലും രാജ്യം മുഴുവനും സംവരണത്തിനായുള്ള മുറവിളികൾ ഉയരുമ്പോഴാണ് രാഹുൽ ഗാന്ധി സംവരണംതന്നെ അവസാനിപ്പിക്കുമെന്ന് പറയുന്നതെന്നും സഞ്ജയ് ഗെയ്‌ക്‌വാദ് ആരോപിച്ചിരുന്നു.

രാഹുലിനെതിരെ ഭീഷണി മുഴക്കിയ സംഭവത്തിൽ സഞ്ജയ് ഗെയ്‌ക്‌വാദാനിനെതിരെ കേസെടുത്തിരുന്നു. മഹാരാഷ്ട്രയിലെ ബുൽദാന പൊലീസാണ് കേസ് രജിസ്റ്റർ ചെയ്തത്. ജോർജ്ടൗൺ സർവകലാശാലയിൽ നടന്ന വിദ്യാർഥികളുമായുള്ള സംവാദത്തിലായിരുന്നു രാഹുലിന്റെ പരാമർശം. സംവരണം നിർത്തലാക്കണമെങ്കിൽ ഇന്ത്യ നീതിയുക്തമായ രാജ്യമാകണമെന്നായിരുന്നു ഒരു വിദ്യാർഥിയുടെ ചോദ്യത്തോട് രാഹുൽ പ്രതികരിച്ചത്. നിലവിൽ ഇന്ത്യയിലെ അവസ്ഥ അത്തരത്തിൽ അല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തിരുന്നു.

എന്നാൽ, രാഹുലിന്റെ പ്രസ്താവന വളച്ചൊടിച്ച് കോൺഗ്രസിനെതിരെ ആയുധമാക്കുകയായിരുന്നു ബിജെപി- ശിവസേന നേതാക്കൾ. രാഹുൽ സംവരണത്തിനെതിരെയാണ് സംസാരിക്കുന്നതെന്നായിരുന്നു ഇവരുടെ ആരോപണം. ഭരണഘടനാ വിരുദ്ധമായ പരാമർശമാണ് രാഹുൽ നടത്തിയതെന്നാരോപിച്ച് ഉപരാഷ്ട്രപതി ജഗദീപ് ധൻകറും രം​ഗത്തെത്തിയിരുന്നു.

Similar Posts