'ബി.ജെ.പിയും യാത്ര നടത്തുന്നു, അവർക്കും കത്തയച്ചിട്ടുണ്ടോ?'; കേന്ദ്രത്തോട് കോൺഗ്രസ് നേതാവ്
|'എന്തുകൊണ്ട് രാഹുൽ ഗാന്ധി മാത്രം?, എന്തുകൊണ്ട് കോൺഗ്രസ് പാർട്ടി മാത്രം?, എന്തുകൊണ്ട് ഭാരത് ജോഡോ യാത്ര?'; കോൺഗ്രസ് നേതാവ് ചോദിച്ചു
ഹരിയാന: കർണാടകയിലും രാജസ്ഥാനിലും ബി.ജെ.പി യാത്ര നടത്തുന്നത് ചോദ്യം ചെയ്ത് കോൺഗ്രസ് നേതാവ് പവൻ ഖേര. കോവിഡ് പ്രോട്ടോക്കോൾ പാലിക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര ആരോഗ്യമന്ത്രി മൻസുഖ് മാണ്ഡവ്യ ബി.ജെ.പിക്കും കത്തയച്ചിട്ടുണ്ടോയെന്ന് കോൺഗ്രസ് നേതാവ് ചോദിച്ചു. കോവിഡ് പ്രോട്ടോക്കോളുകൾ പാലിക്കാൻ കഴിയുന്നില്ലെങ്കിൽ ഭാരത് ജോഡോ യാത്ര താൽക്കാലികമായി നിർത്തിവയ്ക്കുന്നത് പരിഗണിക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര ആരോഗ്യമന്ത്രി രാഹുൽ ഗാന്ധിക്ക് കത്തെഴുതിയതിന് പിന്നാലെയാണ് കോൺഗ്രസ് നേതാവിന്റെ ചോദ്യം.
'എന്തുകൊണ്ട് രാഹുൽ ഗാന്ധി മാത്രം?, എന്തുകൊണ്ട് കോൺഗ്രസ് പാർട്ടി മാത്രം?, എന്തുകൊണ്ട് ഭാരത് ജോഡോ യാത്ര?' എന്ന ചോദ്യവുമായാണ് പവൻ ഖേര രംഗത്തെത്തിയത്. 'ദയവായി കോവിഡ് പ്രോട്ടോക്കോളുകൾ പ്രഖ്യാപിക്കൂ, ഞങ്ങൾ അവ പിന്തുടരും,' പവൻ ഖേര മാധ്യമപ്രവർത്തകരോട് പറഞ്ഞു. വാക്സിൻ എടുത്തവരെ മാത്രമേ യാത്രയിൽ പങ്കെടുപ്പിക്കാവൂ, മാസ്കും സാനിറ്റൈസറും ഉപയോഗിക്കണം തുടങ്ങിയ നിർദേശങ്ങളാണ് ആരോഗ്യമന്ത്രി മുന്നോട്ടുവെച്ചത്.
ചൊവ്വാഴ്ചയാണ് മാണ്ഡവ്യ രാഹുൽ ഗാന്ധിക്കും രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെലോട്ടിനും കത്തയച്ചത്. ഇതിൽ രാജസ്ഥാനിൽ നിന്നുള്ള മൂന്ന് എംപിമാരായ പി പി ചൗധരി, നിഹാൽ ചന്ദ്, ദേവ്ജി പട്ടേൽ എന്നിവർ ആശങ്കകൾ പ്രകടിപ്പിച്ചതായി മാണ്ഡവ്യ പറഞ്ഞു. രാജസ്ഥാനിൽ നിന്നും ഭാരത് ജോഡോ യാത്ര ഹരിയാനയിലേക്ക് പ്രവേശിച്ചിട്ടുണ്ട്.