India
bjp leader attacked woman, stripped and dragged on road in west bengal
India

തൃണമൂലിൽ ചേർന്നതിന് പശ്ചിമ ബം​ഗാളിൽ യുവതിയെ നഗ്നയാക്കി മർദിച്ച് വലിച്ചിഴച്ചു; ബി.ജെ.പി നേതാവ് അറസ്റ്റിൽ

Web Desk
|
18 Aug 2024 11:09 AM GMT

യുവതി കുടുംബത്തോടൊപ്പം വീട്ടിലിരിക്കുമ്പോൾ അതിക്രമിച്ചുകയറിയ തപൻ ദാസും സംഘവും മർദിക്കുകയായിരുന്നു.

കൊൽക്കത്ത: കൊൽക്കത്തയിലെ ആർ.ജി കർ മെഡിക്കൽ കോളജിൽ യുവ വനിതാ ഡോക്ടറുടെ ക്രൂര ബലാത്സം​ഗക്കൊലയിൽ രാജ്യമാകെ പ്രതിഷേധം ശക്തമാവുന്നതിനിടെ പശ്ചിമ ബംഗാളിൽ സ്ത്രീകൾക്കു നേരെ വീണ്ടും അതിക്രമം. നന്ദിഗ്രാമിൽ ബി.ജെ.പി നേതാവ് യുവതിയെ നഗ്നയാക്കി മർദിച്ച് റോഡിലൂടെ വലിച്ചിഴച്ചു. വെള്ളിയാഴ്ച രാത്രി ഗോകുൽനഗർ ഗ്രാമപഞ്ചായത്തിലെ പഞ്ചനന്തലയിലാണ് ആക്രമണം നടന്നത്.

നന്ദിഗ്രാം ബി.ജെ.പി ബൂത്ത് പ്രസിഡന്റ് തപൻ ദാസും സംഘവുമാണ് പാർട്ടി വിട്ട് തൃണമൂൽ കോൺ​ഗ്രസിൽ ചേർന്ന യുവതിയെ ആക്രമിച്ചത്. സംഭവത്തിൽ ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തു. യുവതി കുടുംബത്തോടൊപ്പം വീട്ടിലിരിക്കുമ്പോൾ അതിക്രമിച്ചുകയറിയ തപൻ ദാസും സംഘവും മർദിക്കുകയായിരുന്നു. തുടർന്ന് വീടിന് പുറത്തേക്ക് കൊണ്ടുപോവുകയും നഗ്നയാക്കി റോഡിലൂടെ വലിച്ചിഴയ്ക്കുകയും മർദിക്കുകയുമായിരുന്നു.

സംഭവമറിഞ്ഞ് പൊലീസ് സ്ഥലത്തെത്തിയപ്പോഴേക്കും പ്രതി ഓടി രക്ഷപ്പെട്ടു. പരിക്കേറ്റ യുവതിയെ നന്ദി​ഗ്രാമിലെ സൂപ്പർ സ്പെഷ്യാലിറ്റി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. താൻ ബി.ജെ.പിയിൽ നിന്ന് തൃണമൂൽ കോൺഗ്രസിലേക്ക് മാറിയതാണ് പ്രതികൾ മർദിക്കാനുള്ള കാരണമെന്ന് യുവതി പറയുന്നു. എന്നാൽ ഇത് നിഷേധിച്ച ബി.ജെ.പി, മർദനത്തിന് കാരണം കുടുംബപ്രശ്നമാണെന്നും രാഷ്ട്രീയമല്ലെന്നും അവകാശപ്പെട്ടു.

'വെള്ളിയാഴ്ച രാത്രി മകനും മകൾക്കുമൊപ്പം വീട്ടിലിരിക്കുകയായിരുന്നു ഞാൻ. ഈ സമയം മുപ്പതിലേറെ പേർ എന്റെ വീട്ടിലേക്ക് ഇരച്ചെത്തി വാതിൽ തകർത്തു. എന്നെ പുറത്തേക്ക് വലിച്ചിഴച്ചുകൊണ്ടുപോയി ന​ഗ്നയാക്കിയ ശേഷം ക്രൂരമായി മർദിച്ചു. എന്നെയവർ കുറേദൂരം വലിച്ചിഴയ്ക്കുകയും കൊല്ലാൻ ശ്രമിക്കുകയും ചെയ്തു. വിവരമറിഞ്ഞ് പൊലീസുകാർ എത്തിയപ്പോഴേക്കും അവർ രക്ഷപെട്ടു'- ആക്രമണത്തിനിരയായ യുവതി പറഞ്ഞു.

'മുമ്പ് ബി.ജെ.പിയിലായിരുന്ന ഞങ്ങൾ ​കഴിഞ്ഞ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് തൃണമൂൽ കോൺ​ഗ്രസിൽ ചേരുകയായിരുന്നു. കുറച്ചുദിവസം മുമ്പും എനിക്കു നേരെ ആക്രമണം ഉണ്ടായിരുന്നു. അവരെന്നെ മർദിക്കുകയും ലൈം​ഗികാതിക്രമം നടത്തുകയും ചെയ്തു. സംഭവത്തിൽ ഞാൻ പൊലീസിൽ പരാതി നൽകിയിരുന്നു. വെള്ളിയാഴ്ച നടന്ന ആക്രമണം പരാതി പിൻവലിപ്പിക്കാൻ ആയിരുന്നു'- യുവതി കൂട്ടിച്ചർത്തു.

'അവരും ഭർത്താവും ബി.ജെ.പി വിട്ട് തൃണമൂലിൽ ചേർന്നു എന്നതാണ് ആ സ്ത്രീ ചെയ്ത കുറ്റം. ബി.ജെ.പിയിൽ വീണ്ടും ചേരാൻ അവർ സമ്മർദം ചെലുത്തി. വിസമ്മതിച്ചപ്പോൾ അവളെ നഗ്നയാക്കി ക്രൂരമായി മർദിച്ചു. കുറ്റവാളികൾക്ക് കർശന ശിക്ഷ നൽകണം'- നന്ദിഗ്രാം ടി.എം.സി ഭാരവാഹി ഷെയ്ഖ് സൂഫിയാൻ പറഞ്ഞു. ടി.എം.സി പ്രതിനിധി സംഘം നന്ദിഗ്രാം സന്ദർശിക്കുമെന്ന് പറഞ്ഞ മുൻ രാജ്യസഭാ എം.പി കുനാൽ ഘോഷ് എല്ലാ പ്രതികളെയും വേഗത്തിൽ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ടു.

Similar Posts