India
ഇതൊരു സന്ദേശമാണ്: ജിഗ്നേഷ് മേവാനിക്കെതിരായ പരാതിയുടെ കാരണം വെളിപ്പെടുത്തി ബി.ജെ.പി നേതാവ്
India

'ഇതൊരു സന്ദേശമാണ്': ജിഗ്നേഷ് മേവാനിക്കെതിരായ പരാതിയുടെ കാരണം വെളിപ്പെടുത്തി ബി.ജെ.പി നേതാവ്

Web Desk
|
24 April 2022 5:55 AM GMT

'പ്രധാനമന്ത്രി നരേന്ദ്ര മോദിയെക്കുറിച്ചുള്ള നെഗറ്റീവ് പോസ്റ്റുകൾ ബി.ജെ.പി പ്രവർത്തകരെ വേദനിപ്പിക്കുന്നു'

ഗുവാഹത്തി: എം.എല്‍.എയും ദലിത് നേതാവുമായ ജിഗ്നേഷ് മേവാനിക്കെതിരെ പരാതി നല്‍കിയത് ഒരു സന്ദേശം നല്‍കാനാണെന്ന് ബി.ജെ.പി നേതാവ് അരൂപ് കുമാര്‍ ഡേ. പ്രധാനമന്ത്രി നരേന്ദ്ര മോദിയെക്കുറിച്ചുള്ള 'നെഗറ്റീവ്' പോസ്റ്റുകൾ ബി.ജെ.പി പ്രവർത്തകരെ വേദനിപ്പിക്കുന്നു. അദ്ദേഹത്തെ കുറിച്ച് ട്വീറ്റ് ചെയ്യുമ്പോൾ ആളുകൾ ശ്രദ്ധിക്കണമെന്ന് ഓര്‍മിപ്പിക്കാനാണ് പരാതി നല്‍കിയതെന്ന് അരൂപ് കുമാര്‍ എന്‍.ഡി.ടി.വിയോട് പ്രതികരിച്ചു.

ബോഡോലാൻഡ് ടെറിട്ടോറിയൽ കൗൺസില്‍ (ബി.ടി.സി) അംഗമാണ് അരൂപ് കുമാര്‍. ആരോഗ്യ കുടുംബക്ഷേമ വകുപ്പിലെ എക്‌സിക്യൂട്ടീവ് അംഗവുമാണ് അരൂപ് കുമാർ.

മേവാനിയുടെ ട്വീറ്റുകൾ താൻ വളരെക്കാലമായി പിന്തുടരുന്നുണ്ടെന്ന് അരൂപ് കുമാര്‍ പറഞ്ഞു- "ജിഗ്നേഷ് മേവാനി പോസ്റ്റുകളിലൂടെ ആളുകളെ ഭിന്നിപ്പിക്കാൻ ശ്രമിക്കുകയാണ്. പ്രധാനമന്ത്രി മോദിയെക്കുറിച്ച് എപ്പോഴും നിഷേധാത്മകമായി സംസാരിക്കുന്നു. മോദിജിയെ പ്രധാനമന്ത്രിയായി ലഭിച്ചത് നമ്മുടെ ഭാഗ്യമാണ്. അദ്ദേഹത്തിന്റെ പേര് സമീപകാല അക്രമങ്ങളുമായി ബന്ധിപ്പിക്കാൻ മേവാനി ശ്രമിക്കുന്നു. പ്രധാനമന്ത്രിയാണോ അക്രമങ്ങള്‍ക്ക് ഉത്തരവാദി? പ്രധാനമന്ത്രിയുടെ ദൈവം ഗോഡ്സെയാണെന്ന് മേവാനി പറയുന്നു. എന്ത് തെളിവാണുള്ളത്? ഞങ്ങൾ ബിജെപി പ്രവർത്തകരാണ്. മോദിജിയെക്കുറിച്ചുള്ള തെറ്റിദ്ധരിപ്പിക്കുന്നതും ഗൂഢാലോചന നടത്തുന്നതുമായ പോസ്റ്റുകളും ട്വീറ്റുകളും ഞങ്ങൾ വെച്ചുപൊറുപ്പിക്കില്ല"

മേവാനിക്കെതിരായ പരാതിയിലൂടെ ഒരു സന്ദേശം നല്‍കാന്‍ ആഗ്രഹിക്കുന്നുവെന്ന് ബിജെപി നേതാവ് പറഞ്ഞു- "ഈ പരാതിയിലൂടെ, പ്രധാനമന്ത്രി മോദിയെക്കുറിച്ച് ട്വീറ്റ് ചെയ്യുമ്പോൾ ശ്രദ്ധിക്കണമെന്ന് മറ്റുള്ളവർക്ക്, പ്രത്യേകിച്ച് ജനപ്രതിനിധികൾക്ക് സന്ദേശം നല്‍കാന്‍ ഞങ്ങൾ ആഗ്രഹിക്കുന്നു. എഫ്‌ഐആർ രജിസ്റ്റർ ചെയ്തു. ഒരു പ്രത്യേക സമുദായത്തെ പ്രകോപിപ്പിക്കാൻ മേവാനി ശ്രമിച്ചതിനാല്‍ ശക്തമായ വകുപ്പുകൾ ചുമത്തി. സമാധാനത്തിന് ആഹ്വാനം ചെയ്യാന്‍ ആർക്കും പ്രധാനമന്ത്രിയോട് അഭ്യർത്ഥിക്കാം. എന്നാൽ ഒരു സംസ്ഥാനത്തെ അക്രമത്തിന്‍റെ പേരില്‍ പ്രധാനമന്ത്രിയെ കുറ്റപ്പെടുത്താൻ കഴിയില്ല".

തന്റെ പരാതിക്ക് വരാനിരിക്കുന്ന ഗുജറാത്ത് തെരഞ്ഞെടുപ്പുമായി ഒരു ബന്ധവുമില്ലെന്ന് അരൂപ് കുമാര്‍ അവകാശപ്പെട്ടു. മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമയുടെ ഭരണത്തിന് കീഴിൽ അസമില്‍ പൊലീസ് സംവിധാനം സജീവമാണെന്ന് മേവാനിയുടെ അറസ്റ്റ് തെളിയിക്കുന്നു. ഏതെങ്കിലും ട്വീറ്റ് വർഗീയ ചേരിതിരിവ് സൃഷ്ടിക്കാൻ സാധ്യതയുണ്ടെങ്കിൽ ഈ രീതിയിൽ നടപടിയുണ്ടാകുമെന്നും അരൂപ് കുമാര്‍ പറഞ്ഞു.

'ഗോഡ്‌സെയെ ദൈവമായി കാണുന്ന പ്രധാനമന്ത്രി ഗുജറാത്തിലെ സംഘര്‍ഷങ്ങള്‍ ഇല്ലാതാക്കി സമാധാനത്തിനും സൌഹാര്‍ദത്തിനും അഭ്യര്‍ഥിക്കണം' എന്ന ട്വീറ്റിന്‍റെ പേരിലാണ് മേവാനിയെ അറസ്റ്റ് ചെയ്തത്. അറസ്റ്റ് ചെയ്ത് മേവാനിയെ അസമിലെ കൊക്രജാറിലെത്തിച്ചു. കോടതി മേവാനിയെ മൂന്ന് ദിവസത്തേക്ക് പൊലീസ് കസ്റ്റഡിയിൽ വിട്ടു. ക്രിമിനൽ ഗൂഢാലോചന, മതവികാരം വ്രണപ്പെടുത്തൽ, സമാധാന ലംഘനത്തിന് കാരണമായേക്കാവുന്ന പ്രകോപനം എന്നീ കുറ്റങ്ങളാണ് മേവാനിക്കെതിരെ ചുമത്തിയത്.

Summary- "Negative" online posts about Prime Minister Narendra Modi hurt BJP workers and people "should be careful" when tweeting about him, the Assam BJP leader on whose complaint Gujarat MLA Jignesh Mevani was arrested has told

Similar Posts