India
രാജസ്ഥാനിൽ ആഘോഷം തുടങ്ങി; രാജകീയ വിജയത്തിലേക്കടുത്ത് ബി.ജെ.പി
India

രാജസ്ഥാനിൽ ആഘോഷം തുടങ്ങി; രാജകീയ വിജയത്തിലേക്കടുത്ത് ബി.ജെ.പി

Web Desk
|
3 Dec 2023 6:18 AM GMT

115 സീറ്റുകളിലാണ് ഇപ്പോൾ ബി.ജെ.പി ലീഡ് ചെയ്യുന്നത്

ജയ്പൂർ: രാജസ്ഥാനിൽ വ്യക്തമായ ഭൂരിപക്ഷത്തിലേക്ക് ബി.ജെ.പി നീങ്ങുകയാണ്. ഭരണവിരുദ്ധത കോൺഗ്രസിന് കനത്ത തിരിച്ചടിയാണ് നൽകിയത്. വോട്ടെണ്ണൽ മൂന്ന് മണിക്കൂറിലേക്കടുക്കുമ്പോൾ ശക്തമായ മുന്നേറ്റമാണ് ബി.ജെ.പി നടത്തുന്നത്. സമയം 11.50 ആകുമ്പോൾ 115 സീറ്റുകളിലാണ് ബി.ജെ.പി ലീഡ് ചെയ്യുന്നത്. കോൺഗ്രസാവട്ടെ 65 സീറ്റുകളിലും. ഇവിടെ 19 സീറ്റുകളിൽ മറ്റുള്ളവരും ബി.എസ്പി രണ്ടും ആർ.എൽ.ഡി ഒരു സീറ്റിലും മുന്നിട്ട് നിൽക്കുന്നു. രാജസ്ഥാനിൽ വിജയം ഉറപ്പിച്ച് ബി.ജെ.പി പ്രവർത്തകർ പാർട്ടി ഓഫീസുകളിൽ ആഘോഷം തുടങ്ങിക്കഴിഞ്ഞു.

രാജസ്ഥാനിലെ മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ടും സച്ചിൻ പൈലറ്റും തമ്മിലുള്ള ആഭ്യന്തര കലഹങ്ങൾ തെരഞ്ഞെടുപ്പിന് മുമ്പ് തന്നെ കോൺഗ്രസിന് തലവേദനയായിരുന്നു.എന്നാൽ തെരഞ്ഞെടുപ്പ് അടുത്തതോടെ കോൺഗ്രസ് നേതൃത്വം ഇടപെട്ട് ഈ തർക്കങ്ങൾ പരിഹരിച്ചെന്നും തെരഞ്ഞെടുപ്പിൽ ഒറ്റക്കെട്ടാണെന്നും പ്രഖ്യാപിച്ചിരുന്നു. എന്നാൽ ഈ ആഭ്യന്തര തമ്മിലടി കോൺഗ്രസിന് തിരിച്ചടി നൽകിയിരിക്കുകയാണെന്നാണ് പുറത്ത് വരുന്ന ഫലസൂചനകൾ നൽകുന്നത്.

ഏറ്റവും ഒടുവില്‍ പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍ പ്രകാരം മുൻ ഉപമുഖ്യമന്ത്രിയുമായ സച്ചിൻ പൈലറ്റ് ടോങ്ക് മണ്ഡലത്തിൽ മുന്നിലെത്തിയിട്ടുണ്ട്. ബിജെപി സ്ഥാനാര്‍ഥി അജിത് സിംഗ് കനത്ത വെല്ലുവിളിയാണ് ഉയര്‍ത്തുന്നത്. സച്ചിൻ 2018 ലെ തെരഞ്ഞെടുപ്പിൽ 50,000 ലേറെ വോട്ടിന്റെ ഭൂരിപക്ഷത്തിലായിരുന്നു ടോങ്കിൽ നിന്ന് വിജയിച്ച് കയറിയത്. വോട്ടെണ്ണല്‍ പുരോഗമിക്കുമ്പോൾ രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ടും മുന്നിലാണ്. രാജസ്ഥാനിൽ ബിജെപി വൻ ഭൂരിപക്ഷത്തിൽ വിജയിക്കുമെന്ന് ബി.ജെ.പി നേതാവ് ഗജേന്ദ്ര സിംഗ് സെഖാവത്ത് പറഞ്ഞു.


Similar Posts