India
27 വർഷമായി തോൽവി അറിയാത്ത ബിജെപി; ഗുജറാത്തിൽ കോൺഗ്രസ് എന്തു ചെയ്യും?
India

27 വർഷമായി തോൽവി അറിയാത്ത ബിജെപി; ഗുജറാത്തിൽ കോൺഗ്രസ് എന്തു ചെയ്യും?

Web Desk
|
3 Nov 2022 8:20 AM GMT

1995ന് ശേഷം ബിജെപി സംസ്ഥാനത്ത് തോൽവിയറിഞ്ഞിട്ടില്ല

അഹമ്മദാബാദ്: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ തട്ടകമായ ഗുജറാത്തിൽ രണ്ടു ഘട്ടമായി വോട്ടെടുപ്പ് പ്രഖ്യാപിച്ചിരിക്കുകയാണ് തെരഞ്ഞെടുപ്പ് കമ്മിഷൻ. ഡിസംബർ ഒന്ന്, അഞ്ച് തിയ്യതികളാണ് സംസ്ഥാനത്തെ 4.9 കോടി വോട്ടർമാർ സമ്മതിദാനാവകാശം വിനിയോഗിക്കുക. നവംബർ 12ന് ബൂത്തിലെത്തുന്ന ഹിമാചൽ പ്രദേശിനൊപ്പം, ഡിസംബർ എട്ടിനാണ് ഗുജറാത്തിലെയും വോട്ടെണ്ണൽ.

തുടർച്ചയായി ബിജെപി അധികാരത്തിലുള്ള ഗുജറാത്തിൽ ഇത്തവണ മാറ്റം സംഭവിക്കുമോ? കോൺഗ്രസിന് പുറമേ, കളത്തിലെത്തിയ ആം ആദ്മി പാർട്ടി അത്ഭുതങ്ങൾ കാട്ടുമോ? കോൺഗ്രസ് വീണ്ടും ഉയിർത്തെഴുന്നേൽക്കുമോ? ഇത്തരം ചോദ്യങ്ങൾക്കെല്ലാം ഉത്തരം കിട്ടാൻ ഇനി ആഴ്ചകളുടെ കാത്തിരിപ്പു മാത്രം.

കഴിഞ്ഞ 27 വർഷമായി ബിജെപിയാണ് സംസ്ഥാനത്തിന്റെ അധികാരം കൈയാളുന്നത്. 1995ന് ശേഷം അവർ തോൽവിയറിഞ്ഞിട്ടില്ല. 95ൽ 182ൽ 121 സീറ്റു നേടിയാണ് ബിജെപി അധികാരത്തിലെത്തിയത്. പിന്നീടുള്ള അഞ്ചു തെരഞ്ഞെടുപ്പിലും ബിജെപി നൂറിൽ കൂടുതൽ സീറ്റു നേടി. എന്നാൽ 2017ൽ കടുത്ത ഭരണവിരുദ്ധ വികാരം നേരിട്ട ബിജെപി നൂറിൽ താഴെ സീറ്റിലൊതുങ്ങി. ആകെ കിട്ടിയത് 99 സീറ്റ്. പ്രധാന പ്രതിപക്ഷമായ കോൺഗ്രസ് 77 സീറ്റു നേടി.

എന്നാൽ കഴിഞ്ഞ തവണ ആകെ പോൾ ചെയ്തതിൽ 49.05 ശതമാനം വോട്ടും നേടിയത് ബിജെപിയാണ്. കോൺഗ്രസിന് 41.44 ശതമാനം വോട്ടു കിട്ടി. 2001 ഒക്ടോബർ മുതൽ മുഖ്യമന്ത്രിക്കസേരയിൽ ഉണ്ടായിരുന്ന നരേന്ദ്രമോദി കേന്ദ്രത്തിലേക്ക് പോയ ശേഷമുള്ള ആദ്യ തെരഞ്ഞെടുപ്പു കൂടിയായിരുന്നു ഇത്.

2017ൽ 2022ലെത്തുമ്പോളുള്ള ഏക മാറ്റം ആം ആദ്മി പാർട്ടിയുടെ വരവാണ്. എന്നാൽ മുൻ തെരഞ്ഞെടുപ്പിലെ വോട്ട് ഓഹരികൾ കണക്കിലെടുക്കുമ്പോൾ ആം ആദ്മി സംസ്ഥാനത്തുണ്ടാക്കുന്ന സ്വാധീനം കാത്തിരുന്നു കാണേണ്ടി വരും. 2017ൽ കോൺഗ്രസ്-ബിജെപി ഇതര കക്ഷികൾക്ക് ആരെ കിട്ടിയത് രണ്ടു ശതമാനത്തിൽ താഴെ വോട്ടാണ്. വിജയിച്ച മൂന്നു സ്വതന്തർക്ക് 4.30 ശതമാനം വോട്ടുകിട്ടി. ഒരു സീറ്റിൽ വിജയിച്ച എൻസിപിക്ക് കിട്ടിയത് 0.62 ശതമാനം വോട്ടാണ്. രണ്ടിടത്ത് വിജയിച്ച ബിടിപിക്ക് 0.74 ശതമാനം വോട്ടും.

2012ലും സമാനമായ സ്ഥിതിയായിരുന്നു. അന്ന് 115 സീറ്റു കിട്ടിയ ബിജെപിക്ക് 47.85 ശതമാനം വോട്ടു ലഭിച്ചു. 61 സീറ്റിൽ വിജയിച്ച കോൺഗ്രസിന് 38.93 ശതമാനം വോട്ടും. ബിജെപി സർക്കാറിനെതിരെ നടന്ന പട്ടേൽ വിരുദ്ധ പ്രക്ഷോഭമാണ് കഴിഞ്ഞ തവണ ബിജെപിക്ക് കൂടുതൽ സീറ്റുകൾ നഷ്ടമാകാൻ ഇടയാക്കിയത് എന്ന് കരുതപ്പെടുന്നു.

2012ന് ശേഷം നടന്ന രണ്ട് ലോക്‌സഭാ തെരഞ്ഞെടുപ്പിലും ബിജെപിക്കായിരുന്നു സമ്പൂർണ മേധാവിത്വം. 2014ൽ സംസ്ഥാനത്ത് ആകെയുള്ള 26ൽ 26 സീറ്റും ബിജെപി സ്വന്തമാക്കി. ആകെ വോട്ട് ഓഹരി 60.1 ശതമാനം. ഒരു സീറ്റു പോലും കിട്ടിയില്ലെങ്കിലും കോൺഗ്രസിന് 33.5 ശതമാനം വോട്ടുകിട്ടി. 2019ലും എല്ലാ സീറ്റിലും ബിജെപി സ്ഥാനാർത്ഥികൾ വിജയിച്ചു. പോൾ ചെയ്ത വോട്ടിൽ 63.1 ശതമാനവും ബിജെപിക്കാണ് കിട്ടിയത്.

Summary: Ruling BJP, which has been in power in Gujarat for 27 years, still got nearly 50% of the votes

Similar Posts