പേരിനുള്ളവരുടെ കാലാവധി കഴിയുന്നു; പാർലമെൻറിൽ ബിജെപിക്ക് മുസ്‌ലിം അംഗമില്ല
|ജനസംഖ്യയിൽ 11 ശതമാനത്തോളം വരുന്ന വിഭാഗത്തിന് പാർട്ടി ജനാധിപത്യ പ്രാതിനിധ്യം നൽകാതിരിക്കുന്നത് വഴി ഗുജറാത്ത് മോഡലിന്റെ ദേശീയ പതിപ്പാണോ ബിജെപി കേന്ദ്ര നേതൃത്വം സൃഷ്ടിക്കുന്നതെന്ന ചോദ്യം ഉയരുന്നുണ്ട്
ന്യൂഡൽഹി: നിലവിലുള്ള മൂന്നു പേരുടെ കാലാവധി കഴിയുന്നതോടെ രാജ്യസഭയിൽ ബിജെപിക്ക് മുസ്‌ലിം അംഗമുണ്ടാകില്ല. പാർലമെൻറിൽ തന്നെയും മുസ്‌ലിം അംഗം പാർട്ടിക്കുണ്ടാകില്ല. ചില മാധ്യമങ്ങൾ മുസ്‌ലിം അംഗമായി പറയുന്ന പശ്ചിമബംഗാളിലെ ബിഷ്ണുപൂരിൽ നിന്നുള്ള ലോകസഭാംഗം സൗമിത്ര ഖാൻ 'ഷെഡ്യൂൾഡ് കാസ്റ്റ് അംഗം - സുൻരി' എന്ന് കാണിച്ചാണ് തെരഞ്ഞെടുപ്പിൽ മത്സരിച്ചിരിക്കുന്നത്. ബിഷ്ണുപൂർ എസ്‌സി റിസർവേഷൻ മണ്ഡലവുമാണ്.
കേന്ദ്രമന്ത്രിയായ മുഖ്താർ അബ്ബാസ് നഖ്‌വി, എംജെ അക്ബർ, സയിദ് സഫർ ഇസ്‌ലാം എന്നിവരാണ് നിലവിൽ ബിജെപി അംഗങ്ങളായി രാജ്യസഭയിലുള്ളത്. ഇതിൽ നഖ്‌വിയുടെ കാലാവധി ജൂലൈ ഏഴിന് കഴിയും. 2018 വരെ വിദേശകാര്യ സഹമന്ത്രിയായിരുന്ന അക്ബറിന്റെ കാലാവധി ജൂൺ 29നും സഫർ ഇസ്‌ലാമിന്റെ കാലാവധി ജൂലൈ നാലിനും പൂർത്തിയാകും. ഇതോടെ മുസ്‌ലിം സമുദായത്തിൽ നിന്നുള്ള ബിജെപി അംഗം സഭയിൽ ഇല്ലാതാകും. എൻഡിഎ അംഗമായി ലോക് ജനശക്തി പാർട്ടിയുടെ മഹ്ബൂബ് അലി കൗസറുണ്ടാകും.
ഒഴിവ് വന്ന് നിലവിൽ തെരഞ്ഞെടുപ്പ് നടക്കുന്ന സീറ്റുകളിലൊന്നിൽ പോലും മുസ്‌ലിം സ്ഥാനാർഥിയെയല്ല ബിജെപി നിർത്തിയിരിക്കുന്നത്. സ്ഥാനാർഥികളുടെ നാമനിർദേശ പത്രിക പിൻവലിക്കാനുള്ള സമയം വെള്ളിയാഴ്ച കഴിഞ്ഞിരിക്കുകയാണ്. ഇതോടെ 41 പേർ എതിരില്ലാതെ സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടിരുന്നു. ഇതിൽ 14 പേർ ബിജെപി അംഗങ്ങളാണ്.
ജനസംഖ്യയിൽ 11 ശതമാനത്തോളം വരുന്ന വിഭാഗത്തിന് പാർട്ടി ജനാധിപത്യ പ്രാതിനിധ്യം നൽകാതിരിക്കുന്നത് വഴി ഗുജറാത്ത് മോഡലിന്റെ ദേശീയ പതിപ്പാണോ ബിജെപി കേന്ദ്ര നേതൃത്വം സൃഷ്ടിക്കുന്നതെന്ന ചോദ്യം ഉയരുന്നുണ്ട്. മുസ്‌ലിംകൾക്ക് സീറ്റ് നൽകാത്തത് തങ്ങളുടെ പാർട്ടി നയത്തിന്റെ പ്രതിഫലനമല്ലെന്നാണ് ബിജെപി നേതാക്കൾ തന്നെ പറയുന്നത്. നിയമനിർമാണത്തിൽ എല്ലാ വിഭാഗം ജനങ്ങളുടെയും പിന്തുണ വേണമെന്നും നിയമനിർമാണത്തിന് ഒരു വിഭാഗത്തിന്റെ മാത്രം പിന്തുണ പോരെന്നുമാണ് പേര് വെളിപ്പെടുത്താത്ത ഒരു നേതാവ് ഒരു ദേശീയ മാധ്യമത്തോട് പറഞ്ഞത്.
2019 ലോക്‌സഭാ തെരഞ്ഞെടുപ്പിൽ 543 സീറ്റുകളിൽ 303 എണ്ണത്തിൽ ബിജെപി ജയിച്ചെങ്കിലും ഒരു മുസ്‌ലിം സ്ഥാനാർഥിയെയും വിജയിപ്പിക്കാനായിരുന്നില്ല. ലക്ഷദ്വീപ്, ബിഹാർ, ജമ്മു ആൻഡ് കശ്മീർ തുടങ്ങിയവിടങ്ങളിലൊക്കെ ബിജെപി സ്ഥാനാർഥികളെ നിർത്തിയിരുന്നെങ്കിലും വിജയിച്ചിരുന്നില്ല.
അതേസമയം, ലോക്‌സഭാ, നിയമസഭാ ഉപതെരഞ്ഞെടുപ്പിനുള്ള ബി.ജെ.പി സ്ഥാനാർത്ഥി പട്ടിക പുറത്ത് വന്നു. ലോക്‌സഭാ ഉപതെരഞ്ഞെടുപ്പ് നടക്കുന്ന ഉത്തർപ്രദേശിലെ റാംപൂരിൽ സീറ്റ് പ്രതീക്ഷിച്ചിരുന്ന കേന്ദ്ര മന്ത്രി മുക്താർ അബ്ബാസ് നഖ്‌വി പട്ടികയിൽ ഉൾപ്പെട്ടിട്ടില്ലെന്നതാണ് ശ്രദ്ധേയമായ കാര്യം. ഇതോടെ നഖ്‌വി കേന്ദ്ര മന്ത്രിസഭയിൽനിന്ന് പുറത്താകുമെന്ന് ഉറപ്പായി. മുക്താർ അബ്ബാസ് നഖ്‌വിയെ റാംപൂരിൽനിന്ന് മത്സരിപ്പിക്കുമെന്നായിരുന്നു നേരത്തെ റിപ്പോർട്ടുണ്ടായിരുന്നത്. മൂന്നു തവണ രാജ്യസഭാ അംഗമായി സേവനമനുഷ്ഠിച്ച നഖ്‌വി അടുത്തിടെയാണ് കാലാവധി പൂർത്തിയാക്കിയത്. നിർമല സീതാരാമൻ, പിയൂഷ് ഗോയൽ അടക്കമുള്ള നേതാക്കന്മാർക്ക് ഒരിക്കൽകൂടി ബി.ജെ.പി രാജ്യസഭാ സീറ്റ് നൽകിയെങ്കിലും നഖ്‌വിയെ പരിഗണിച്ചിരുന്നില്ല. പകരം രാംപൂർ ഉപതെരഞ്ഞെടുപ്പിൽ മത്സരിപ്പിച്ച് പാർലമെന്റിൽ എത്തിക്കുമെന്നായിരുന്നു റിപ്പോർട്ട്. എന്നാൽ, ഉപതെരഞ്ഞെടുപ്പിനുള്ള സ്ഥാനാർത്ഥി പട്ടികയിൽനിന്നും അദ്ദേഹം പുറത്തായതോടെ മന്ത്രിസ്ഥാനം തെറിക്കുമെന്ന് ഏറെക്കുറെ ഉറപ്പായിരിക്കുകയാണ്.
''ഇരുസഭകളിലുമായി 400-ലധികം എംപിമാരുള്ള ബിജെപിക്ക് പാർലമെന്റിൽ ഒരു മുസ്ലീം എംപി പോലും ഉണ്ടാകണമെന്നില്ല. നഖ്‌വിക്ക് പിന്നീട് രാജ്യസഭാ ടിക്കറ്റ് ലഭിച്ചേക്കാം/രാംപൂരിൽ നിന്ന് ലോക്‌സഭായിലേക്ക് മത്സരിച്ചേക്കാം). സത്യത്തിൽ മുസ്‌ലിം എംപിമാരുടെ എണ്ണം കുറഞ്ഞുവരികയാണ്. തികച്ചും 'സബ്കാ സാത്ത്' അല്ല'' മുതിർന്ന മാധ്യമപ്രവർത്തകൻ ബിജെപിയുടെ സ്ഥാനാർഥി പട്ടിക വരുന്നതിന് മുമ്പ് ട്വിറ്ററിൽ കുറിച്ചു.
റാംപൂരിൽ ഘനശ്യാം ലോധിയെയും അസംഗഢിൽ ദിനേശ് ലാൽ യാദവിനെയുമാണ് ബി.ജെ.പി സ്ഥാനാർത്ഥികളായി പ്രഖ്യാപിച്ചിരിക്കുന്നത്. യു.പിയിൽ എസ്.പിയുടെ അഖിലേഷ് യാദവും അസം ഖാനും നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടതിനു പിന്നാലെ ഒഴിവു വന്ന സീറ്റുകളിലേക്കാണ് ഉപതെരഞ്ഞെടുപ്പ് നടക്കുന്നത്. ഇരുവരും ലോക്‌സഭാ അംഗത്വം രാജിവച്ചിരുന്നു.
ഘനശ്യാം ലോധി മുൻ എസ്.പി നേതാവാണ്. അഖിലേഷ് യാദവ് അടക്കമുള്ള നേതാക്കൾക്കെതിരെ ക്രിമിനൽ കുറ്റവും അഴിമതി ആരോപണവും നടത്തിയായിരുന്നു ഘനശ്യാം പാർട്ടി വിട്ടത്. ദിനേശ് ലാൽ യാദവ് ബോജ്പുരി നടൻ കൂടിയാണ്. നിരാഹുവ എന്ന പേരിലാണ് അദ്ദേഹം അറിയപ്പെടുന്നത്. കഴിഞ്ഞ തവണയും എസ്.പി അധ്യക്ഷൻ അഖിലേഷ് യാദവിനെതിരെ ബി.ജെ.പി മത്സരിപ്പിച്ചിരുന്നതും ദിനേശിനെയായിരുന്നു.
ഇതോടൊപ്പം, വിവിധ സംസ്ഥാനങ്ങളിൽ നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിനുള്ള സ്ഥാനാർത്ഥികളെയും പ്രഖ്യാപിച്ചിട്ടുണ്ട്. കഴിഞ്ഞ മാസം ത്രിപുര മുഖ്യമന്ത്രി ബിപ്ലവ് കുമാറിനെ ബി.ജെ.പി മാറ്റിയിരുന്നു. നിയമസഭാ അംഗമല്ലാത്ത മാണിക് സാഹയെയാണ് പകരം നിയമിച്ചത്. ത്രിപുരയിൽ ഉപതെരഞ്ഞെടുപ്പ് നടക്കുന്ന ടൗൺ ബോർഡോവാലി മണ്ഡലത്തിലാണ് മണിക് സാഹയെ സ്ഥാനാർത്ഥിയായി ബി.ജെ.പി പ്രഖ്യാപിച്ചിരിക്കുന്നത്. ഇതോടൊപ്പം അഗർത്തലയിൽ അശോക് സിൻഹ, സുർമയിൽ സ്വപ്‌ന ദാസ് പോൾ, ജുബരാജ് നഗറിൽ മലീല ദേബ്‌നാഥ്, ആന്ധ്രപ്രദേശിലെ ആത്മികൂറിൽ ഭരത് കുമാർ യാദവ്, ഡൽഹിയിലെ രജീന്ദർ നഗറിൽ രാജേഷ് ഭാട്ടിയ, ജാർഖണ്ഡിലെ മന്ദറിൽ ഗംഗോത്രി കുജൂർ എന്നിവരെയും സ്ഥാനാർത്ഥികളായി പ്രഖ്യാപിച്ചിട്ടുണ്ട്.
കപിൽ സിബൽ, പി. ചിദംബരം... 41 പേർ എതിരില്ലാതെ രാജ്യസഭയിലേക്ക്
41 പേർ എതിരില്ലാതെ രാജ്യസഭയിലേക്ക്. കോൺഗ്രസിന്റെ പി. ചിദംബരം, രാജീവ് ശുക്ല, ബിജെപിയുടെ സുമിത്ര വാൽമീകി, കവിതാ പാട്ടിദാർ, മുൻ കോൺഗ്രസ് നേതാവ് കപിൽ സിബൽ, ആർജെഡിയുടെ മിസാ ഭാർതി, ആർഎൽഡിയുടെ ജയന്ത് ചൗധരി തുടങ്ങിയവരാണ് എതിരില്ലാതെ രാജ്യസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്.ഉത്തർപ്രദേശിൽനിന്ന് 11, തമിഴ്‌നാടിൽനിന്ന് ആറ്, ബിഹാറിൽനിന്ന് അഞ്ച്, ആന്ധ്രപ്രദേശിൽനിന്ന് നാല്, മധ്യപ്രദേശിൽനിന്നും ഒഡീഷയിൽനിന്നും മൂന്നു വീതം, ചത്തിസ്ഗഢ്, പഞ്ചാബ്, തെലങ്കാന, ജാർഖണ്ഡ് എന്നിവിടങ്ങളിൽനിന്ന് രണ്ട്, ഉത്തരാഖണ്ഡിൽനിന്ന് ഒന്ന് എന്നിങ്ങനെയാണ് എതിരില്ലാതെ വിജയം നേടിയ രാജ്യസഭാ സീറ്റുകൾ.
ബിജെപിയിൽ നിന്ന് ആകെ 14 പേരാണ് എതിരില്ലാതെ വിജയം നേടിയത്. കോൺഗ്രസ്, വൈഎസ്ആർ കോൺഗ്രസ് എന്നിവയിൽ നിന്ന് നാലുപേരും ഡിഎംകെ, ബിജെഡി എന്നിവയിൽനിന്ന് മൂന്നുപേരും രാജ്യസഭയിലെത്തി. ആംആദ്മി പാർട്ടി, ആർജെഡി, ടിആർഎസ്, എഐഡിഎംകെ എന്നിവയിൽനിന്ന് രണ്ടുപേരും ജെഎംഎം, ജെഡിയു, എസ്പി, ആർഎൽഡി എന്നിവയിൽനിന്ന് ഒരാളും മത്സരമില്ലാതെ സഭയിലെത്തി. കപിൽസിബൽ സ്വതന്ത്രനായാണ് സഭാംഗമായത്. വെള്ളിയാഴ്ചയായിരുന്നു നാമനിർദേശ പത്രിക പിൻവലിക്കാനുള്ള അവസാന തിയ്യതി.
15 സംസ്ഥാനങ്ങളിലെ 57 രാജ്യസഭാ സീറ്റുകളിലേക്ക് ജൂൺ പത്തിനാണ് തെരഞ്ഞെടുപ്പ് നിശ്ചയിച്ചിരിക്കുന്നത്. ഇനി മഹാരാഷ്ട്ര - ആറു സീറ്റ്, രാജസ്ഥാനിലും കർണാടകയിലും -നാലു സീറ്റ്, ഹരിയാന - രണ്ടു സീറ്റ് എന്നിവിടങ്ങളിലാണ് മത്സരം നടക്കുക. അതേസമയം, രാജസ്ഥാനിലെയും ഹരിയാനയിലെയും രാജ്യസഭാ തിരഞ്ഞെടുപ്പിനെക്കുറിച്ചുള്ള സസ്‌പെൻസ് വെള്ളിയാഴ്ചയും തുടർന്നു, അസ്വസ്ഥരായ കോൺഗ്രസ് അതിന്റെ എംഎൽഎമാരെ കോൺഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളിലെ രണ്ട് നഗരങ്ങളായ ഉദയ്‌പൂരിലെയും റായ്‌പൂരിലെയും ഹോട്ടലുകളിലേക്ക് കൂട്ടിക്കൊണ്ടുപോയി.
BJP has no Muslim member in the Rajya Sabha