India
ബിജെപി ഹരിയാനയിലെ ജനങ്ങളെ ബുദ്ധിമുട്ടിലാക്കി, ബ്രിജ്ഭൂഷന് ജൂലാനയിലെ ജനങ്ങൾ മറുപടി നൽകും: വിനേഷ് ഫോഗട്ട് മീഡിയവണിനോട്
India

'ബിജെപി ഹരിയാനയിലെ ജനങ്ങളെ ബുദ്ധിമുട്ടിലാക്കി, ബ്രിജ്ഭൂഷന് ജൂലാനയിലെ ജനങ്ങൾ മറുപടി നൽകും': വിനേഷ് ഫോഗട്ട് മീഡിയവണിനോട്

Web Desk
|
3 Oct 2024 3:15 AM GMT

'ഇതുവരെ ബിജെപിക്ക് വോട്ടു ചെയ്തിരുന്നവർ ഇത്തവണ കോൺ​ഗ്രസിന് വോട്ടു ചെയ്യും'

ചണ്ഡീ​ഗഢ്: ​ഗുസ്തി ഫെഡറേഷൻ മുൻ പ്രസിഡന്റ് ബ്രിജ്ഭൂഷന് ജൂലാനയിലെ ജനങ്ങൾ മറുപടി നൽകുമെന്ന് ഗുസ്തി താരവും കോൺഗ്രസ് സ്ഥാനാർഥിയുമായ വിനേഷ് ഫോഗട്ട് പറഞ്ഞു. 'തുടക്കത്തിൽ ഗുസ്തിയും രാഷ്ട്രീയവും ഒരു പോലെ ബുദ്ധിമുട്ടുള്ളതാണ്. വെല്ലുവിളികളെ ഭേദിച്ച് മുന്നോട്ടു പോകുമ്പോഴാണ് സന്തോഷം ഉണ്ടാകുന്നത്. പത്തുവർഷമായി ബിജെപി ഹരിയാനയിലെ ജനങ്ങളെ ബുദ്ധിമുട്ടിലാക്കി. ഒക്ടോബർ 8ന് ഫലം വരുമ്പോൾ എല്ലാം വ്യക്തമാകുമെന്നും' വിനേഷ് ഫോഗട്ട് മീഡിയവണിനോട് പറഞ്ഞു.

'ബ്രിജ്ഭൂഷൻ്റെ ആരോപണങ്ങളിൽ ഇപ്പോൾ മറുപടി നൽകുന്നില്ല. ജുലാനയിലെ ജനങ്ങളാണ് ഇത്തവണ തെരഞ്ഞെടുപ്പിനെ നേരിടുന്നത്. ഇതുവരെ ബിജെപിക്ക് വോട്ടു ചെയ്തിരുന്നവർ ഇത്തവണ കോൺ​ഗ്രസിന് വോട്ടു ചെയ്യും. എത്ര ഭൂരിപക്ഷം കിട്ടുമെന്ന് ചിന്തിക്കുന്നില്ല, അതെല്ലാം അമിത സമ്മർദത്തിന് കാരണമാകും. ജയിച്ചാൽ ചെയ്യാൻ ഏറെ കാര്യങ്ങളുണ്ട്. ജുലാനയിൽ മികച്ച വികസനം കൊണ്ടുവരും.' ഫോ​ഗട്ട് കൂട്ടിച്ചേർത്തു. 'പ്രിയങ്കാ ​​ഗാന്ധി മൂത്ത സഹോദരിയെപോലെയാണെന്നും മോശം കാലഘട്ടത്തിലും തൻ്റെ കൂടെ നിന്നു'വെന്നും ഫോ​ഗട്ട് ചൂണ്ടിക്കാട്ടി.

അതേസമയം, ഹരിയാന നിയമസഭാ തെരഞ്ഞെടുപ്പിനുള്ള പരസ്യപ്രചാരണം ഇന്ന് അവസാനിക്കും. ബിജെപി, കോൺഗ്രസ്, ജെജെപി, ആം ആദ്മി പാർട്ടി തുടങ്ങിയവർ നേർക്കുനേർ മത്സരിക്കുന്ന സംസ്ഥാനത്ത് വാശിയേറിയ പോരാട്ടമാണ് നടക്കുന്നത്. സംസ്ഥാനത്തെ 90 മണ്ഡലങ്ങളിൽ ശനിയാഴ്ചയാണ് വോട്ടെടുപ്പ്. കോൺ​ഗ്രസിനുവേണ്ടി പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധി, പ്രിയങ്ക ഗാന്ധി, കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ തുടങ്ങിയവർ മണ്ഡലങ്ങളിൽ നേരിട്ട് എത്തിയായിരുന്നു പ്രചാരണം നടത്തിയത്. ബിജെപി സർക്കാരിന്റെ കർഷക വിരുദ്ധ നടപടികൾ, ഗുസ്തി പ്രതിഷേധം, ജാതി സെൻസസ് ഉൾപ്പെടെയുള്ള വിഷയങ്ങളുയർത്തി വോട്ടർമാർക്കിടയിലേക്ക് ഇറങ്ങി ചെല്ലുകയാണ് കോൺഗ്രസ്.

Similar Posts