India
jp nadda and mallikarjun kharge
India

‘യുപിഎ ഭരണ കാലത്ത് വിദേശ ഭീകരർക്ക്​ അഭയം നൽകി’; കോൺഗ്രസിനെതിരെ ബിജെപി

വി.കെ. ഷമീം
|
22 Nov 2024 6:00 AM GMT

‘മണിപ്പൂരിലെ സമാധാനം തകരാൻ കാരണം യുപിഎ ഭരണകാലത്തെ സുരക്ഷാവീഴ്​ച’

ന്യൂഡൽഹി: യുപിഎ സര്‍ക്കാരിന്റെ കാലത്ത്​ വിദേശ ഭീകരര്‍ക്ക് ഇന്ത്യയില്‍ അഭയം നല്‍കിയെന്ന്​ ബിജെപി. കോൺഗ്രസ്​ അധ്യക്ഷൻ മല്ലികാര്‍ജുന്‍ ഖാര്‍ഗെയ്ക്ക് ബിജെപി അധ്യക്ഷന്‍ ജെ.പി നദ്ദ അയച്ച കത്തിലാണ്​ ആരോപണമുന്നയിച്ചത്​. കഴിഞ്ഞദിവസം മണിപ്പൂര്‍ സംഘര്‍ഷത്തില്‍ ഇടപെടല്‍ ആവശ്യപ്പെട്ട്​ ഖാർഗെ രാഷ്ട്രപതിക്ക്​ കത്തയച്ചിരുന്നു. ഇതിന്​ മറുപടിയായിട്ടാണ്​ നദ്ദ കോണ്‍ഗ്രസ് അധ്യക്ഷന് കത്തയക്കുന്നത്​.

ഭീകരരുമായി മുന്‍ കേന്ദ്ര ആഭ്യന്തര മന്ത്രി പി. ചിദംബരം സഹകരണ കരാറുകളില്‍ ഒപ്പുവച്ചെന്ന് കത്തില്‍ ആരോപിച്ചു. ഭീകര പ്രവര്‍ത്തനങ്ങള്‍ ഇന്ത്യയില്‍ തുടരാന്‍ അവസരം നൽകി.

മണിപ്പൂരിലെ സമാധാനം തകരാൻ കാരണം യുപിഎ ഭരണകാലത്തെ സുരക്ഷാ വീഴ്​ചകളാണ്​. ഇന്ത്യയെ തകർക്കാൻ കോൺഗ്രസ്​ വിദേശ ശക്​തികളുമായി കൈകോർക്കുന്നു. കോൺഗ്രസ്​ രാജ്യത്തെ ഭിന്നിപ്പിക്കുകയും ​ജനാധിപത്യം തകർക്കുകയുമാണെന്നും നദ്ദ കത്തിൽ കുറ്റപ്പെടുത്തി.

മണിപ്പൂരിലെ കലാപം അവസാനിപ്പിക്കാൻ കേന്ദ്ര-സംസ്​ഥാന സർക്കാരുകൾ ഇടപെടണമെന്നാവശ്യപ്പെട്ടാണ്​ ഖാർഗെ കത്തയച്ചത്​. സംഘർഷം ഇല്ലാതാക്കുന്നതിന്​ പകരം ബിജെപി രാഷ്​ട്രീയ നേട്ടങ്ങൾക്കാണ്​ ശ്രമിക്കുന്നതതെന്നും കത്തിൽ ആരോപിച്ചിരുന്നു.

അതേസമയം, നദ്ദയുടെ കത്തിനെതിരെ കോൺഗ്രസ്​ രംഗത്തുവന്നു. ‘മണ്ണിപ്പൂരിനെക്കുറിച്ച്​ കോൺഗ്രസ്​ അധ്യക്ഷൻ ഖാർഗെ ഇന്ത്യൻ പ്രസിഡൻറിനാണ്​ കത്തയച്ചത്​. ആ കത്തിനെ എതിർക്കാനാണ്​ ഇപ്പോൾ ബിജെപി അധ്യക്ഷൻ കോൺസ്ര്​ അധ്യക്ഷന്​ കത്തയച്ചിരിക്കുന്നത്​. നദ്ദയുടെ കത്ത്​ വ്യാജങ്ങൾ നിറഞ്ഞതാണ്​ എന്നതിൽ അതിശയമൊന്നുമില്ല. നിഷേധം, വക്രീകരണം, വ്യതിചലനം, അപകീർത്തിപ്പെടുത്തൽ എന്നിവയാണ്​ ഇതിൽ അടങ്ങിയിട്ടുള്ളത്​​. മണിപ്പൂരിലെ ജനങ്ങൾ എത്രയും വേഗം സാധാരണ നിലയിലെത്താനും സമാധാനത്തിനും ഐക്യത്തിനും വേണ്ടി കാത്തിരിക്കുകയാണ്’ -കോൺഗ്രസ്​ ജനറൽ സെക്രട്ടറി ജയറം രമേശ്​ പറഞ്ഞു.

ബിജെപിയോട് നാലു ചോദ്യങ്ങളും കോൺഗ്രസ് ഉന്നയിച്ചിട്ടുണ്ട്.

പ്രധാനമന്ത്രി എപ്പോഴാണ് സംസ്ഥാനം സന്ദർശിക്കുക? ബഹുഭൂരിപക്ഷം എംഎൽഎമാരും പിന്തുണക്കാത്ത സാഹചര്യത്തിൽ മുഖ്യമന്ത്രി എത്രനാൾ സംസ്ഥാനത്ത് ദ്രോഹം തുടരും? സംസ്ഥാനത്തിന് ഒരു മുഴുവൻ സമയ ഗവർണറെ എപ്പോഴാണ് നിയമിക്കുക? മണിപ്പൂരിലെ ദയനീയ പരാജയങ്ങളുടെ ഉത്തരവാദിത്തം എപ്പോഴാണ് കേന്ദ്ര ആഭ്യന്തര മന്ത്രി ഏറ്റെടുക്കുക? എന്നിവയാണ്​ ചോദ്യങ്ങൾ.


Similar Posts