ഉത്തർപ്രദേശിൽ 200 കടന്ന് ബിജെപി; നില മെച്ചപ്പെടുത്തി എസ്പി
|എസ്.പി 100 സീറ്റിൽ മാത്രമാണ് ലീഡ് ചെയ്യുന്നത്
ആദ്യ മണിക്കൂറിലെ ഫലസൂചനകൾ വരുമ്പോൾ ഉത്തർപ്രദേശിൽ ബിജെപിക്ക് മികച്ച ലീഡ്. 203 സീറ്റിലാണ് ബിജെപി ലീഡ് ചെയ്യുന്നത്. എസ്.പി 100 സീറ്റിൽ മാത്രമാണ് ലീഡ് ചെയ്യുന്നത്. യോഗി ആദിത്യനാഥ്, കേശവ് പ്രസാദ് മൌര്യ ഉൾപ്പെടെ ബിജെപിയുടെ പ്രമുഖ നേതാക്കളെല്ലാം ലീഡ് ചെയ്യുകയാണ്. അഖിലേഷ് യാദവ്, അസം ഖാൻ ഉൾപ്പെടെ എസ്.പിയുടെ പ്രമുഖ നേതാക്കളും ലീഡ് ചെയ്യുന്നു. ഒരിക്കൽ യു.പിയിൽ നിർണായക ശക്തിയായിരുന്ന ബിഎസ്പിക്ക് 5 സീറ്റിൽ മാത്രമേ ആദ്യ മണിക്കൂറിൽ ലീഡുള്ളൂ. കോൺഗ്രസാകട്ടെ 3 സീറ്റിൽ മാത്രമാണ് മുന്നേറുന്നത്.
1989ന് ശേഷം തുടർച്ചയായി രണ്ടു തവണ ഒരേ മുഖ്യമന്ത്രി അധികാരത്തിൽ ഇരിക്കാത്ത സംസ്ഥാനമാണ് യുപി. ആ ചരിത്രം യോഗി ആദിത്യനാഥ് തിരുത്തുമെന്ന സൂചനകളാണ് യുപിയിൽ നിന്ന് വരുന്നത്. 1989ൽ ജനതാദളിന്റെ മുലായം സിങായിരുന്നു മുഖ്യമന്ത്രിയെങ്കിൽ 1991-92ൽ കല്യാൺ സിങ്ങായി ആ പദവിയിൽ. ബാബരി മസ്ജിദിൻറെ തകർച്ചയ്ക്ക് പിന്നാലെ സംസ്ഥാനത്ത് രാഷ്ട്രപതി ഭരണം വന്നു. പിന്നീട് മുഖ്യമന്ത്രിയായത് (1993-95) മുലായം. 95ൽ ബിഎസ്പി അധ്യക്ഷ മായാവതി മുഖ്യമന്ത്രിയായി. 96ൽ വീണ്ടും രാഷ്ട്രപതി ഭരണം. 97ൽ വീണ്ടും മായാവതി. തൊട്ടുപിന്നാലെ കല്യാൺ സിങ് ഒരിക്കൽക്കൂടി അധികാരത്തിൽ.
1999 മുതൽ 2002 വരെ ബിജെപി അധികാരത്തിൽ ഉണ്ടായിരുന്നു എങ്കിലും ഇക്കാലയളവിൽ കല്യാൺ സിങിനെ കൂടാതെ രാം പ്രകാശ് ഗുപ്തയും രാജ്നാഥ് സിങും മുഖ്യമന്ത്രി പദത്തിലിരുന്നു. 2002ൽ കുറച്ചു കാലം രാഷ്ട്രപതി ഭരണം. അതിനു ശേഷം ഒരു വർഷം മായവതി മുഖ്യമന്ത്രിയായി. പിന്നീട് 2003 മുതൽ 2007 വരെ മുലായം സിങ് യാദവ്. 2007ൽ വീണ്ടും മായാവതി അധികാരത്തിലെത്തി. 2012ൽ ബിഎസ്പിയെ തോൽപ്പിച്ച് സമാജ്വാദി പാർട്ടി അധികാരത്തിലെത്തി. മുലായം സിങ്ങിന്റെ മകൻ അഖിലേഷ് യാദവാണ് മുഖ്യമന്ത്രിയായത്. 2017 മുതൽ ബിജെപിയുടെ യോഗി ആദിത്യനാഥും. എക്സിറ്റ് പോളുകൾ ശരിവെയ്ക്കുന്ന മുന്നേറ്റമാണ് ബിജെപി ഉത്തർപ്രദേശിൽ നടത്തുന്നത്. കഴിഞ്ഞ തവണ 403ൽ 312 സീറ്റിലാണ് ബിജെപി ജയിച്ചത്. ആ നമ്പറിലേക്ക് ബിജെപി എത്തുമോ എന്ന് ഇപ്പോൾ പറയാനാവില്ല.