'റിപ്പബ്ലിക്ക് ടി.വിയും ന്യൂസ് 18ഉം സംപ്രേഷണം ചെയ്തത് ബി.ജെ.പി ഐ.ടി സെല്‍ വീഡിയോ'; കുറ്റപത്രം കെട്ടിചമച്ചതെന്ന് ഉമര്‍ ഖാലിദ് കോടതിയില്‍
|മാധ്യമപ്രവര്‍ത്തനത്തിന്‍റെ അന്ത്യമാണ് ഇവിടെ സംഭവിച്ചതെന്ന് പറഞ്ഞ ഉമറിന്‍റെ അഭിഭാഷകന്‍ പ്രസംഗത്തിന്‍റെ മുഴുവന്‍ വീഡിയോയും കോടതിക്ക് കൈമാറി
ഡല്‍ഹി പൊലീസ് ഫയല്‍ ചെയ്ത കുറ്റപത്രം കെട്ടിചമച്ചതാണെന്ന് വിദ്യാര്‍ഥി നേതാവ് ഉമര്‍ ഖാലിദ് കോടതിയില്‍. ഉമര്‍ ഖാലിദിന്‍റെ പ്രസംഗത്തില്‍ നിന്നും വെട്ടിമാറ്റി റിപ്പബ്ലിക്ക് ടി.വി, ന്യൂസ് 18 എന്നിവര്‍ സംപ്രേഷണം ചെയ്ത വീഡിയോ ക്ലിപുകളുടെ അടിസ്ഥാനത്തിലാണ് കുറ്റപത്രം രേഖപ്പെടുത്തിയിട്ടുള്ളത്. ബി.ജെ.പി ഐ.ടി സെല്‍ മേധാവി പടച്ചുവിട്ട വീഡിയോ ദൃശ്യങ്ങളായിരുന്നു ചാനലുകള്‍ പ്രചരിപ്പിച്ചതെന്ന് ഉമര്‍ ഖാലിദിന്‍റെ അഭിഭാഷകന്‍ ത്രിദീപ് പയസ് ദല്‍ഹി കോടതിയെ അറിയിച്ചു. ഡല്‍ഹി കലാപക്കേസുമായി ബന്ധപ്പെട്ട് പൊലീസ് രജിസ്റ്റര്‍ ചെയ്ത 715 എഫ്.ഐ.ആറുകളിലും ഉമര്‍ ഖാലിദിന്‍റെ പേരില്ലെന്ന് പയസ് കോടതിയില്‍ വാദിച്ചു. ഉമര്‍ ഖാലിദിന്‍റെ മേല്‍ അനാവശ്യമായി യു.എ.പി.എ ചുമത്തിയതാണെന്നും പൗരത്വ നിയമത്തെ എതിര്‍ത്തു എന്നതാണ് കാരണമെന്നും പയസ് കോടതിയില്‍ പറഞ്ഞു.
ഉമറിനെതിരായത് കെട്ടിച്ചമച്ച കുറ്റപത്രമാണെന്നും എഫ്.ഐ.ആറില്‍ രേഖപ്പെടുത്തിയിട്ടുള്ള പ്രസ്താവനകളും സാക്ഷിമൊഴികളും അബദ്ധജടിലവും പരസ്പരവിരുദ്ധവുമാണെന്നും അഭിഭാഷകന്‍ പയസ് കൂട്ടിച്ചേര്‍ത്തു.
മഹാരാഷ്ട്രയില്‍ ഫെബ്രുവരി 17ന് ഉമര്‍ ഖാലിദ് നടത്തിയ പ്രസംഗമാണ് തിരുത്തലുകളോടെ റിപ്പബ്ലിക്ക് ടി.വിയും ന്യൂസ് 18 ചാനലും സംപ്രേഷണം ചെയ്തത്. ബി.ജെ.പി ഐ.ടി സെല്‍ മേധാവി അമിത് മാളവ്യ ട്വിറ്ററില്‍ പങ്കുവെച്ച വീഡിയോയില്‍ നിന്നാണ് തങ്ങള്‍ക്കു വീഡിയോ ലഭിച്ചതെന്നും വീഡിയോ ദൃശ്യങ്ങള്‍ തങ്ങളുടെ ക്യാമറാമാന്‍ ചിത്രീകരിച്ചതല്ലെന്നും റിപ്പബ്ലിക്ക് ടി.വി സമ്മതിച്ചിട്ടുണ്ട്.
ദൃശ്യങ്ങള്‍ ഒരുവിധ പരിശോധനയുമില്ലാതെയാണോ സംപ്രേഷണം ചെയ്തതെന്ന കോടതി ചോദ്യത്തോട് അതേയെന്ന് മറുപടി നല്‍കിയ പയസ് റിപ്പബ്ലിക് ടി.വിയുടെ വിശദീകരണവും കോടതിക്ക് മുന്നില്‍ അവതരിപ്പിച്ചു. മാധ്യമപ്രവര്‍ത്തനത്തിന്‍റെ അന്ത്യമാണ് ഇവിടെ സംഭവിച്ചതെന്ന് പറഞ്ഞ ഉമറിന്‍റെ അഭിഭാഷകന്‍ പ്രസംഗത്തിന്‍റെ മുഴുവന്‍ വീഡിയോയും കോടതിക്ക് കൈമാറി.
ദല്‍ഹി കലാപവുമായി ബന്ധപ്പെട്ട് 2020 സെപ്റ്റംബര്‍ 14നാണ് ഉമര്‍ ഖാലിദിനെ പൊലീസ് അറസ്റ്റ് ചെയ്യുന്നത്. 2021 ഏപ്രില്‍ 15ന് സെഷന്‍സ് കോടതി അദ്ദേഹത്തിന് ഒരു കേസില്‍ ജാമ്യം അനുവദിച്ചിരുന്നു. എന്നാല്‍ യു.എ.പി.എ ചുമത്തിയ കേസുകളില്‍ ജാമ്യം ലഭിക്കാത്തതിനാല്‍ പുറത്തിറങ്ങാനായില്ല. നവംബർ 22 ന് 200 പേജുള്ള ചാർജ് ഷീറ്റാണ് ഉമർ ഖാലിദിനും ഷർജീൽ ഇമാമിനുമെതിരെ ഡല്‍ഹി പൊലീസ് ഫയൽ ചെയ്തത്. ജയിലില്‍ കഴിയവെ ഉമര്‍ ഖാലിദിന് കോവിഡ് ബാധിച്ചിരുന്നു. ഇരുപത് ദിവസത്തിന് ശേഷമാണ് ഉമര്‍ രോഗമുക്തനായത്.